Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുവാക്കളുടെ രൂപതയായ സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ വളർച്ചയുടെ പാതയിലെ പ്രതീക്ഷ: മാർ ആൻഡ്രൂസ് താഴത്ത്

syro-malabar

പ്രിസ്റ്റൺ∙ തിരുസഭയുടെ ഭാവിയും നിലനിൽപും യുവാക്കളിലാണെന്നു തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. സിറോ മലബാർ സഭയുടെ ഭാവിയിൽ പ്രവാസികളുടെ പങ്ക് ഏറെ വലുതാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അംഗങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണെന്നത് ഏറെ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ സ്ഥാപനത്തിന്റെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും  രണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രിസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ മുഖ്യകാർമികനായി സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

രൂപതയിലെ വൈദികർ അർപ്പിച്ച സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആമുഖ സന്ദേശം നൽകി. രൂപതയിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി പറയണ്ട സമയമാണിതെന്നും രൂപതയുടെ വളർച്ചക്കുവേണ്ടി അംഗങ്ങള്‍ പ്രത്യേകം പ്രാർഥിക്കണമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .

വിശുദ്ധ കുർബാനക്കുശേഷം രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തിയ വൈദികരുടെയും അൽമായ പ്രതിനിധികളുടെയും സമ്മേളനംനടന്നു. ഫാ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തിൽ യാത്രയയപ്പു നൽകി. വിവിധ റീജിയനൽ കോഓർഡിനേറ്റേഴ്‌സായ വൈദികരുടെ നേതൃത്വത്തിൽ അൽമായ പ്രതിനിധികളുടെ റീജിയനൽ സമ്മേളനവും നടന്നു.

ഒക്ടോബർ ഇരുപതുമുതൽ നവംബർ നാലുവരെ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന ബൈബിൾ കൺവെൻഷൻ, നവംബർ പത്തിന് ബ്രിസ്റ്റോളിൽ നടത്തുന്ന രണ്ടാമത് രൂപത ബൈബിൾ കലോത്സവം, ബിർമിങ്ങാമിലെ ബെഥേൽ കൺവൻഷൻ സെന്ററിൽ ഡിസംബർ ഒന്നിന് നടക്കുന്ന കുട്ടികളുടെ കൺവെൻഷൻ,  കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദർശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ രൂപതാധ്യക്ഷൻ സമ്മേളനത്തിൽ അറിയിച്ചു. 

പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ.ഡോ. തോമസ് പാറയടി, വികാരി ജനറാൾമാരായ ഫാ. സജിമോൻ മലയിൽപുത്തൻപുര, ഡോ.മാത്യു ചൂരപൊയ്കയിൽ, ഡോ. മാത്യു പിണക്കാട് ഡോ.വർഗീസ് പുത്തൻപുരയ്ക്കൽ, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള രൂപത ഗായകസംഘം തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.