മ്യൂണിക്ക്∙ ഒക്ടോബർ ഫെസ്റ്റിന്റെ ആരവങ്ങളിൽ മ്യൂണിക് നഗരം ഉത്സവ ലഹരിയിൽ മുഴുകുമ്പോൾ, ഗതകാലസമൃദ്ധിയുടെ അയവിറക്കലും ജന്മനാട്ടിലെ കഷ്ടപ്പെടുന്നവർക്കു സാന്ത്വനവുമായി കേരളസമാജം മ്യൂണിക്ക് ഓണം ആഘോഷിച്ചു. ഓണാഘോഷത്തിലെ വരുമാനം കേരളത്തിന്റെ പുനർനിർമ്മണത്തിനു ചിലവഴിക്കാനാണ് കേരളസമാജത്തിന്റെ തീരുമാനം.

സെപ്റ്റംബർ 22 ന് ഉണ്ടർഹാഹിങ്ങിലെ ഹാഹിങ്ങ ആലിയിൽ നടന്ന ചടങ്ങ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ജനറൽ എൻ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ വിവേകാനന്ദൻ ചടങ്ങിൽ ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് ഗിരികൃഷ്ണന്റെ അധ്യക്ഷപ്രസംഗത്തിൽ സമാജത്തിന്റെ ദുരിതാശ്വാസ പ്രവർത്തങ്ങളെയും പുനർനിർമ്മാണ പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ചു.

സമാജം അംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. സമാജം അംഗങ്ങളുടെ നൃത്തകലാ പരിപാടികൾ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
കേരളസമാജം അംഗങ്ങൾക്കായി നടത്തിയ നാട്ടിലേക്ക് ഒരു ടിക്കറ്റ് സൂപ്പർ ലോട്ടോയിൽ സമാജം മെംബർ ഷാജു മണിയത്ത് വിജയിയായി. ടിക്കറ്റ് തുകയായ 700 യൂറോ ട്രഷറർ ശുഭ മേനോൻ കൈമാറി. വൈസ് പ്രസിഡന്റ് അപ്പു തോമസ് നന്ദി പറഞ്ഞു.കലാപരിപാടികൾക്ക് ശേഷം ചായസൽക്കാരത്തോടെ ഓണപരിപാടികൾ അവസാനിച്ചു.