Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോൺഫറൻസിനും വൻ ജനപിന്തുണ

UKMA8

മാഞ്ചസ്റ്റർ∙യുക്മ ദേശീയ കമ്മിറ്റിയും യുക്മ നോർത്ത് വെസ്റ്റ് റീജിയനും ചേർന്ന് മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച യുക്മ യൂത്ത്  പരിപാടി മികച്ച ജന പങ്കാളിത്തത്തോടെ ഫെബ്രുവരി 10 ശനിയാഴ്ച വിജയകരമായി നടന്നു. 150 തിൽ പരം ആളുകൾ റജിസ്റ്റർ ചെയ്ത പരിപാടി ഉച്ചയ്ക്കു രണ്ടിനു തുടങ്ങി ആറരയോടെ സമാപിച്ചു. തിങ്ങി നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ കമ്മിറ്റി നേതൃത്വം നൽകുന്ന യുക്മ യൂത്ത്, യുക്മ നഴ്‌സസ് ഫോറം തുടങ്ങിയ ഓരോ പോഷക സംഘടനയും ഒന്നിനൊന്നു മെച്ചമായി പ്രവർത്തിക്കുന്നതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു.

ukma-uk (2)

ശക്തമായ മഴയും കൊടും തണുപ്പുമുണ്ടായിട്ടും മാഞ്ചസ്റ്റർ, പ്രസ്റ്റൻ, ബോൾട്ടൻ, സാൽഫോർഡ് , വാറിങ്ടൻ, ലിവർപൂൾ എന്നിവിടങ്ങളിൽ നിന്നും മികച്ച ജന പങ്കാളിത്തം ഉണ്ടായിരുന്നു. യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ് , ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, യുക്മ വൈസ് പ്രസിഡന്റ് ദീപ ജേക്കബ്, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷിജോ വർഗീസ് , മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ കലേഷ് ഭാസ്കരൻ, കെ.ഡി. ഷാജിമോൻ തുടങ്ങിയവർ ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

യുകെയിലെ അധ്യാപകനായ ഷെഫീൽഡിൽ നിന്നുള്ള ബിനിൽ പോളിന്റെ പ്രൈമറി മുതൽ GSCE വരെയുള്ള കരിക്കുലത്തെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണം മാതാപിതാക്കൾക്കും കുട്ടികൾക്കും വളരെ പ്രയോജനകരമായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന ഗ്രേഡിങ് സിസ്റ്റത്തെ മാതാപിതാക്കൾക്ക് ബിനിൽ പരിചയപ്പെടുത്തി. തുടർന്ന് വന്ന മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഫൈനൽ ഇയർ മെഡിക്കൽ വിദ്യാർത്ഥി അർജുൻ പ്രേംദയാൽ വളരെ വിശദമായും വളരെ ചിട്ടയായും  മെഡിക്കൽ അഡ്മിഷനെക്കുറിച്ചും തുടർ പഠനത്തെക്കുറിച്ചും സംസാരിച്ചു. അനഘ ജോസ് ഡെന്റൽ മെഡിസിൻ അഡ്മിഷന്റെ പ്രായോഗിക തലത്തെക്കുറിച്ചു സംസാരിച്ചു.

ukma-uk

മിക്ക മാതാപിതാക്കൾക്കും അറിയുവാൻ ആഗ്രഹമുള്ള ഗ്രാമർ സ്കൂൾ അഡ്മിഷനെക്കുറിച്ച് ബോൾട്ടണിൽ നിന്നുമുള്ള  സീനിയർ അധ്യാപകൻ ഫിലിപ് കൊച്ചിട്ടി അറിവു പങ്കു വയ്ക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. തുടർന്ന് ബിസിനസ് മാനേജ്‌മെന്റ് വിദ്യാഭ്യാസത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും യുകെയിൽ വിദ്യാർത്ഥിനിയായ സ്റ്റെഫി സ്രാമ്പിക്കൽ ക്ലാസ്സെടുത്തു. സീനിയർ ഇൻഫർമേഷൻ ടെക്നോളജി കൺസൾറ്റൻറ് ആയ സ്റ്റീവ് വടക്കുംചേരി ഐടി തുടർ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിസാധ്യതയെക്കുറിച്ചും വിശദമായി സംസാരിച്ചു. മാതാപിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി നടത്തിയ ക്ലാസ് മികച്ച നിലവാരം പുലർത്തി.

ukma-03

യുകെയിലെ സെക്കൻഡറി സ്കൂൾ ടീച്ചറും ഹള്ളിലെ മലയാളം സപ്പ്ളിമെന്ററി സ്കൂളിന്റെ ചെയറുമായ ആനി ജോസഫ്  A ലെവൽ വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികൾക്ക് ആശങ്കയുള്ള പേഴ്സണൽ സ്റ്റേറ്റ്മെന്റ് എഴുതുന്നതിനെക്കുറിച്ചും വിശദീകരിച്ചു. ഫോറൻസിക് സൈക്കോളജി മാസ്റ്റേഴ്സ് സ്റ്റുഡന്റായ അഖിൽ ഹാൻസിന്റെ സൈക്കോളജിയെക്കുറിച്ചുള്ള ക്ലാസ് സദസിന്റെ പങ്കാളിത്തത്തിൽ വേറിട്ട് നിന്നു. സൈക്കോളജി തുടർ പഠനത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും സാങ്കേതികതകളെക്കുറിച്ചും അറിവ് പങ്കു വച്ചു.

യുകെയിലെ വളർച്ചയിൽ മികച്ച നാലു ചെറുകിട വ്യവസായങ്ങളിൽ ഒന്നായി ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ജിഎംപി ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉടമ ജിബി ജോർജ് ഉദ്യോഗാർത്ഥികളിലുണ്ടാവേണ്ട കഴിവുകളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും വളരെ ആകർഷകമായി സംസാരിച്ചു. മികച്ച പ്രതികരണമാണ് അദ്ദേഹത്തിന്റെ ക്ലാസ്സിനെക്കുറിച്ചു സദസ്സിൽ നിന്നും ലഭിച്ചത്.

ദേശീയ തലത്തിൽ വിവിധ റീജിയനുകളിൽ യുക്മ യൂത്ത് പ്രോഗ്രാം നടത്താൻ നേതൃത്വം നൽകുന്നത് യുക്മ യൂത്ത് നാഷണൽ കോർഡിനേറ്റർസ് ആയ ഡോ.ബിജു പെരിങ്ങാത്തറയും ഡോ.ദീപ ജേക്കബും ആണ്.   


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.