Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രെക്സിറ്റ് വിരുദ്ധരുടെ പ്രചാരണത്തിനു ടോണി ബ്ലെയർ നേതൃത്വം നൽകിയേക്കും

Tony Blair

ലണ്ടൻ∙ രാഷ്ട്രീയ സമ്മർദങ്ങളില്ലാതെ ബ്രെക്സിറ്റ് നടപ്പിലാക്കാൻ ജനവിധി തേടി പ്രധാനമന്ത്രി തെരേസ മേ ഇടക്കാല തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ബ്രെക്സിറ്റ് വിരുദ്ധരുടെ പ്രചരണത്തിനു മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ നേതൃത്വം നൽകിയേക്കുമെന്നു സൂചന. പത്തുവർഷം പ്രധാനമന്ത്രിയായിരുന്നു ലേബർ പാർട്ടിയെ തുടർച്ചയായി മൂന്നുവട്ടം അധികാരത്തിലേറ്റിയ ടോണി ബ്ലെയർ പാർട്ടിയുടെ പ്രചാരകനായി ഇക്കുറി എന്തായാലും ഉണ്ടാകില്ല. കാരണം ലേബറും ബ്രെക്സിറ്റിനെ അനുകൂലിക്കുന്നതു തന്നെ. അധികാരത്തിലെത്തിയാൽ ബ്രക്സിറ്റ് നടപ്പിലാക്കും എന്നുതന്നെയാണുലേബറിന്റെയും നിലപാട്. അതു തെരേസ മേ ഇപ്പോൾ വിഭാവനം ചെയ്യുന്ന രൂപത്തിൽ ആയിരിക്കില്ല എന്നുമാത്രം. ഈ സാഹചര്യത്തിലാണു ബ്രെക്സിറ്റിനെ തുറന്ന് എതിർക്കുന്ന ലിബറൽ ഡെമോക്രാറ്റുകളുടെ പ്രചാരണത്തെ പരസ്യമായി പിന്തുണച്ചു ബ്ലെയർ രംഗത്തിറങ്ങാൻ സാധ്യതയേറുന്നത്. ലേബർ നേതാവ് ജെറമി കോർബിന്റെ രാഷ്ട്രീയ - സാമ്പത്തിക നയങ്ങളോടും വ്യക്തിപരമായി വിയോജിപ്പുള്ള നേതാവാണു ടോണി ബ്ലെയർ.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചയുടൻതന്നെ ബ്രെക്സിറ്റ് വിരുദ്ധരായ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടു ബ്ലെയർ പ്രസ്താവന ഇറക്കിക്കഴിഞ്ഞു. ഇതിനെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ടിം ഫാരൻ സ്വാഗതം ചെയ്തിട്ടുമുണ്ട്. ബ്രെക്സിറ്റിന്റെ ദൂഷ്യഫലങ്ങൾ വിവരിച്ച്, ഇതിനെ എതിർക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള സുദീർഘമായ പ്രസ്താവനയാണ് അദ്ദേഹം കഴിഞ്ഞദിവസം പുറത്തിറക്കിയത്. പാർട്ടി ഭേദമന്യേ ജനം ബ്രെക്സിറ്റിനെതിരെ ഒരുമിക്കണമെന്നാണു ബ്ലെയറിന്റെ ആഹ്വാനം.

നേരത്തെ ബ്രെക്സിറ്റിനെതിരെ ടോറി നേതാവും മുൻ പ്രധാനമന്ത്രിയുമായ സർ ജോൺ മേജറുമായി ചേർന്നു ബ്ലെയർ രാജ്യത്തുടനീളം പ്രചാരണം നടത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബ്ലെയറിന്റെ പുതിയ നീക്കത്തിനു ജോൺ മേജർ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. തെരേസ മേ ഉൾപ്പെടെയുള്ള നിലവിലെ ടോറി നേതൃത്വത്തോട് അടുപ്പം പുലർത്തുന്ന ജോൺ മേജർ ഇതിനു മുതിരാനുള്ള സാധ്യതയും വിരളമാണ്.

ലേബർ പാർട്ടിയുടെ മറ്റൊരു മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ച മട്ടാണ്. സ്കോട്ട്ലൻഡിൽനിന്നുള്ള ബ്രൗൺ അവിടെ പ്രവർത്തകർക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവായിരുന്നു. കഴിഞ്ഞ തിരഞ്ഞടുപ്പിൽ ലേബർ പാർട്ടിയെ നയിച്ച യുവനേതാവ് എഡ് മിലിബാൻഡ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു നേതൃസ്ഥാനം ഒഴിഞ്ഞെങ്കിലും പാർലമെന്റ് അംഗമായി പിൻബഞ്ചിൽ ഒതുങ്ങിക്കൂടിയിരുന്നു. ഡോൺകാസ്റ്ററിൽനിന്ന് ഒരിക്കൽക്കൂടി മൽസരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടണ്ട്. നേതൃസ്ഥാനത്തേക്കു തിരിച്ചുവരാനുള്ള സാധ്യത തുറന്നിടുകയാണു മൽസരത്തിലൂടെ മിലിബാൻഡ്.

ലേബർ നിരയിൽ കോർബിനൊപ്പം പ്രചാരണത്തിനു ചുക്കാൻ പിടിക്കുക അദ്ദേഹത്തിന്റെ വലംകൈയായ ഷാഡോ ചാൻസിലർ ജോൺ മക്ഡോണലും ലണ്ടൻ മേയർ സാദിഖ് ഖാനുമായിരിക്കും. ഏഷ്യൻ വംശജർക്കിടയിൽ വൻ സ്വാധീനമുള്ള സാദിഖ് ഖാന്റെ സഹായംതേടി നഗരത്തിലെ ലേബർ എംപിമാരെല്ലാം രംഗത്തുവന്നുകഴിഞ്ഞു.

ഭരണപക്ഷത്തു പ്രധാനമന്ത്രി തെരേസ മേ തന്നെയാകും സ്റ്റാർ ക്യാംപെയ്നർ. മുൻ ലണ്ടൻ മേയറും മന്ത്രിസഭയിലെ രണ്ടാമനുമായ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും പ്രചാരണത്തിനു നേതൃത്വം നൽകും. ഏഷ്യൻ വംശജരെ സ്വാധീനിക്കാൻ ക്യാബിനറ്റ് മന്ത്രി പ്രീതി പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കളും സജീവമായി പ്രചാരണത്തിനിറങ്ങും.

മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ ഇടക്കാല തിരഞ്ഞടുപ്പിനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നെങ്കിലും പാർട്ടിക്കുവേണ്ടി വോട്ടുതേടി ഇറങ്ങുന്ന കാര്യത്തിൽ മനസു തുറന്നിട്ടില്ല.

ബ്രെക്സിറ്റ് ഹിതപരിശോധനയിൽ കാമറണിനൊപ്പം റിമെയിൻ പക്ഷത്തായിരുന്ന തെരേസ മേ ഹിതപരിശോധനാഫലം എതിരായി വന്നപ്പോൾ നിലപാടുമാറ്റി പ്രധാനമന്ത്രിസ്ഥാനത്തേക്കു മൽസരിക്കുകയായിരുന്നു. ഇതിലുള്ള നീരസം ഇപ്പോഴും അദ്ദേഹത്തിനുണ്ട്. ഒരിക്കൽ ഇതു തുറന്നുപറയുകപോലും ചെയ്ത അദ്ദേഹം തെരേസയ്ക്കുവേണ്ടി വോട്ടുപിടിക്കാൻ ഇടയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.