Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നഴ്സുമാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുമെന്ന് ജര്‍മന്‍ ആരോഗ്യ വകുപ്പ് മന്ത്രി

 ജോസ് കുമ്പിളുവേലില്‍
gvrner

ബര്‍ലിന്‍∙ ജര്‍മനിയിലെ നഴ്സുമാര്‍ക്കും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികള്‍ക്കും കൂടുതല്‍ ശമ്പളം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി യെന്‍സ് സ്പാന്‍. ഈ മേഖലയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമാണുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കാനും ശമ്പള വര്‍ധന ഉപകരിക്കും. വിഷയത്തില്‍ തൊഴില്‍ വകുപ്പു മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്ലുമായി ചര്‍ച്ച നടത്തി എത്രയും വേഗം തീരുമാനത്തിലെത്താനാണ് ഉദ്ദേശിക്കുന്നതെന്നും സ്പാന്‍ വ്യക്തമാക്കി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ നഴ്സുമാര്‍ക്ക് ശമ്പളം കുറവാണ്. 

അമിത ജോലിഭാരം: മന്ത്രിക്ക് നഴ്സിന്‍റെ തുറന്ന കത്ത്

അമിത ജോലി ഭാരം സംബന്ധിച്ച് യാന ലാംഗര്‍ എന്ന നഴ്സ് ആരോഗ്യ മന്ത്രി യെന്‍സ് സ്പാന് അയച്ച തുറന്ന കത്ത് വൈറലായതോടെയാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്ത് മന്ത്രിക്ക് നേരിട്ട് മെയില്‍ ചെയ്താണ് യാന ലാംഗര്‍ താരമായത്.

ജര്‍മനിയില്‍ ഇപ്പോള്‍ തന്നെ അമ്പതിനായിരത്തിലധികം നഴ്സുമാരുടെ കുറവാണുള്ളത്. പ്രായമേറിയവരുടെ ജനസംഖ്യ വര്‍ധിച്ചു വരുമ്പോള്‍ സാധാരണ ചെയ്യേണ്ടതിന്‍റെ മൂന്നു മടങ്ങ് വരെ അധിക ജോലിയാണ് നഴ്സുമാര്‍ക്കു ചെയ്യേണ്ടി വരുന്നത്. ഷിഫ്റ്റ് സമ്പ്രദായം പതിവായതു കാരണം കുടുംബ ജീവിതവും സാമൂഹിക ജീവിതവും താറുമാറാകുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൃത്യമായ യോഗ്യതയില്ലാത്തവരെ നഴ്സുമാരായി നിയമിയ്ക്കില്ല. യോഗ്യതയില്ലെങ്കില്‍ കുറഞ്ഞ ശമ്പളത്തില്‍ ഹെല്‍പ്പര്‍മാരായി ജോലി ചെയ്യണം. എന്നാല്‍, ആരോഗ്യ വകുപ്പ് മന്ത്രിയാകാന്‍ യോഗ്യതയൊന്നും തടസമാകുന്നില്ല. ഈ മേഖലയിലെ ജോലിയെക്കുറിച്ചുള്ള ബോധ്യമായിരിക്കണം മന്ത്രിയുടെ യോഗ്യതയെന്നും യാന ലാംഗര്‍ തുറന്നെഴുതിയത് മുപ്പത്തിയേഴുകാരനായ മന്ത്രി സ്പാനെ കൂടുതല്‍  ആകര്‍ഷിച്ചു.

നഴ്സിങ് യോഗ്യതയുള്ള ജര്‍മന്‍ ഭാഷയില്‍ ബിടു ലെവല്‍ പാസായവര്‍ക്ക് ജര്‍മനിയില്‍ ജോലി തേടാവുന്നതാണ്. ഇതിനായി ജര്‍മന്‍ എംബസിയുമായോ കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെട്ട് ജോലി, വീസ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്യേണ്ടത്. ജര്‍മനിയിലേയ്ക്കു നഴ്സിങ് റിക്രൂട്ടുമെന്‍റുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തും ഏജന്‍സികളെ ജര്‍മന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ല. വ്യാജ ഏജന്‍സികളുടെ ചതിക്കുഴിയില്‍ വീഴാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.