Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദീപാവലി ആഘോഷത്തിനൊരുങ്ങി ബ്രിട്ടൻ, ഇന്ത്യൻ സമൂഹം ഉൽസവലഹരിയിൽ

 ടോമി വട്ടവനാൽ
thrikkarthika-deepam

ലണ്ടൻ∙  ക്രിസ്മസ് കഴിഞ്ഞാൽ ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽസവമാണ് ദീപാവലി. കേട്ടാൽ വിശ്വാസം വരില്ലെങ്കിലും അതാണ് സത്യം. ദീപാവലിക്ക് ഒരാഴ്ചമാത്രം ബാക്കിനിൽക്കെ ലണ്ടൻ നഗരത്തിലും ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന മറ്റ് നഗരങ്ങളിലും അതിനുള്ള ഒരുക്കങ്ങൾ തകൃതിയിലാണ്. സൂപ്പർ മാർക്കറ്റുകളിൽ ദീപാവലി ആഘോഷത്തിനുള്ള ഐറ്റങ്ങൾക്കായി പ്രത്യേക ‘’ഐലു’’കൾ തന്നെ സജ്ജമാക്കിക്കഴിഞ്ഞു. ‘‘ഫയർവർക്സ്’’ വിൽപന സ്റ്റാളുകൾ തുറന്നും സൂപ്പർ മാർക്കറ്റുകൾ ദീപാവലിയെ വിറ്റു കാശാക്കുന്നുണ്ട്. പുതുവൽസരത്തെയും ക്രിസ്മസിനെയും മറികടക്കും വിധത്തിലുള്ള വിൽപനയാണ് ഫയർവർക്സിന് ദീപാവലിക്കുള്ളത്. 

ഓരോ വർഷവും വ്യത്യസ്ത ദിവസങ്ങളിലെത്തുന്ന ദീപാവലി ആഘോഷിക്കുന്നത് ഹിന്ദുക്കളും സിക്കുകാരും ജൈനമതസ്തരുമാണെങ്കിലും കടൽകടക്കുന്നതോടെ ഈ ആഘോഷത്തിന് ജാതി-മത വിത്യാസമില്ല. ബ്രിട്ടനിൽ എല്ലാ ഇന്ത്യക്കാരുടെയും ആഘോഷമാണ് ദീപാവലി. അമേരിക്കയുൾപ്പെടെയുള്ള എല്ലാ വിദേശരാജ്യങ്ങളിലും അങ്ങനെതന്നെ. 

അഞ്ചുദിവസം നീളുന്ന ആഘോഷത്തിന്റെ മുഖ്യദിനം ഈവർഷം ഒക്ടോബർ 19 വ്യാഴാഴ്ചയാണ്. ദീപങ്ങളുടെ ഉൽസവമായി കൊണ്ടാടുന്ന ദീപാവലി ഇരുട്ടിനുമേലുള്ള വെളിച്ചത്തിന്റെ വിജയമായും തിന്മയുടെമേലുള്ള നന്മയുടെ വിജയമായും വ്യാഖ്യാനിക്കപ്പെടുന്നു. മതപരമായ ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും ദീപങ്ങളുടെ ഉൽസവമാണ് ദീപാവലി. വീടുകളും കടകളും വഴിയോരങ്ങളും ദീപങ്ങൾകൊണ്ട് അലങ്കരിച്ച് വർണാഭമാക്കിയും ദീപപ്രഭയ്ക്ക് മകുടം ചാർത്താൻ കരിമരുന്ന് കലാപ്രകടനങ്ങളൊരുക്കിയുമാണ് ദീപാവലിയുടെ ആഘോഷം. 

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവിയെ പ്രത്യേകമായി ആരാധിക്കാനുള്ള അവസരമാണ് വിശ്വാസികൾക്ക് ദീപാവലി. ബിസിനസ് വർഷത്തിന്റെ തുടക്കമായി കരുതുന്നതിനാൽ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള നല്ലദിനമായും ദീപാവലി കുറിക്കപ്പെടുന്നു. 

ദിയ (മൺചിരാത്) എന്നറിയപ്പെടുന്ന ദീപാവലി വിളക്കുകൾ തെളിച്ചാണ് വിദേശത്തും വിശ്വാസികൾ  ദീപാവലി നാളിൽ വീടും പരിസരവും അലങ്കരിക്കുന്നത്. പുതിയ വസ്ത്രങ്ങളണിഞ്ഞും  മധുരപലഹാരങ്ങൾ വിതരണം ചെയ്തും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി സുഹൃത്തുക്കൾക്ക് പങ്കുവച്ചുമാണ് പ്രവാസിയുടെ ദീപാവലി ആഘോഷങ്ങൾ.

ബ്രിട്ടനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. അതുതന്നെയാണ് ദീപാവലിയെ ഇവിടെ വലിയ ആഘോഷമാക്കി മാറ്റുന്നതും. ബ്രിട്ടനിലാകെ 15 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ രണ്ടര ശതമാനത്തോളമാണിത്. ഇതിൽ ഏറെപ്പേരും താമസിക്കുന്നത് ലണ്ടൻ നഗരത്തിലും മറ്റു വൻ നഗരങ്ങളിലുമാണ്. ബ്രിട്ടീഷ് നഗരങ്ങളിലെ പ്രധാനപ്പെട്ട ആഘോഷമാക്കി ദീപാവലിയെ മാറ്റുന്നതും ഇന്ത്യക്കാരുടെ ഈ സജീവ സാന്നിധ്യമാണ്. 

എല്ലാവർഷവും എലിസബത്ത് രാജ്ഞിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേരാറുണ്ട്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഔദ്യോഗികമായും ദീപാവലി ആഘോഷിക്കുന്നു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.