Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വാഗാ അതിർത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് നടന്നപ്പോൾ ലണ്ടൻ മേയർ സാദിഖ് ഖാൻ കയറിക്കൂടിയത് ഇന്ത്യക്കാരുടെ മനസിലേക്ക്

ടോമി വട്ടവനാൽ
sadiq-khan

ലണ്ടൻ∙ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പാരമ്പര്യങ്ങൾ പേറുന്ന ലണ്ടൻ മേയർ സാദിഖ് ഖാൻ പഞ്ചാബിലെ വാഗാ അതിർത്തിയിലൂടെ പിതാമഹന്മാരുടെ നാടായ ഇന്ത്യയിൽനിന്നും സ്വന്തം പിതാവിന്റെ നാടായ പാക്കിസ്ഥാനിലേക്ക് നടന്ന് ചരിത്രം കുറിച്ചു.

മൂന്നു ദിവസത്തെ ഇന്ത്യൻ പര്യടനത്തിനുശേഷം പാക്കിസ്ഥാനിലേക്ക് തിരിച്ച സാദിഖ് ഖാൻ കറാച്ചിയിലേക്കുള്ള യാത്രമധ്യേയാണ് വാഗാ അതിർത്തിയിലൂടെ നടന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനത്തിന്റെ സന്ദേശവാഹകനായത്. അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്ന ലണ്ടൻ നഗരത്തിന്റെ മേയറായ സാദിഖ് ഖാൻ ഈ യാത്രയിലൂടെ അവരുടെയെല്ലാം മനസിലും ഇടം നേടി. ഏഷ്യൻ വോട്ടർമാരുടെ പിന്തുണയോടെ ടൂട്ടിങ്ങിൽനിന്നും പാർലമെന്റംഗമായും പിന്നീട് ലണ്ടൻ മേയറായും മാറിയ സാദിഖ് ഖാൻ ഭാവിയിലും ഈ പിന്തുണ നിലനിർത്താനുള്ള എല്ലാ അടവുകളും പയറ്റിയാണ് മൂന്നുദിവസത്തെ ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കിയത്. അടുത്തദിവസങ്ങളിൽ പാക്കിസ്ഥാനിൽനിന്നും ഇത്തരം നപടികൾ പ്രതീക്ഷിക്കാം.   

മുംബൈയിലും ഡൽഹിയിലും അമൃത്സറിലും ജാലിയൻ വാലാബാഗിലും സന്ദർശനം നടത്തിയ ശേഷമായിരുന്നു ഇന്നലെ അദ്ദേഹം പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്കായി വാഗാ അതിർത്തിയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി കാൽനടയായി ഭേദിച്ച അദ്ദേഹം ഈ നേട്ടം കൈവരിക്കുന്ന യൂറോപ്പിൽനിന്നുള്ള ആദ്യത്തെ രാഷ്ട്രീയക്കാരനായി. ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ഒരേ സമയം യാത്രചെയ്യുന്നത് ഗുണകരമാകില്ല എന്ന ഉപദേശമാണ് തനിക്ക് വിദേശമന്ത്രാലയത്തിൽനിന്നും ലഭിച്ചതെന്നും എന്നാൽ അതിനെ മറികടന്ന് താൻ ഇപ്പോൾ ചെയ്തത് പ്രതീകാത്മകമായ ഒരു നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

വിഭജനത്തിന്റെ എഴുപതു വർഷങ്ങൾക്കു ശേഷവും തുടരുന്ന വാഗയിലെ ഈ വെളുത്ത അതിർവര ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്പർക്കത്തിന്റെ വാതായനമാണെന്ന് സാദിഖ് ഖാൻ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് ഭരണത്തിന്റെ തുർച്ചയായുണ്ടായ വിഭജനവും അതിന്റെപേരിലുണ്ടായ ലക്ഷക്കണക്കിനാളുകളുടെ പാലായനവും കൂട്ടക്കൊലയും അനുസ്മരിച്ച അദ്ദേഹം തന്റെ പിതാമഹന്മാരും ഇത്തരത്തിൽ വിഭജനത്തിന്റെ ദുരിമനുഭവിച്ച് ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിലെത്തിയതാണെന്ന് അനുസ്മരിച്ചു.  മുംബൈയിൽനിന്നും കറാച്ചിയിലേക്ക് കുടിയേറിയവരാണ് സാദിഖ് ഖാന്റെ മുത്തച്ഛന്റെ കുടുംബം.  പിന്നീട് 1986ലാണ് സാദിഖ് ഖാന്റെ മാതാപിതാക്കൾ ലണ്ടനിലേക്ക് കുടിയേറിയത്. ലണ്ടനിൽ ബസ് ഡ്രൈവറായിരുന്നു സാദിഖ് ഖാന്റെ പിതാവ്. 

വാഗാ അതിർത്തി കടക്കുന്നതിനു മുമ്പ് അമൃത്സറിലെ സുവർണക്ഷേത്രവും ജാലിയൻ വാലാബാഗ് സ്മാരകവും സന്ദർശിച്ച അദ്ദേഹം  ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സർക്കാർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചശേഷമായിരുന്നു 1919ലെ കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സർക്കാർ മാപ്പു പറയേണ്ടതാണെന്ന് അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചത്. ചരിത്രത്തിലെ ഈ ദുരന്തം ആരും മറക്കില്ലെന്നും അദ്ദേഹം ഡയറിയിൽ കുറിച്ചു. 

1919 ഏപ്രിൽ 13ന് ജാലിയൻ വാലാബാഗിൽ നിരായുധരായ സമരക്കാർക്കുനേരേ ബ്രിട്ടീഷ് സൈന്യം നടത്തിയ വെടെവയ്പിൽ 379 പേർ മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്. എന്നാൽ ആയിരത്തിലധികം പേർ മരിക്കുകയും അതിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്നാണ് ഇന്ത്യൻ ചരിത്രരേഖകൾ. 

2013 ഫെബ്രുവരിയിൽ ഇന്ത്യയിൽ സന്ദർശനത്തിനിടെ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ ജാലിയൻ വാലാബാഗ് സന്ദർശിച്ചിരുന്നു. അന്ന് കൂട്ടക്കൊലയെ അപലപിച്ച അദ്ദേഹം പക്ഷേ, മാപ്പുപറയാൻ തയാറായില്ല. ഇന്ത്യൻ നേതാക്കൾ പലരും പരസ്യമായി ആവശ്യപ്പെടുന്ന കാര്യമാണ് ഇക്കാര്യത്തിൽ ബ്രിട്ടന്റെ ഭാഗത്തുനിന്നുള്ള പരസ്യമായ ക്ഷമാപണം. 

തിങ്കളാഴ്ച മുംബൈയിലായിരുന്നു സാദിഖ് ഖാന്റെ സന്ദർശനത്തിന്റെ തുടക്കം. ഇന്ത്യയിൽനിന്നുള്ള വിദഗ്ധരായ തൊഴിലന്വേഷകർക്കും ഇന്ത്യൻ വിദ്യാർഥികൾക്കും ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള വിസ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം മുംബൈയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. 

വ്യാപാരബന്ധങ്ങളും സാംസ്കാരിക സഹകരണവും ലക്ഷ്യമിട്ട് ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ലണ്ടൻ മേയർ ഇതിനു സാഹചര്യമൊരുക്കുന്ന  പ്രഖ്യാപനങ്ങളും നടപടികളുമായാണ് സന്ദർശനം പൂർത്തിയാക്കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരുമായും രൺബീർ കപൂർ ഉൾപ്പെടെയുള്ള ബോളിവുഡിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം എല്ലാ ലക്ഷ്യങ്ങളും ഉറപ്പുവരുത്തിയാണ് മടങ്ങിയത്. 

പാക്കിസ്ഥാനിൽ കറാച്ചിക്കു പുറമേ ലാഹോറിലും ഇസ്‍ലാമാബാദിലും അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.