Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തെരേസ മേയ് അവഗണിച്ച കാമറണിന്റെ വിശ്വസ്തന് പത്രാധിപരുടെ ജോലി

  ടോമി വട്ടവനാൽ
UK BCC ജോർജ് ഓസ്ബോണ്‍

ലണ്ടൻ∙ മികച്ച ധനകാര്യ സെക്രട്ടറിയും, ഡേവിഡ് കാമറണിന്റെ വിശ്വസ്തനും, അറിയപ്പെടുന്ന ധനകാര്യ വിദഗ്ധനുമായ ജോർജ് ഓസ്ബോണിന് പത്രാധിപരുടെ പുതിയ ജോലി. അധികാരസ്ഥാനങ്ങളിൽനിന്നും അകറ്റിനിർത്തുന്ന അവഗണനയോടു പൊരുത്തപ്പെടാനാണ് രാഷ്ട്രീയത്തിന് കുറച്ചുസമയം മാത്രം മാറ്റിവച്ച് ഓസ്ബോൺ പത്രാധിപരുടെ പുതിയ ജോലി ഏറ്റെടുക്കുന്നത്. ബ്രിട്ടണിലെ ഏറ്റവും പ്രചാരമേറിയ സായാഹ്ന പത്രമായ ഈവനിംങ് സ്റ്റാന്റേര്‍ഡിന്റെ എഡിറ്റോറിയൽ തലവനായാണ് ഒസ്ബോണിന്റെ പുതിയ നിയമനം.

ഓസ്ബോൺ നിരവധി യൂണിവേഴ്സിറ്റികളിൽ ഗസ്റ്റ് ലക്ചററായും ബാങ്കിംങ് സ്ഥാപനങ്ങളിൽ സാമ്പത്തിക ഉപദേശകനായും സേവനമനുഷ്ഠിച്ച് കൈപ്പറ്റുന്നത് ലക്ഷങ്ങളാണ്. ഇതിനു പുറമെയാണ് ഇപ്പോൾ പത്രാധിപരുടെ പുതിയ ജോലികൂടി ഏറ്റെടുക്കാനുള്ള തീരുമാനം.

ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നട്ടംതിരിഞ്ഞപ്പോൾ അതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിച്ച രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൺ. ഈ സാമ്പത്തിക പ്രതിസന്ധിയിൽനിന്നും ബ്രിട്ടണെ കരകയറ്റിയത് ആറുവർഷക്കാലം ഡേവിഡ് കാമറണിന്റെ ധനമന്ത്രിയായിരുന്ന ഓസ്ബോണാണ്. കാമറണിന്റെ പിൻഗാമിയായി രാഷ്ട്രീയ നിരീക്ഷകർ കണ്ടിരുന്ന യുവസുന്ദരനായ ഈ രാഷ്ട്രീയ നേതാവിന് പക്ഷേ, തെരേസ മേയ് മന്ത്രിസഭയിൽ സ്ഥാനമേ ഉണ്ടായില്ല. ഇതോടെ ഭരണപക്ഷത്തെ പിൻബഞ്ചിലേക്കു വലിഞ്ഞ അദ്ദേഹം പക്ഷേ രാഷ്ട്രീയം വിടുന്നില്ല. നാൽപത്തഞ്ചുവയസ് രാഷ്ട്രീയത്തിൽ പ്രായമല്ലെന്ന് അറിയാവുന്ന അദ്ദേഹം കാത്തിരിപ്പിന്റെ വിരസതയകറ്റാൻകൂടിയാണ് പുതിയ കർമമണ്ഡലം തേടുന്നത്.

പുതിയ സ്ഥാനം ഏറ്റെടുക്കുമ്പോഴും എംപി സ്ഥാനം ഒഴിയാൻ അദ്ദേഹം തയാറല്ല. ആഴ്ചയിൽ നാലുദിവസമാകും പത്രാധിപരുടെ ജോലിയ്ക്കായി സമയം നീക്കിവയ്ക്കുക. ബാക്കിസമയം പാർലമെന്ററി പ്രവർത്തനങ്ങൾക്കും മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുമായി ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ രാഷ്ട്രീയത്തിൽ തുടർന്നുകൊണ്ടുള്ള മുൻമന്ത്രിയുടെ പത്രാധിപ ജോലിയെ പ്രതിപക്ഷം പരിഹസിക്കുകയാണ്. ഈവർഷത്തെ ഏറ്റവും വലിയ തമാശയാണിതെന്നായിരുന്നു പ്രതിപക്ഷനേതാവ് ജെറമി കോർബിന്റെ പ്രതികരണം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ചെഷയറിലെ ടാറ്റൺ മണ്ഡലത്തിൽ ഉടൻ ഉപതെരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിഷ്പക്ഷമായ പത്രപ്രവർത്തനത്തെ പരിഹസിക്കുന്നതിനു തുല്യമാണിതെന്നും കോർബിൻ ചൂണ്ടിക്കാട്ടി.

പ്രതിവർഷം രണ്ടുലക്ഷം ‌പൗണ്ട് ശമ്പളത്തിനാണ് അദ്ദേഹം പുതിയ ജോലി ഏറ്റെടുക്കുന്നത് എന്നാണ് റിപ്പോർട്ട്. എം.പി എന്ന നിലയിൽ 74,962 പൗണ്ടാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. ഇതിനു പുറമേ 650,000 പൗണ്ടിന് ബ്ലാക്ക് റോക്ക് ഇൻവസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ഉപദേശകനായും സേവനം അനുഷ്ഠിക്കുന്നുണ്ട്. നോർത്തേൺ പവർഹൗസ് പാട്ണർഷിപ്പ് ചെയർമാൻ, മക് കെയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോ, വാഷിങ്ടൻ സ്പീക്കേഴ്സ് ബ്യൂറോ എന്നിവിടങ്ങളിലും അദ്ദേഹം സാമ്പത്തിക വിദഗ്ധനെന്ന നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ലക്ഷങ്ങൾ വരുമാനമുള്ള ജോലികളുമാണ്.

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പത്രങ്ങളിലൊന്നിന്റെ സാരഥിയാകാൻ ലഭിച്ച അവസരം അഭിമാനത്തോടെയാണ് കാണുന്നതെന്നും വലിയൊരു ബഹുമതിയായാണ് ഈ നിയമനത്തെ സ്വീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.