Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിറിയയെ ആക്രമിക്കാൻ അമേരിക്കയ്ക്കൊപ്പം ചേർന്നതിന് തെരേസ മേയ്ക്ക് കടുത്ത വിമർശനം

ടോമി വട്ടവനാൽ
Britain Brexit Lawsuit

ലണ്ടൻ∙സിറിയയിൽ മിസൈൽ ആക്രമണം നടത്താൻ അമേരിക്കയ്ക്കൊപ്പം ചേർന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നടപടിക്കു പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം. ലേബർ ലീഡറും പ്രതിപക്ഷനേതാവുമായ ജെറമി കോർബിൻ തന്നെയാണു പ്രത്യക്ഷമായി പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ചു രംഗത്തെത്തിയത്. പാർലമെന്റിന്റെ അനുമതിയില്ലാതെ തിടുക്കത്തിൽ എടുത്ത തീരുമാനം ഒരു സാഹചര്യത്തിലും രാജ്യതാൽപര്യത്തിനു യോജിച്ചതല്ലെന്നാണ് ജെറമി കോർബിന്റെ വിമർശനം. 

ആണവശക്തിയായ റഷ്യയെ ചൊടിപ്പിക്കുന്ന സൈനിക നടപടി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കോർബിന്റെ വാദം. അമേരിക്കൻ വിമാനം റഷ്യ വെടിവച്ചിടുന്ന സാഹചര്യമുണ്ടായാൽ അതിന്റെ പ്രത്യാഘാതം എത്രമാത്രം വലുതായിരിക്കും. ലോകത്തെ വലിയ സൈനികശക്തികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാക്കുന്ന ദുരന്തങ്ങൾ വിവരണാതീതമാകും. സിറിയയ്ക്കെതിരായ കഴിഞ്ഞദിവസത്തെ മിസൈൽ ആക്രമണം നിയമപരമായി ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിന്റെ അനുമതി തേടാതെയുള്ള ആക്രമണത്തെ ബ്രിട്ടനിലെ മറ്റു പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു. 

സിറിയയിലെ അസദ് ഭരണകൂടത്തിനെതിരേ  അമേരിക്കയോടൊപ്പം ചേർന്ന് ബോംബാക്രമണം നടത്താനുള്ള മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ  നീക്കത്തിനു നാലുവർഷം മുമ്പ് ബ്രിട്ടീഷ് പാർലമെന്റ് തടയിട്ടിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അമേരിക്കയ്ക്കു വാക്കും നൽകിയശേഷം കാമറൺ പാർലമെന്റിൽ വിഷയം അവതരിപ്പിച്ചപ്പോൾ ഭരണ-പ്രതിപക്ഷ ഭേദദമന്യേ ഈ നിർദേശം തള്ളിക്കളയുകയായിരുന്നു. സമാനമായ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതു മനസിലാക്കിയാണ് പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെ തിടുക്കത്തിൽ കാബിനറ്റ് യോഗം മാത്രം വിളിച്ച് പ്രധാനമന്ത്രി തീരുമാനമെടുത്തത്. 

നാളെ രാവിലെ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകും. എന്നാൽ സർക്കാർ നടപടിയെ എല്ലാഅർഥത്തിലും എതിർക്കാൻ തയാറെടുത്തിരിക്കുകയാണ് പ്രതിപക്ഷം. 

അസദ് ഭരണകൂടത്തെ സംരക്ഷിക്കുന്ന റഷ്യക്ക് പരോക്ഷമായ പ്രഹരം നൽകാൻ കിട്ടിയ സുവർണാവസരം എന്ന നിലയിലാണ് ബ്രിട്ടൻ അമേരിക്കൻ നടപടിയെ ശക്തമായി പിന്തുണയച്ചത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഡബിൾ ഏജന്റായിരുന്ന റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും ബ്രിട്ടനിൽ അടുത്തിടെ വിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ-റഷ്യ ബന്ധം മുൻപെങ്ങുമില്ലാത്തവിധം മോശമായിരുന്നു. ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്രപ്രതിനിധകളെ പുറത്താക്കിയും വ്യാപാര- വാണിജ്യ ഉപരോധം ഏർപ്പെടുത്തിയും പകരം വീട്ടുന്നതിനിടെ റഷ്യയ്ക്ക് കനത്ത പ്രഹരം നൽകാൻ ബ്രിട്ടനു കിട്ടിയ അവസരമായി മാറി പിഞ്ചുകുട്ടികളടക്കം 70  പേരുടെ മരണത്തിനിടയാക്കിയ ഡൂമയിലെ രാസായുധാക്രമണം. റഷ്യയുടെ എതിർപ്പ് അവഗണിച്ചുള്ള സിറിയയിലെ ആക്രമണത്തിന് മനോബലം കൂട്ടാൻ ബ്രിട്ടീഷ് –ഫ്രഞ്ച് സഹകരണം അമേരിക്കയ്ക്കും തുണയായി. ട്രംപുമായുള്ള വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും സഖ്യകക്ഷികൾ എന്നനിലയിൽ നിർണായക വിഷയങ്ങളിൽ തങ്ങൾ ഒന്നാണെന്ന് അമേരിക്കയും പാശ്ചാത്യ ശക്തികളും ഒരിക്കൽക്കൂടി ലോകത്തോടു വിളിച്ചുപറയുകയായിരുന്നു സിറിയൻ ആക്രമണത്തിലൂടെ. 

രാസായുധങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങൾ ആരായാലും അവർക്കുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ആക്രമണമെന്ന തെരേസ മേയുടെ വാക്കുകൾ റഷ്യയ്ക്കുള്ള വ്യക്തമായ താക്കീതാണ്. റഷ്യൻ ഭരണകൂടത്തോടും പ്രസിഡന്റ് പുട്ടിനനോടുമുള്ള ബ്രിട്ടീഷ് ജനതയുടെ മാനസികമായ വിയോജിപ്പ് മുതലാക്കി പ്രതിപക്ഷ വിമർശനങ്ങളെ നേരിടാനാകും ഇനി തെരേസ മേയുടെ ശ്രമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.