Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിട്ടനിലെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലേക്ക്; 42,000 നഴ്സുമാരുടെ ഒഴിവ്

nhs-hospital-britan

ലണ്ടൻ∙ ആവശ്യത്തിനു ഡോക്ടർമാരും നഴ്സുമാരും ഇല്ലാതെ ബ്രിട്ടനിലെ ആരോഗ്യമേഖലയുടെ പ്രവർത്തനം അവതാളത്തിലെന്നു റിപ്പോർട്ട്. അടിയന്തരമായി ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ടിൽ 11.8 ശതമാനം നഴ്സുമാരുടെ ഒഴുവുകൾ നികത്താതെ കിടക്കുന്നു. 42,000 നഴ്സുമാരുടെ കുറവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡോക്ടർമാരുടേത് 9.3 ശതമാനവും (‌11,500 ഒഴിവ്).

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെയെല്ലാം കണക്കെടുത്താൽ ആകെ 9.2 ശതമാനം പോസ്റ്റുകളും (ഏകദേശം 108,000 ഒഴിവ്) നികത്താതെ കിടക്കുകയാണ്. ഏപ്രിൽ മുതൽ ജൂൺവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി എൻഎച്ച്എസ് ഇംപ്രൂവ്മെന്റ് റഗുലേറ്റർ പുറത്തുവിട്ട കണക്കിലാണു ഗുരുതരമായ സ്ഥിതിവിശേഷം വ്യക്തമാക്കിയിട്ടുള്ളത്. മുൻപ് സമാനമായ സാഹചര്യം ഉണ്ടായപ്പോഴെല്ലാം‌ം സർക്കാർ ഇടപെട്ട് താൽകാലികമായി പരിഹരിക്കാൻ മാത്രമാണ് ശ്രമിച്ചത്. താൽകാലിക ജീവനക്കാരെയും ഏജൻസി സ്റ്റാഫിനെയും വച്ചുള്ള പരിഹാരം പക്ഷേ, പല ട്രസ്റ്റുകൾക്കും അധികച്ചെലവ് മാത്രമാണ് വരുത്തിവച്ചത്. സ്ഥിതിഗതികൾ രൂക്ഷമാക്കുകയും ചെയ്തു. ആശുപത്രികൾ, ആംബുലൻസ് സർവീസ്, മെന്റൽ ഹെൽത്ത് സർവീസ് എന്നിയെല്ലാം ഇത്തരത്തിൽ ഇപ്പോൾ അധികബജറ്റിലാണ് പ്രവർത്തിക്കുന്നത്. 

ഒട്ടും പ്രതീക്ഷ നൽകാത്ത റിപ്പോർട്ടാണു റഗുലേറ്റർ പുറത്തുവിട്ടിരിക്കുന്നതെന്ന് റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ.) വക്താക്കൾ പ്രതികരിച്ചു. നഴ്സുമാരുടെ ഒഴുകളിൽ മാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടെ 17 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. സർക്കാർ അടിയന്തരമായി ഇടപെടേണ്ട സ്ഥിതിയാണെന്നും ആർസിഎൻ വക്താവ് വ്യക്തമാക്കി. നഴ്സമാരുടെ കുറവ് ദേശീയ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

നഴ്സുമാരുടെ കുറവു പരിഹരിക്കാൻ വിദേശ റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള മാർഗങ്ങൾ സർക്കാർ അവലംബിച്ചെങ്കിലും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം തെളിയിക്കാനുള്ള ടെസ്റ്റിൽ ഉയർന്ന സ്കോർ മാനദണ്ഡമാക്കി നിലനിർത്തിയത് ആവശ്യത്തിന് ആളുകളെ കിട്ടാത്ത സാഹചര്യം സൃഷ്ടിച്ചു. ഇന്ത്യയിൽ നിന്നുൾ പ്പെടെ പല രാജ്യങ്ങളിൽ നിന്നും റിക്രൂട്ട്മെന്റിനു പോയ ഏജൻസികൾക്ക് ഐഇഎൽടിഎസിന് നിർദിഷ്ട (ശരാശരി ഏഴ്) സ്കോർ ലഭ്യമായവരെ വേണ്ടത്ര കണ്ടെത്താനായില്ല. അടുത്തിടെ റിക്രൂട്ട്മെന്റ് വ്യവസ്ഥകളിൽ ചില ഇളവുകൾ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൌൺസിൽ (എൻഎംസി) അനുവദിച്ചിരുന്നെങ്കിലും അതും ഏറെപ്പേർക്ക് ഗുണകരമായില്ല. 

ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽനിന്നും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും എത്താൻ മടിക്കുന്നതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കാൻ പ്രധാന കാരണം. നിലവിലുണ്ടായിരുന്ന പലരും മടങ്ങിപ്പോകുകയും ചെയ്തു. 

ഐഇഎൽടിഎസിന് നാലു മൊഡ്യൂളിനും കുറഞ്ഞത് ഏഴു പോയിന്റും ഇതിനു പകരമായുള്ള ക്കിപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് (ഒഇടി.) നാലു മൊഡ്യൂളിനും ബി ഗ്രേഡുമാണ് വിദേശ റിക്രൂട്ട്മെന്റിന് എൻഎംസി. നിഷ്കർഷിക്കുന്നത്. ഇതിൽ ഇളവു വരുത്തിയാൽ മാത്രമേ ആവശ്യത്തിനു നഴ്സുമാരെ ബ്രിട്ടന് ലഭിക്കൂ. ഇംഗ്ലീഷ് ഭാഷയിൽതന്നെ നഴ്സിങ് പഠനം പൂർത്തിയാക്കി വർഷങ്ങളുടെ അനുഭവജ്ഞാനം  കൈമുതലായുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാർ പലരും ഇംഗ്ലീഷ് യോഗ്യതാ പരീക്ഷയെന്ന കടമ്പയിലാണ് ബ്രിട്ടനിലെ ജോലി സ്വപ്നം ഉപേക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.