Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാദർ ജോസഫ് പാലക്കൽ ഇംഗ്ലണ്ട് സന്ദർശിക്കുന്നു

ഷൈമോൻ തോട്ടുങ്കൽ
fr-joseph

ലണ്ടൻ∙ മാർത്തോമാ നസ്രാണികളുടെ പാരമ്പര്യ ആരാധന ഭാഷയായ സുറിയാനി ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന ഫാ ജോസഫ് പാലക്കൽ ഇംഗ്ലണ്ട് സന്ദർശിക്കുന്നു. ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രഭാഷണങ്ങളിലും ക്ളാസുകളിലും സംബന്ധിക്കുന്ന അദ്ദേഹം ശനിയാഴ്ച ഗ്ലോസ്റ്ററിൽ  പ്രത്യേക പഠന ക്ലാസിൽ പ്രഭാഷണം നടത്തുന്നുണ്ട്. ജൂലൈ  10നു ലണ്ടൻ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് സെന്റർ ഓഫ് വേൾഡ് ക്രിസ്ത്യാനിറ്റിയിൽ അദ്ദേഹം പ്രസംഗിക്കുകയും സുറിയാനി ഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തുടർന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ 11ന് ലോകോത്തര സുറിയാനി സമ്മേളനമായ  ആറാം കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചു .ഈ രണ്ടു അക്കാദമിക് പരിപാടികളിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഇംഗ്ലണ്ടിലെയും രാജ്യാന്തര തലത്തിലെയും വിദഗ്ധർ മുക്തകണ്ഠം പ്രശംസിച്ചു . 

രാജ്യാന്തര തലത്തിൽ അക്കാദമിക് വിദഗ്ധർ അന്യം നിന്നു പോയ സുറിയാനി ഭാഷയെയും സംസ്കാരത്തെയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ സിറോ മലബാർ സഭയിൽ ഈ ഭാഷയും സംഗീതവും സജീവമായി നിലനിൽക്കുന്നത് പ്രശംസക്ക് പാത്രമായി.

മാർത്തോമാ നസ്രാണികളുടെ പരമ്പരാഗതമായ  ആരാധനാ ഭാഷയായ അരമായ സുറിയാനിയുടെ പ്രാധാന്യവും പ്രത്യേകതകളും ലോകത്തിനു മുൻപിൽ പ്രഘോഷിക്കുവാൻ ഫാദർ പാലക്കൽ എന്നും മുന്നിലുണ്ട്.

ഭാരതത്തിലെ മാർത്തോമാ നസ്രാണികളുടെ അരമായ സുറിയാനി ഉച്ചാരണം മിശിഹായുടെ കാലത്തെയും അതിനു ,മുമ്പുള്ള കാലത്തേയും അരമായ ഭാഷയുടെ ഉച്ചാരണത്തിനു സാദൃശ്യമാണ് എന്നത് മാർത്തോമാ നസ്രാണികളുടെ പൗരാണികതയുടെയും  നസ്രായ തനിമയുടെയും ശക്തമായ തെളിവാണ്.

ആരാധനക്രമം മലയാളത്തിലാക്കിയപ്പോൾ ഫാദർ ആബേലിന്റെ ശുഷ്കാന്തിയിൽ പഴയ സുറിയാനി ഗീതങ്ങൾ അതിന്റെ തനിമയിലും ട്യൂണിലും നടപ്പാക്കിയെങ്കിലും കാലക്രമേണ വിവിധ കാരണങ്ങളാൽ പടിപടിയായി സുറിയാനി പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ചു പോയതായി കാണാം.

സിറോ മലബാർ സഭയുടെ  തനിമയും വ്യക്തിത്വവും വീണ്ടെടുക്കണം എന്നുള്ള രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആഹ്വാനം ആഗോള കത്തോലിക്ക സഭയുടെ ആരാധനാ സാംസ്‌കാരിക സമ്പന്നതയെ പ്രഘോഷിക്കുന്നതാണ്.വിവിധ ആരാധനാ സാംസ്‌കാരിക പാരമ്പര്യങ്ങൾ ആഗോള കത്തോലിക്ക സഭയുടെ സമ്പന്നമായ കത്തോലിക്കാ മുഖമാണ് കാണിക്കുന്നത് . സുറിയാനി ആരാധനാ സാംസ്‌കാരിക പാരമ്പര്യത്തിൽനിന്നുള്ള ഏതു വ്യതിചലനത്തെയും വിവിധ മാർപാപ്പാമാർ അതാതുകാലങ്ങളിൽ  ശക്തമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട് . ഇത്തരുണത്തിൽ ഫാദർ പാലക്കലിന്റെ സേവനങ്ങളും ശ്രമങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നു .

നാം കാലാകാലങ്ങളായി കൈവിട്ടു കളഞ്ഞ നസ്രാണി വ്യക്തിത്വവും സുറിയാനി പാരമ്പര്യങ്ങളും വീണ്ടെടുക്കണമെന്നുള്ള നിരവധി മാർപാപ്പാമാരുടെയും ആഹ്വാനങ്ങളെ ഊട്ടി ഉറപ്പിച്ചുകൊണ്ടു ജോസഫ് പാലക്കൽ അച്ചൻ അന്യം നിന്നുപോയ പഴയ സുറിയാനി ഗീതങ്ങളും ട്യൂണുകളും പ്രചരിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ശുഭോദർക്കമാണ് .

വളരെ എളുപ്പം ഏവർക്കും പാടുവാൻ സാധിക്കുന്ന ഗീതങ്ങൾ ആരാധനാക്രമത്തിൽ ഉൾപ്പെടുത്തി അച്ചൻ നയിക്കുന്ന ഈ സഭാ നവീകരണ ശുശ്രൂഷ മാർത്തോമാ നസ്രാണി കത്തോലിക്കരായ സിറോ മലബാർ സഭയുടെ  വ്യക്തിത്വത്തെ വീണ്ടെടുക്കുന്ന ഒന്നാണ് .

ബ്രിട്ടനിലെ സിറോ മലബാർ എപ്പാർക്കിയുടെ ആഭ്യമുഖ്യത്തിൽ ഒരു രാജ്യാന്തര സുറിയാനി സംഗീത സമ്മേളനം ഗ്‌ളൗസ്റ്ററിൽ ജൂലൈ 14ന് ഉച്ചകഴിഞ്ഞു നടത്തുന്നു . ബ്രിട്ടനിലെ സിറോ മലബാർ എപ്പാർക്കിയുടെ അധ്യക്ഷനായ മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷത വഹിക്കുന്ന  പ്രസ്തുത സമ്മേളനത്തിൽ പാലക്കൽ അച്ഛനോടൊപ്പം സുറിയാനി ഭാഷ പിറന്ന നാടും പിതാവായ അബ്രാഹത്തിന്റെ നാടുമായ ഇറാക്കിൽ നിന്നും  ഇറ്റലിയിൽ നിന്നും സ്വിറ്റസർലണ്ടിൽ നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുക്കുന്നു .ഇതോടൊപ്പം ഒരു സുറിയാനി ഗാന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് . ദൈവ ശാസ്ത്രജ്ഞനും ഗാനരചയിതാവുമായിരുന്ന കടവിൽ ചാണ്ടി കത്തനാരുടെ നാമത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് .

സിറോ മലബാർ സഭയുടെ ആരാധനാ സാംസ്‌കാരിക പാരമ്പര്യത്തിന്റെ സമ്പന്നതയെ മനസിലാക്കുവാൻ ഏവരും ഈ അവസരം പ്രയോജനപ്പെടുത്തി ഈ സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കുവാൻ ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ സഭയുടെ സഭ പഠന വിഭാഗത്തിന്റെ ഡയറക്ടറായ ഫാദർ ജോയി വയലിൽ ആഹ്വാനം ചെയ്യുന്നു .

സമ്മേളനം നടക്കുന്ന സ്ഥലം  ഗ്ലോസ്റ്ററിലെ മാറ്റസൺ അവന്യൂ  മാറ്റസൺ ബാപ്റ്റിസ്റ്റ് ചർച്ച് ഹാൾ (GL4 6LA)

കൂടുതൽ വിവരങ്ങൾക്ക് . ഡോ . മാർട്ടിൻ . 07939101745

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.