Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അഭ്യൂഹങ്ങൾക്ക് വിരാമം; ബ്രക്സിറ്റ് പൂർത്തിയാകും വരെ മാർക് കാർണി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ

ടോമി വട്ടവനാൽ
Mark-Carney

ലണ്ടൻ ∙ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി 2020 ജനുവരി അവസാനം വരെ മാർക് കാർണി തുടരും. ചാൻസിലർ ഫിലിപ് ഹാമണ്ടാണ് ഏഴുമാസംകൂടി  അദ്ദേഹത്തിന് കാലാവധി നീട്ടിനൽകാനുള്ള തീരുമാനം അറിയിച്ചത്. സർക്കാർ തീരുമാനം മാർക് കാർണി അംഗീകരിച്ചു. ഇതിനകം ബ്രക്സിറ്റ് ചർച്ചകൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരും. മാർക് കാർണിയുടെ പിൻഗാമിയെ കണ്ടെത്താനും സർക്കാരിന് ഇതിലൂടെ ആവശ്യമായ സാവകാശം ലഭിക്കും. 

മെർവിൻ കിംങ്ങിന്റെ പിൻഗാമിയായി 2013ലാണ് കനേഡിയൻ വംശജനായ മാർക് കാർണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായെത്തിയത്. അഞ്ചുവർഷത്തെ കരാറിൽ ചുമതലയേറ്റ കാർണിക്ക് ഇത് രണ്ടാംതവണയാണ് സർക്കാർ കാലാവധി നീട്ടി നൽകുന്നത്. ഈ വർഷം കാലാവധി തീരുന്ന അദ്ദേഹം ഒരു വർഷംകൂടി ചുമതലയിൽ തുടരാൻ സന്നദ്ധനാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് 2019 ജൂണിൽ സ്ഥാനമൊഴിയാനിരിക്കെയാണ് സർക്കാർ അഭ്യർഥനപ്രകാരം 2020 ജനുവരി വരെ അദ്ദേഹം സർവീസിൽ തുടരുന്നത്. 

ബ്രക്സിറ്റിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ സാമ്പത്തികരംഗം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ പുതിയൊരാൾ ഗവർണറായെത്തുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലാണ് കാർണിയോട് തുടരാൻ അഭ്യർഥിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ചത്. യൂറോപ്പിനെയും അമേരിക്കയെയും പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്നും ബ്രിട്ടീഷ് സമ്പദ്ഘടനയെ കരകയറ്റിയത് മാർക് കാർണിയുടെ ശക്തമായ നടപടികളും നേതൃത്വവുമായിരുന്നു. കാലാവധി നീട്ടാനുള്ള തീരുമാനം യോജിച്ച പിൻഗാമിയെ കണ്ടെത്താനും സർക്കാരിന് സാവകാശം നൽകും. ഷാഡോ ചാൻസിലർ ജോൺ മക്ഡോണൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. 

ഇന്ത്യയുടെ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ ഉൾപ്പെടെയുള്ള നിരവധി രാജ്യാന്തര പ്രശസ്തരായ സാമ്പത്തിക വിദഗ്ധരെ മാർക് കാർണിയുടെ പിൻഗാമിയായി ബ്രിട്ടീഷ് സർക്കാർ നേരത്തെ പരിഗണിച്ചിരുന്നു. ഇവയെല്ലാം തൽകാലത്തേക്ക് നിർത്തിവച്ചാണ് ഇപ്പോൾ അദ്ദേഹത്തെ തന്നെ നിലനിർത്താനുള്ള തീരുമാനം. 

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ  300 വർഷത്തെ ചരിത്രത്തിൽ വിദേശിയായ ആദ്യത്തെ ഗവർണറാണ് മാർക് കാർണി. 2008 മുതൽ അഞ്ചര വർഷക്കാലം ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായിരുന്നു അദ്ദേഹം. അതിനുശേഷമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെത്തിയത്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദവും ഓക്സ്ഫെഡിൽനിന്ന് ഡോക്ടറേറ്റും നേടിയിട്ടുള്ള മാർക് കാർണി ലോകത്തെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.