Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇംഗ്ലീഷ് കൗണ്ടിയിൽ ആവേശമാകാൻ കോഹ്ലി എത്തുന്നു; മൂന്ന് ഏകദിനങ്ങളും മൂന്ന് ടെസ്റ്റും കളിക്കും

ടോമി വട്ടവനാൽ
Virat-Kohli

ലണ്ടൻ ∙ വേനൽ ചൂടിൽ ഇംഗ്ലീഷ് ക്രിക്കറ്റ് മൈതാനങ്ങളെ ആവേശം കൊള്ളിക്കുന്ന കൗണ്ടി മാച്ചുകളിൽ ഇക്കുറി താരമാകുന്നത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വിവിധ കൗണ്ടി ടീമുകളുമായി ഇക്കുറി കരാറൊപ്പിട്ട വിദേശ കളിക്കാരിൽ ഏറ്റവും താരമൂല്യമുള്ളത് ഇന്ത്യൻ ക്യാപ്റ്റനാണ്. സറൈ ടീമാനായാണ് മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റ് മാച്ചുകളിലും കോഹ്ലി ബാറ്റേന്തുക. ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ ഇംഗ്ലീഷ് കൌണ്ടിയിൽ കളിക്കാനെത്തുന്ന രണ്ടാമത്തെ താരമാണ് കോഹ്ലി. രണ്ടായിരത്തിൽ ലങ്കാഷെയറിനുവേണ്ടി കളിച്ച സൗരവ് ഗാംഗുലിയാണ് കൗണ്ടിയിൽ ഏറ്റവും ഒടുവിൽ പാഡണിഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ. 

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും അമ്പതിലേറെ റൺ റേറ്റുള്ള ഇന്ത്യൻ ക്യാപ്റ്റന്റെ സാന്നിധ്യം സറൈ ടീമിന് കരുത്താകുമെന്നുറപ്പാണ്. സറൈ ടീമിന്റെ മാച്ചുകൾക്കെല്ലാം ഗാലറികൾ ഇന്ത്യൻ ക്രിക്ക്രറ്റ് ആരാധകരെക്കൊണ്ട് നിറയാനും കോഹ്ലിയുടെ സാന്നിധ്യം സഹായിക്കും. മുൻ ഇഗ്ലീഷ് ക്യാപ്റ്റൻ ഡേവിഡ് ഗവർ ഉൾപ്പെടെയുള്ളവർ കോഹ്ലിയുടെ തീരുമാനത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിന്  ഊർജം പകരുന്ന നടപടിയായാണ് ഇതിനെ എല്ലാവരും കാണുന്നത്. 

മുൻ ഇംഗ്ലീഷ് നായകനും സറൈ ക്രിക്കറ്റ് ഡയറക്ടറുമായ  അലക്സ് സ്റ്റുവർട്ട് മുൻകൈയെടുത്താണ് കോഹ്ലിയെ ടീമിലെത്തിച്ചത്. ജൂൺ ഒന്നിന് കെന്റിനെതിരേ ബക്കിങ്ങാമിലും ജൂൺ മൂന്നിന് മിഡിൽസെക്സിനെതിരേ ലോഡ്സിലും ജൂൺ ആറിന് ഗ്ലാമോർഗനെതിരേ ഓവലിലുമാണ് സറൈയ്ക്കുവേണ്ടി കോഹ്ലി ഏകദിനങ്ങൾ കളിക്കുക. 

ജൂൺ 9-12 വരെ ഹാംഷെയറിലും 20-23 വരെ സോമർസെറ്റിലും 25-28വരെ യോർക് ഷെയറിലുമാണ് ടെസ്റ്റ് മൽസരങ്ങൾ. ഇതുകൂടാതെ സറൈ ടീം ഗ്രൂപ്പ് സ്റ്റേജിൽനിന്നും വൺ ഡേ കപ്പിന്റെ ഫൈനൽ മൽസരങ്ങളിലേക്ക് എത്തിയാൽ അതിലും കോഹ്ലിയാകും ബാറ്റിങ്ങിന് ചുക്കാൻ പിടിക്കുക. 

ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പരമ്പരയ്ക്കു മുമ്പായി എല്ലാ പ്രധാന സ്റ്റേഡിയങ്ങളിലും കളിക്കാൻ കിട്ടുന്ന ഈ അവസരം പരമ്പരയിൽ കോഹ്ലിക്ക് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. അഞ്ച് ടെസ്റ്റ് മൽസരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20യും അടങ്ങുന്ന ഇന്ത്യയുടെ പരമ്പര ഓഗസ്റ്റ് ഒന്നുമുതലാണ് ആരംഭിക്കുന്നത്. കൗണ്ടിയിൽ കളിക്കുന്നതിനാൽ ഇതിനുമുമ്പ് ജൂണിൽ അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ഉദ്ഘാടനമൽസരം കോഹ്ലിക്ക് നഷ്ടമാകും. 

ഏകദിനത്തിൽ മുപ്പത്തഞ്ചും ടെസ്റ്റിൽ ഇരുപത്തൊന്നും സെഞ്ചുറികളുമായി ബാറ്റിംങ്ങിലെ ലോക റാങ്കിംങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഇന്ത്യൻ ക്യാപ്റ്റനിലൂടെ സീസണിൽ മുന്നേറാമെന്ന കണക്കുകൂട്ടലിലാണ് സറൈ ടീം. ഇംഗ്ലണ്ടിലെ ഈ അവസരം നാലുവർഷത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പരയ്ക്കെത്തുന്ന ഇന്ത്യൻ ടീമിനും മുതൽക്കൂട്ടാകും. 2014ൽ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിൽ കോഹ്ലിയുണ്ടായിരുന്നു. അന്ന് അഞ്ച് ടെസ്റ്റുകളിലായി ശരാശരി 13.40 റൺസായിരുന്ന കോഹ്ലിയുടെ സമ്പാദ്യം. ഉയർന്ന സ്കോർ മുപ്പത്തൊമ്പതും. 

കോഹ്ലി കൂടി എത്തുന്നതോടെ ഇംഗ്ലീഷ് കൗണ്ടിയിൽ ഇക്കുറി പ്രമുഖരായ ഇന്ത്യൻ താരങ്ങളുടെ എണ്ണം നാലാകും. ചേതേശ്വർ പുജാര (യോർക് ഷെയർ), ഇഷാന്ത് ശർമ്മ (സസെക്സ്), വരുൺ ആരോൺ ( ലെസസ്റ്റർഷെയർ) എന്നിവരാണ് നിലവിൽ കൗണ്ടിയിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.