Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബോയിങ് 737 മാക്സ്-8 വിമാനങ്ങൾക്ക് ഇന്ത്യയിലും യൂറോപ്പിലും വിലക്ക്

Boeing 737 Max 8

ലണ്ടൻ∙ എത്യോപ്യൻ വിമാനം തകർന്നുവീണ് 157 പേർ മരിക്കാനിടയായ സാഹചര്യത്തിൽ ബോയിങ് 737 മാക്സ്-8 ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ യൂറോപ്യൻ യൂണിയന്റെ തീരുമാനം. ഇന്ത്യയും ഇവയ്ക്ക് ഇന്നലെ മുതൽ വിലക്ക് ഏർപ്പെടുത്തി.  ബ്രിട്ടൺ ഉൾപ്പെടെയുള്ള ഇരുപതു രാജ്യങ്ങൾ അപകടത്തിന്റെ പശ്ചാത്തലത്തിൽ  ഈ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ 28 രാജ്യങ്ങൾ അടങ്ങുന്ന യൂറോപ്യൻ യൂണിയന്റെയും ഇന്ത്യയുടെയും തീരുമാനം. 

വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതു വരെയാണ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അഞ്ചുമാസത്തിനിടെ സാങ്കേതിക തകരാറുമൂലം ഈ ശ്രേണിയിൽപ്പെട്ട രണ്ട് വിമാനങ്ങൾ അപകടത്തിനിരയായ സാഹചര്യത്തിലാണ് ഇത്തരമൊരു വിലക്ക് ബോയിങ്ങിന് നേരിടേണ്ടി വന്നത്. എന്നാൽ വിമാനത്തിന്റെ സുരക്ഷയ്ക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് അമേരിക്കൻ അധികൃതരുടെ വിശദീകരണം. 

മുൻകരുതൽ നടപടി എന്ന നിലയിലാണ് ഈ വിമാനങ്ങൾക്കെതിരെ  സസ്പെൻഷൻ നടപടി സ്വീകരിച്ചത് എന്നാണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി വ്യക്തമാക്കുന്നത്. യൂറോപ്യൻ യൂണിയൻ തീരുമാനം വരുന്നതിനു മുൻപ് തന്നെ യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയും വിലക്ക് പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിലെ മറ്റു പല രാജ്യങ്ങളും സ്വന്തം നിലയിലും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.  

ഇന്ത്യയിൽ വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത് നിർത്തിവയ്ക്കാൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. 

യൂറോപ്യൻ യൂണിയനും ഇന്ത്യയ്ക്കും പുറമേ ചൈന, സൗത്ത് ആഫ്രിക്ക, മൊറോക്കോ, എത്യോപ്യ, സിങ്കപ്പൂർ, ഇന്തോനേഷ്യ, പ്രസീൽ, മംഗോളിയ, അർജന്റീന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഇത്തരം വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യയിൽ സ്പൈസ് ജെറ്റ്, ജെറ്റ് എയർവേസ് തുടങ്ങിയ വിമാനക്കമ്പനികൾ നിരവധി ബോയിംങ് 737 മാക്സ് വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കുന്നുണ്ട്. ഉത്തരവിനു പിന്നാലെ ഇന്ത്യയിൽ സ്പൈസ് ജെറ്റ് 13 വിമാനങ്ങൾ സർവീസിൽനിന്നും പിൻവലിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.