Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മൃത്യുഞ്ജയ മന്ത്രജപവും പഠനവുമായി ലെസ്റ്ററിൽ കവൻട്രി ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെ

cov-hindu-feb

കവൻട്രി∙ പഞ്ചാക്ഷരി മന്ത്രത്തിന്റെ കുളിരിൽ മുങ്ങി ഹൈന്ദവർ ശിവരാത്രി ആഘോഷത്തിനു ചൊവ്വാഴ്ച തയ്യാറാകുന്നതിന്റെ മുന്നോടിയായി നാളെ ലെസ്റ്ററിൽ കവൻട്രി ഹിന്ദു സമാജം അംഗങ്ങൾ നാമ , മന്ത്ര ജപത്തോടെ ശിവരാത്രി ആഘോഷിക്കും . കുട്ടികളും മുതിർന്നവരും ഒന്നിച്ചു മൃത്യുഞ്ജയ മന്ത്ര ജപ പഠനം നടത്തിയാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമാവുക.

വേദ ശ്ലോകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും ഓരോ ശ്ലോകം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണു മൃത്യുഞ്ജയ മന്ത്രം ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നതെന്നു നേതൃത്വം നൽകുന്ന ദിവ്യ സുഭാഷ് അറിയിച്ചു. ഇതോടൊപ്പം ഓരോ ശ്ലോകവും അർഥ വിവരണം നടത്തി ജപിക്കേണ്ട രീതികളും അവതരിപ്പിക്കും.

ബഹുഭൂരിഭാഗവും മൃത്യുഞ്ജയ മന്ത്രത്തെ മരണവുമായി ബന്ധപ്പെട്ടാണ് കാണുന്നതെങ്കിലും വേദങ്ങളിൽ വേദനയുടെ അന്ത്യമായാണ് മൃത്യുവിനെ കണക്കാക്കുന്നത്. അതിനാൽ മൃത്യു എന്ന വാക്കിനു വേദന എന്ന വിശേഷണമാണ് വേദ പുരാണങ്ങൾ പങ്കിടുന്നത്. മനുഷ്യ ജീവിതത്തിൽ ഉടനീളം നിറയുന്ന വേദനകളിൽ നിന്നും മുക്തിക്കായുള്ള അർത്ഥനയാണ് മൃത്യുഞ്ജയ മന്ത്രം. ശിവപ്രീതിക്കായി ഏറെ അത്യുത്തമമാണ് ഈ മന്ത്രം എന്നും വിശേഷണമുണ്ട്.

ഇതോടൊപ്പം പുരാണങ്ങളിൽ പ്രത്യേക സ്ഥാനമുള്ള മാർക്കണ്ഡേയ പുരാണ കഥയും കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിക്കും. ഈശ്വര ആരാധനയിൽ മരണത്തെപ്പോലും തടഞ്ഞു നിർത്താം എന്ന ശുഭ ചിന്ത മനസ്സിൽ നിറയ്ക്കുന്നതാണ് മാർക്കണ്ഡേയ പുരാണം . കൂടാതെ പഞ്ചാക്ഷരി നാമജപവും ശിവ കീർത്തനങ്ങളുമായി നാലു മണിക്കൂർ നീളുന്ന ചടങ്ങുകളാണ് തയാറാക്കിയിരിക്കുന്നതെന്നും പ്രധാന സംഘാടകൻ വേണുഗോപാൽ അറിയിച്ചു.

ഇതോടൊപ്പം വേദ, പുരാണ ക്വിസ് ,ആചാര്യ വേദി ,ഹൈന്ദവ ദർശനങ്ങൾ പ്രായോഗിക ജീവിതത്തിൽ തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും. തുടർന്ന് ശിവ കീർത്തനങ്ങൾ അടക്കമുള്ള ഭജനയും ആരതിയും പ്രസാദ വിതരണവും ഉണ്ടായിരിക്കും . ആചാര്യ വേദിയിൽ ശ്രീരാമ പരമഹംസരെയാണ് ഇത്തവണ പരിചയപ്പെടുത്തുകയെന്നു വിഷയാവതാരകൻ അജികുമാർ വ്യക്തമാക്കി. ആദി ശങ്കരാചാര്യ ,സ്വാമി വിവേകാനന്ദ എന്നിവരുടെ ജീവിത തത്വങ്ങൾ ഹൃദ്യസ്ഥമാക്കിയാണ് സമാജം അംഗങ്ങൾ ശ്രീരാമ പരമ ഹംസരിൽ എത്തുന്നത്. 

കുട്ടികളും മുതിർന്നവരും പങ്കാളികൾ ആകുന്ന വിധം തയാറാക്കിയിരിക്കുന്ന പഠന ക്‌ളാസിൽ മുഴുവൻ പേരുടെയും പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നതിനാൽ സജീവ ചർച്ചകളിലൂടെ ആശയങ്ങളുടെ കൈമാറ്റം കൂടിയാണ് നടക്കുന്നത് .ഏറ്റവും വേഗത്തിൽ ആചാര്യ സൂക്തങ്ങളെ മനസ്സിലാക്കാൻ സാധ്യമായ വഴിയെന്ന് ബോധ്യമായതിനാൽ ആണ് ഈ മാർഗം തിരഞ്ഞെടുത്തതു എന്നു സംഘാടകർ സൂചിപ്പിച്ചു.

ഭാരതീയ ചിന്തകളുടെ സാരാംശം കണ്ടെത്താൻ ശ്രമം നടത്തുന്ന കവൻട്രി ഹിന്ദു സമാജത്തിനു വേണ്ടി ഗ്രാൻഡ് മാസ്റ്റർ ആയി എത്തുന്നത് ഇത്തവണയും അജികുമാർ തന്നെയാണ്. ലളിത മാർഗത്തിൽ വേദ ചിന്തകൾ പ്രയോഗികമാക്കുന്ന ചർച്ചകളാണ് സമാജം അംഗങ്ങൾ സത്‌സംഗത്തിൽ അവതരിപ്പിക്കുന്നത്.

ഭാരതത്തിലെ ആചാര്യ ശ്രേഷ്ഠരെ അടുത്തറിയുക, കുട്ടികൾക്ക് ഭാരതീയ പൗരാണിക ചിന്തകളുടെ അടിത്തറ നിർമ്മിക്കാൻ സഹായിക്കുക , ഭാരത ചിന്തകൾ പാശ്ചാത്യരെ പോലും ആകർഷിച്ചത് എങ്ങനെ എന്നു കണ്ടെത്തുക , ഭാരതീയമായതിനെ ഇന്നും ലോകം ആദരിക്കുന്നത് എന്തുകൊണ്ടെന്നു മനസിലാക്കുക തുടങ്ങിയ ചിന്തകളാണ് പഠന ശിബിരത്തിനു കവൻട്രി ഹിന്ദു സമാജം പ്രവർത്തകരെ പ്രേരിപ്പിക്കുന്നത് . ഒന്നും നഷ്ടപ്പെടാതിരിക്കുക , നഷ്ടപ്പെട്ടു തുടങ്ങുന്നതിനെ തിരിച്ചു പിടിക്കുക , അടുത്ത തലമുറയ്ക്കായി കരുതി വയ്ക്കുക എന്നതും ആചാര്യ ജീവിതങ്ങൾ മനസ്സിലാക്കിയുള്ള പഠന പദ്ധതിയുടെ ഭാഗം ആണെന്ന് സംഘാടകർ വിശദീകരിച്ചു . നിലവിൽ കവൻട്രി , ലെസ്റ്റർ നിവാസികളുടെ കൂട്ടായ്മയായാണ് കവൻട്രി ഹിന്ദു സമാജംപ്രവർത്തിക്കുന്നത്.   

ഭാരതീയതയെ അറിയാൻ താൽപര്യം ഉള്ള ആർക്കും പരിപാടിയിൽ പങ്കെടുക്കാമെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു താൽപര്യം ഉള്ളവർ ഇ മെയിൽ മുഖേനെ ബന്ധപ്പെടുക . covhindu@gmail.com
വിലാസം : 8 , ടോഡ്‌മോർട്ടൻ ക്ളോസ് , ഹാമിൽട്ടൺ LE 5 1 EN - 07737516502

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.