Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിട്ടനിൽ മോട്ടോർവേ ദുരന്തത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

ടോമി വട്ടവനാൽ
Nottingham-accident

ലണ്ടൻ∙ കഴിഞ്ഞ മാസം 25ന് വെള്ളിയാഴ്ച രാത്രി ബ്രിട്ടണിലെ എം-1 മോട്ടോർവേയിൽ മിനിവാനും ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ചേർപ്പുങ്കൽ കടുക്കുന്നേൽ സിറിയക് ജോസഫിന്റെ (ബെന്നി-51) മൃതദേഹം തിങ്കഴാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. അപകടത്തിൽ മരിച്ച വിപ്രോ കമ്പനിയിലെ യുവ മലയാളി എൻജിനീയർ ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ്കുമാർ (28) ഉൾപ്പെടെയുള്ള മറ്റ് ഏഴ് ഇന്ത്യക്കാരുടെയും മൃതദേഹങ്ങളും നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാവരുടെയും പോസ്റ്റുമോർട്ടം റിപ്പോട്ട് പരിശോധിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നലെതന്നെ കൊറോണർ ഫ്യൂണറൽ ഡയറക്ടേഴ്സിന് മൃതദേഹം വിട്ടുനൽകാൻ ഉത്തരവിട്ടു. വിപ്രോ ജീവനക്കാരുടെയും അവരുടെ ബന്ധുക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ കമ്പനി ഒരുമിച്ചാണ് നടത്തുന്നത്.  

ബെന്നിയുടെ മരണസർട്ടിഫിക്കറ്റും ‘ഔട്ട് ഓഫ് കൺട്രി’ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ളവ ഇന്നലെത്തന്നെ പൊലീസ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രതിനിധിയായ മാത്തുക്കുട്ടി ജോൺ ആനകുത്തിക്കലിന് കൈമാറി. ബർമിംങ്ങാമിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നും ഇന്ന് ബെന്നിയുടെ പാസ്പോർട്ട് സ്റ്റാമ്പ് ചെയ്ത് വാങ്ങും. തുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിൽനിന്നും എംബാം സർട്ടിഫിക്കറ്റും ആശുപത്രിയിൽനിന്നും ഇൻഫക്ഷൻ ഫ്രീ സർട്ടിഫിക്കറ്റും ലഭിക്കുന്നതോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കടമ്പകൾ പൂർത്തിയാകും. 

നോട്ടിംങ്ങാമിലെ ‘എ.ഡബ്ല്യു.ലിംസ് ഫ്യൂണറൽ ഡയറക്ടേഴ്സ്’ ഇന്നാകും പൊലീസിന്റെ പക്കൽനിന്നും ബെന്നിയുടെ മൃതദേഹം ഏറ്റുവാങ്ങുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബെന്നിയുടെ ബ്രിട്ടനിലെ വാസസ്ഥലമായ നോട്ടിംങ്ങാമിലുള്ള അർണോൾഡ് ഗുഡ്ഷെപ്പേർഡ് പള്ളിയിൽ പൊതുദർശനത്തിനുവയ്ക്കും. പരേതനുവേണ്ടി പ്രത്യേകം ദിവ്യബലിയും ഒപ്പീസും മറ്റു പ്രാർഥനാ ശുശ്രൂഷകളുമുണ്ടാകും.  

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബർമിംങ്ങാമിൽനിന്നും കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. തിങ്കളാഴ്ച രാവിലെ 9.30ന് നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ ചേർപ്പുങ്കലിലെ കടുക്കുന്നേൽ വീട്ടിലെത്തും. വൈകിട്ട് നാലിന് വീട്ടിൽ സംസ്കാരചടങ്ങുകൾ ആരംഭിക്കും. ചേർപ്പുങ്കൽ ഉണ്ണിമിശിഹാ പള്ളിയിലെ കുടുംബകല്ലറയിലാണ് സംസ്കാരം. 

രാജ്യത്തെ നടുക്കിയ വൻ അപകടത്തിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾക്ക് ഏറെ ക്ഷതം സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബെന്നിയുടെ മുഖത്തിന് കാര്യമായ പരുക്കുകളില്ല. എങ്കിലും പെട്ടി തുറക്കാതെതന്നെ മുഖം കാണത്തക്കവിധം മുകൾഭാഗം ചില്ലിട്ട പെട്ടിയിലാണ് മൃതദേഹം സീൽചെയ്ത് നാട്ടിലേക്ക് അയയ്ക്കുക. നാട്ടിലെ കല്ലറയുടെ അളവിനനുസരിച്ചുള്ള പെട്ടിയിലാണ് മൃതദേഹം സീൽ ചെയ്യുന്നത്.

നോട്ടിംങ്ങാം അർണോൾഡ് ഗുഡ് ഷെപ്പേർഡ് പള്ളിയിലെ സീറോമലബാർ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബിജു കുന്നക്കാട്ടും നോട്ടിങ്ങാമിലെ മലയാളി സമൂഹത്തിന്റെ  പ്രതിനിധികളായി അഡ്വ. ജോബി പുതുക്കുളങ്ങര, സോയി ജോസഫ് എന്നിവരും കുടുംബാംഗങ്ങളോടൊപ്പം മൃതദേഹത്തെ അനുഗമിക്കും. 

ഭാര്യ ആൻസി, മക്കളായ ബെൻസൺ, ബെനീറ്റ എന്നിവർക്കൊപ്പം ബ്രിട്ടനിലുള്ള ആൻസിയുടെ സഹോദരപുത്രൻ പ്രിയനും കുടുംബവും നാട്ടിലേക്ക് പോകുന്നുണ്ട്.

ബെന്നിയുടെ ഉടമസ്ഥതയിലുള്ള എ.ബി.സി. ട്രാവൽസ് എന്ന മിനിവാനാണ് അപകടത്തിൽപെട്ടത്. ഉടമയായ ബെന്നിതന്നെയായിരുന്നു വാൻ ഓടിച്ചിരുന്നതും. യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ട നാല് വിപ്രോ കമ്പനി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും നോട്ടിങ്ങാമിൽനിന്നും ലണ്ടനിലെ വെംബ്ലിയിലുള്ള ടാജ് ടൂർസ് കമ്പനിയിലെത്തിക്കാനായി പോരവേയായിരുന്നു മിൽട്ടൺ കെയിൽസിനു സമീപം പുലർച്ചെ 3.15ന് വാൻ അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട ട്രക്ക് ഡ്രൈവർമാരിൽ ഒരാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പോളണ്ടുകാരനായ ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. 

പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർഥിയായിരുന്ന കാലംമുതൽ കെഎസ്‌സിയുടെ സജീവ പ്രവർത്തകനായിരുന്ന ബെന്നി പതിനാറുകൊല്ലം മുമ്പ് നോട്ടിംങ്ങാമിലെത്തയതുമുതൽ കലാ-സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. പ്രവാസി കേരളാകോൺഗ്രസ് നോട്ടിംങ്ങാംഷയർ യൂണിറ്റിന്റെ പ്രസിഡന്റായ ബെന്നി മുൻപ് നോട്ടിംങ്ങാം മലയാളി അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നോട്ടിംങ്ങാമിലെ സീറോ മലബാർ മാസ് സെന്ററിന്റെ ട്രസ്റ്റിയായും പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.