Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുക്‌മ വള്ളംകളി ഓക്‌സ്‌ഫഡിൽ

oxford

ഓക്സ്ഫഡ്∙ യുക്‌മയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത്‌ മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള "കേരളാ പൂരം 2018" ഇത്തവണ ജൂണ്‍ 30ന്‌. ലോകപ്രശസ്തമായ ഓക്‌സ്‌ഫഡിലാണെന്നു പൂരമെന്ന് സംഘാടകസമിതി ചെയര്‍മാര്‍ മാമ്മന്‍ ഫിലിപ്പ്‌ അറിയിച്ചു. 

യൂറോപ്പിലാദ്യമായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിക്കപ്പെട്ട മത്സരവള്ളം കളിക്കും കാര്‍ണിവലിനും വന്‍ ജനപങ്കാളിത്തമാണ്‌ ലഭിച്ചത്‌. 22 ടീമുകള്‍ മത്സരിക്കുകയും ഏകദേശം അയ്യായിരത്തിൽപ്പരം ആളുകള്‍ ഇതു വീക്ഷിക്കാനെത്തുകയും ചെയ്തു. റഗ്‌ബിയില്‍ നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ്‌ യുകെ മലയാളികളില്‍ ഉയര്‍ത്തിയത്‌. സ്ക്കൂള്‍ ഹോളിഡേയ്‌സിന്റെ തുടക്കമായിരുന്നതിനാല്‍ മുന്‍കൂട്ടി നാട്ടില്‍ പോകുന്നതിനായി ബുക്ക്‌ ചെയ്തിരുന്ന പലര്‍ക്കും വള്ളംകളി കാണുന്നതിനും സാധിച്ചിരുന്നില്ല. അതുകൊണ്ട്‌ ഇത്തവണ സ്കൂള്‍ ഹോളിഡേയ്‌സ്‌ ആരംഭിക്കുന്നതിനു മുന്‍പു തന്നെ വള്ളംകളി നടത്തണമെന്ന ആവശ്യം സംഘാടകസമിതിക്കും യുക്‌മ നേതൃത്വത്തിനും മുൻപാകെ ഉന്നയിക്കപ്പെട്ടിരുന്നു. അതാണ്‌ ഈ വര്‍ഷം ജൂണ്‍ 30ന്‌ വള്ളംകളി നടത്തുക എന്ന തീരുമാനത്തിലേക്കു സംഘാടകസമിതി എത്തിച്ചേര്‍ന്നത്‌. 

oxford2

ടീം റജിസ്ട്രേഷനില്‍ തന്നെ വള്ളംകളിയോടുള്ള ആളുകളുടെ ആവേശം തെളിയിക്കപ്പെട്ടു. 32 ടീമുകള്‍ മത്സരിക്കാനെത്തുന്നതിനായി റജിസ്റ്റര്‍ ചെയ്തതോടെ കൂടുതല്‍ ടീമുകളെ എടുക്കേണ്ടതില്ലെന്ന തീരുമാനമെടുക്കാന്‍ സംഘാടകസമിതി നിര്‍ബന്ധിതരായി. ഇതനുസരിച്ച്‌ കാഴ്‌ച്ചക്കാരായി എത്തുന്ന ആളുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ്‌ പ്രതീക്ഷിക്കുന്നത്‌. 10,000 മുതല്‍ 15,000 വരെ ആളുകള്‍ കാണികളായി എത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌. കഴിഞ്ഞ വര്‍ഷം എത്തിയതിലും ഇരട്ടിയിലധികം ആളുകള്‍ എത്തിച്ചേരുമ്പോള്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനു വേണ്ടിയാണ്‌ ഇത്തവണ മത്സരങ്ങള്‍ ഓക്‌സ്‌ഫഡിലേക്കു മാറ്റിയത്‌. 

ഓക്‌സ്‌ഫഡിലെ ഫാര്‍മൂര്‍ റിസര്‍വോയറിലാണ്‌ വള്ളംകളി മത്സരങ്ങള്‍‌. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മറ്റ്‌ ചില കേന്ദ്രങ്ങള്‍ കൂടി സംഘാടകസമിതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും മനോഹരമായ കാഴ്‌ചകളും പാര്‍ക്കിങ് സൗകര്യങ്ങളും റിസര്‍വോയറിന്റെ ഏതു ഭാഗത്ത്‌ നിന്നാലും മത്സരങ്ങള്‍ കാണുന്നതിനുള്ള സാഹചര്യവും ഓക്‌സ്‌ഫര്‍ഡ്‌ എന്ന തീരുമാനത്തിലേയ്ക്ക്‌  എത്തിക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ട് കാലമായി ഓക്‌സ്‌ഫഡില്‍ താമസിച്ചു വരുന്ന യുക്‌മ ടൂറിസം പ്രമോഷന്‍ ക്ലബ്‌ വൈസ്‌ ചെയര്‍മാന്‍ ടിറ്റോ തോമസിന്റെ ശ്രമങ്ങളാണ്‌ ഇത്തവണ ഇവിടെ വള്ളംകളി നടത്തുന്നതിനുള്ള തീരുമാനമെടുപ്പിച്ചത്‌. 

ഓക്‌സ്‌ഫോര്‍ഡിലെ ഫാര്‍മൂര്‍ റിസര്‍വോയറും അനുബന്ധ പാര്‍ക്കുമാണ്‌ "കേരളാ പൂരം 2018"ന്‌ വേദിയാവുക. തെംസ്‌ വാട്ടര്‍, ഓക്‌സ്‌ഫോര്‍ഡ്‌ സെയിലിങ്‌ ക്ലബ്‌ എന്നിവര്‍ വള്ളംകളിയുടെ നടത്തിപ്പില്‍ യുക്‌മയ്ക്കൊപ്പം പങ്കാളികളാവും. ബ്രിട്ടനിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനിയായ തെംസ്‌ വാട്ടറിനൊപ്പം സഹകരിച്ച്‌ പ്രവര്‍ത്തിക്കുക എന്ന അഭിമാനകരമായ ചുവടുവ്യ്പാണ്‌ യുക്‌മ ഇതിലൂടെ നടത്തുന്നത്‌. ഇതുമായി ബന്ധപ്പെട്ട അധികൃതരുമായി യുക്‌മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്‌  സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ തീരുമാനമെടുത്തത്‌. 

ഫാര്‍മൂര്‍ റിസര്‍വോയറും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനയ്യായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്‌. വള്ളംകളി മത്സരം നടത്തപ്പെടുന്ന റിസര്‍വോയറിന്റെ ചുറ്റും രണ്ടു മൈല്‍ ദൈര്‍ഘ്യം വരുന്ന മതിൽക്കെട്ടിന്റെ ഏതു ഭാഗത്തു നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്‌. പ്രധാന സ്റ്റേജ്‌, ഭക്ഷണ ശാലകള്‍, മറ്റ്‌ പ്രദര്‍ശന സ്റ്റാളുകള്‍  എന്നിവ ചുറ്റുമുള്ള പുൽത്തകിടിയിലാവും ഒരുക്കുന്നത്‌. ഒരേ സ്ഥലത്തു നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ്‌ പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും‌. 

"കേരളാ പൂരം 2018": കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മാമ്മന്‍ ഫിലിപ്പ്: 07885467034,  റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.