Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘ബ്രക്സിറ്റ് പാർട്ടി’; ബ്രിട്ടനിൽ പുതിയ പാർട്ടിയുണ്ടാക്കി പഴയ ‘യുക്കിപ്’ നേതാവ് ഫെറാജ്

Nigel-Farage നൈജൽ ഫെറാജ്

ലണ്ടൻ ∙‘ബ്രക്സിറ്റ് പാർട്ടി’എന്ന പേരിൽ ബ്രിട്ടനിൽ പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി പഴയ യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടി (യുകെഐപി.) അഥവാ ‘യുക്കിപ്’ നേതാവ് നൈജൽ ഫെറാജ്. യൂറോപ്യൻ പാർലമെന്റ് അംഗമായ നൈജൽ മേയ് 23നു നടക്കുന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് പുതിയ പാർട്ടിക്ക് രൂപം നൽകിയിരിക്കുന്നത്. യുക്കിപ്പിന്റെ പ്രതിനിധിയായാണ് കഴിഞ്ഞതവണ നൈജൽ യൂറോപ്യൻ പാർലമെന്റിലെത്തിയത്. പിന്നീട് യുക്കിപ്പ് വിട്ട അദ്ദേഹം നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലായിരുന്നു. 

സ്വന്തം വാഹനം എന്നനിലയിലാണ് നൈജൽ പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നതെന്നാണ് തീവ്ര വലതുപക്ഷ നിലപാടുകാരായ യുക്കിപ്പിന്റെ നിലപാട്. വിമർശനങ്ങളെ തള്ളിക്കളയുന്ന നൈജൽ എങ്ങനെയും ബ്രക്സിറ്റ് നടപ്പാക്കുക എന്നതാണ് തന്റെ പുതിയ പാർട്ടിയുടെ നിലപാടെന്ന് വ്യക്തമാക്കി. 2016ലെ ബ്രക്സിറ്റ് ഹിതപരിശോധനയിൽ ലീവ് ക്യാംപയിന്റെ നേതൃത്വം ഏറ്റെടുത്ത യുക്കിപ്പിന്റെ പടനായകനായിരുന്നു നൈജൽ ഫെറാജ്. 

തീവ്ര വലതുപക്ഷ നിലപാടിലൂടെയും വർഗീയ പരാമർശങ്ങളിലൂടെയും കത്തിക്കയറി പ്രചുരപ്രചാരം നേടിയ അദ്ദേഹം എന്നാൽ ഹിതപരിശോധനാഫലം അനുകൂലമായതോടെ തന്റെ ദൗത്യം പൂർത്തിയായി എന്നു പ്രഖ്യാപിച്ച് പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞു. പിന്നീട് ശക്തമായ നേതൃത്വമില്ലാതെ വലഞ്ഞ യുക്കിപ് അടിയ്ക്കടി ക്ഷീണിച്ചതോടെ അദ്ദേഹം പാർട്ടിയിൽ സജീവമല്ലാതായി. എങ്കിലും പാർട്ടിയിലൂടെ നേടിയ യൂറോപ്യൻ പാർലമെന്റ് അംഗത്വം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. 

ഇപ്പോൾ ബ്രക്സിറ്റ് നടപ്പിലാക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയപാർട്ടിയുമായുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം. ബ്രക്സിറ്റിനായുള്ള പാർട്ടിയെന്നാണ് പേരെങ്കിലും യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള മാർഗമെന്ന നിലയിലാണ് പാർട്ടിയുടെ രൂപീകരണമെന്ന വിമർശകരുടെ വാദത്തിന് കഴമ്പില്ലാതില്ല.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തായ നൈജൽ ഫെറാജ് ട്രംപിനായി ന്യൂയോർക്ക് ഉൾപ്പെടെയുള്ള  വിവിധ നഗരങ്ങളിൽ പ്രചാരണത്തിനെത്തുകയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയുടൻ വാഷിംങ്ടണിലെത്തി അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള പരമ്പരാഗത നയതന്ത്ര സൗഹൃദം വഷളാക്കാൻപോലും ഇവർ തമ്മിലുള്ള അടുപ്പം കാരണമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.