Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടൻ പുറത്താക്കി; ലോകകപ്പ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കും

ടോമി വട്ടവനാൽ
putin-theresamay

ലണ്ടൻ ∙ ബ്രിട്ടൻ അഭയം നൽകിയിരുന്ന റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനും (66) മകൾ യൂലിയയ്ക്കും (33) വിഷബാധയേറ്റ സംഭവത്തിൽ കുറ്റമാരോപിച്ച് റഷ്യക്കെതിരേ ബ്രിട്ടൻ കടുത്ത നടപടി തുടങ്ങി. ബ്രിട്ടനിൽനിന്നും 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് ശക്തമായ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇവർ രാജ്യം വിടണമെന്നാണ് നിർദേശം.  ഇവർ റഷ്യയുടെ അനൊദ്യോഗിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മൽസരങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ബ്രിട്ടീഷ് സർക്കാരിന്റെ പ്രതിനിധികളോ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതിനിധികളോ പങ്കെടുക്കില്ലെന്നും പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. ബ്രിട്ടീഷ് വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്ന റഷ്യൻ സ്വകാര്യ വിമാനങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തും. ചരക്കുനീക്കത്തിനുള്ള കസ്റ്റംസ് പരിശോധനകളും  കർക്കശമാക്കും. പൗരന്മാർക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന് തോന്നുന്ന ബ്രിട്ടനിലെ റഷ്യൻ അസറ്റുകൾ മരവിപ്പിക്കാനും തീരുമാനമുണ്ട്. 

മുൻ നിശ്ചയപ്രകാരമുള്ള എല്ലാ ഉഭയകക്ഷി ചർച്ചകളും നയതന്ത്ര യോഗങ്ങളും നിർത്തിവയ്ക്കാനും ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രിക്ക് ബ്രിട്ടനിലേക്കുണ്ടായിരുന്ന ക്ഷണം റദ്ദാക്കി. പ്രധാനമന്ത്രി തെരേസ മേയാണ് റഷ്യക്കെതിരായ കനത്ത നടപടികൾ ഇന്നുച്ചയ്ക്ക് പാർലമെന്റിൽ പ്രഖ്യാപിച്ചത്. 

സെർജി സ്ക്രിപാലിനും മകൾക്കുമെതിരേ കഴിഞ്ഞ ഞായറാഴ്ച നടന്ന നേർവ് ഏജന്റ് ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന് ബ്രിട്ടീഷ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേക്കുറിച്ച് ചൊവ്വാഴ്ച അർധരാത്രിക്കുമുമ്പ് തൃപ്തികരമായ വിശദീകരണം നൽകണമെന്നായിരുന്നു റഷ്യയ്ക്ക് ബ്രിട്ടന്റെ അന്ത്യശാസനം. എന്നാൽ, ആരോപണങ്ങൾ തള്ളിക്കളയുകയും ബ്രിട്ടന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെയാണ് കർശനമായ നടപടികളുമായി ബ്രിട്ടീഷ് സർക്കാർ രംഗത്തുവന്നിരിക്കുന്നത്. 

സംഭവത്തിനു പിന്നിൽ ബ്രിട്ടന്റെ തന്നെ ഗൂഢാലോചനയാണെന്നും രാസവസ്തുവിന്റെ സാമ്പിൾ നൽകിയാൽ പരിശോധനയ്ക്കു ശേഷം പ്രതികരിക്കാമെന്നുമായിരുന്നു റഷ്യയുടെ നിലപാട്. ഏകപക്ഷീയമായ നടപടികൾക്കു പിന്നാലെ നാറ്റോ സഖ്യരാഷ്ട്രങ്ങളെയും അമേരിക്കയെയും കൂട്ടുപിടിച്ച് റഷ്യയെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്താനുള്ള ശക്തമായ നീക്കത്തിലാണ് ബ്രിട്ടൻ. നാറ്റോ കൗൺസിലിൽ ഇതിനോടകം വിഷയം അവതരിപ്പിച്ച ബ്രിട്ടൻ ഉടൻതന്നെ യുഎൻ സെക്യൂരിറ്റി കൗൺസിലിലും ഇത് ഉന്നയിക്കാനിരിക്കുകയാണ്. 

എന്നാൽ, സംഭവത്തിനു പിന്നിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും ബ്രിട്ടൻ തന്നെ ആസൂത്രണം ചെയ്തതാണെന്നും തുറന്നടിച്ച് ആരോപണങ്ങളെ ശക്തമായി നേരിടുകയാണ് റഷ്യ. ബ്രിട്ടന്റെ മണ്ണിലെത്തി ഇത്തരമൊരു പ്രവർത്തി നടത്തിയതിനു പിന്നിൽ റഷ്യയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞദിവസം ബ്രിട്ടീഷ് പാർലമെന്റിൽ പ്രസ്താവന നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.