Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റോയൽ വിവാഹ ഒരുക്കങ്ങൾക്കിടെ വിവാദങ്ങളും, മകളുടെ വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് മെഗാന്റെ പിതാവ്

ടോമി വട്ടവനാൽ
thomas-markle-sr-meghan-markle

ലണ്ടൻ∙ ബ്രിട്ടീഷ് രാജകുടുംബത്തിൽ വിവാഹ മാമാങ്കത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ മാധ്യമങ്ങളിലൂടെ വിവാദങ്ങളും ചൂടുപിടിക്കുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ വരുന്നില്ലെന്ന് വധു മെഗാൻ മെർക്കലിന്റെ പിതാവ് തോമസ് മെർക്കൽ പ്രഖ്യാപിച്ചതാണ് ഇപ്പോൾ ബ്രിട്ടനിലെ ഏറ്റവും ചൂടേറിയ വാർത്ത. പിതാവിന്റെ പിന്മാറ്റം ചടങ്ങുകളുടെ പകിട്ടു കുറയ്ക്കുമെന്നു മനസിലാക്കിയ മെഗാൻ ഏതു വിധേനെയും വിവാഹത്തിനെത്തണമെന്ന് അച്ഛനോടു പരസ്യമായി അഭ്യർഥിച്ചിട്ടുണ്ട്. ഇതിന്മേലുള്ള തീരുമാനത്തിനു കാത്തിരിക്കുകയാണു ഹാരിയും മറ്റു രാജകുടുംബാംഗങ്ങളും. 

ശനിയാഴ്ച നടക്കുന്ന വിവാഹത്തിനായി വിൻസർ കൊട്ടാരത്തിലെ സെന്റ്.ജോർജ് ചാപ്പലിലേക്ക് മെഗാൻ പിതാവ് തോമസിന്റെ കരംപിടിച്ച് എത്തുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. കഴിഞ്ഞദിവസം പൊടുന്നനെയാണു കാര്യങ്ങൾ മാറിമറിഞ്ഞത്. തനിക്ക് ഏതാനും ദിവസം മുൻപു ഹൃദയാഘാതം ഉണ്ടായെന്നും അതിനാൽ വിവാഹത്തിൽ പങ്കെടുക്കാനാകില്ലെന്നുമാണ് തോമസിന്റെ ഔദ്യോഗിക വിശദീകരണം.  എന്നാൽ തോമസ് കഴിഞ്ഞദിവസം പാപ്പരാസികൾക്കായി ഒരുക്കിയ ഫോട്ടോ ഷൂട്ട് വിവാദമായതാണ് യഥാർഥ കാരണമെന്നാണ് അണിയറക്കഥ. പണം വാങ്ങി തോമസ് പാപ്പരാസികൾക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്തുവെന്നായിരുന്നു ആരോപണം. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പകർത്തുന്നതിനു ചില പാപ്പരാസികളുമായി അദ്ദേഹം  ധാരണയിലെത്തിയെന്നും ആരോപണം ഉയർന്നിരുന്നു.

ആരോപണങ്ങൾ  നിലനിൽക്കെ രാജകുടുംബത്തെയോ മകളെയോ വിവാഹദിവസം വീണ്ടും അലോസരപ്പെടുത്താനില്ലെന്ന ന്യായമാണ് ലണ്ടനിലേക്കുള്ള വരവ് റദ്ദാക്കിയതിന് തോമസ് പറയുന്നത്. ഇതിനിടെ വിവാഹത്തിൽനിന്നും വിട്ടുനിൽക്കാനായി തോമസ് പറയുന്ന ഹൃദ്രോഗം കെട്ടുകഥയാണെന്ന പ്രചാരണം ശക്തമായുണ്ട്.  ഈ ദിവസങ്ങളിൽ അദ്ദേഹം വൈദ്യസഹായം തേടിയിട്ടില്ലെന്നാണ് വാർത്തകൾ. തികച്ചും ആരോഗ്യവാനായ തോമസ് കടകളിൽ നിന്നും ഭക്ഷണം വാങ്ങിവരുന്ന ദൃശ്യങ്ങൾ സഹിതമാണ് മാധ്യമങ്ങൾ ഇതു തുറന്നു കാട്ടുന്നത്. 

എന്തായാലും അവസാനനിമിഷം മെഗാന്റെ പിതാവ് വിവാഹചടങ്ങിൽനിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതിലും സംഭവം വലിയ വിവാദമായതിലും സങ്കടത്തിലാണ് മെഗാനും ഹാരിയും. പരസ്യമായി അഭ്യർഥിച്ചും ചില സുഹൃത്തുക്കൾ വഴി സമ്മർദം ചെലുത്തിയും അവസാനനിമിഷം അച്ഛനെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മെഗാനെന്നാണ് വാർത്തകൾ.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.