ബർലിൻ ∙ സ്വന്തം പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനിലെ സിഡിയു വിമതരുടെ നാവ് അടപ്പിച്ചു ചാൻസലർ മെർക്കൽ ടിവിയിൽ പ്രത്യക്ഷപ്പെട്ട് നയം വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് ജർമനിയിലെ രണ്ടാമത്തെ ടിവി ചാനലായ ഇസഡ് ഡിഎഫിലാണ് മെർക്കൽ തന്റെ മനസ്സ് തുറന്നത്.
അടുത്ത നാലു വർഷം ജർമൻ ചാൻസലർ താൻ തന്നെയായിരിക്കും ഇടയ്ക്ക് വച്ചു നിർത്തി വനമാസത്തിനു പോകില്ല. തിരഞ്ഞെടുപ്പ് കാലത്തു ജനത്തിനു കൊടുത്ത വാക്ക് പാലിക്കണം.– മെർക്കൽ തുടർന്നു. ചാൻസലർ ആയിരിക്കുന്നിടത്തോളം കാലം പാർട്ടി അധ്യക്ഷയായി തുടരും. ഇരട്ട പദവി നിലനിർത്തും.

തന്റെ പിൻഗാമിയെ കൃത്യ സമയത്ത് തന്നെ പ്രഖ്യാപിക്കും. അതിനുള്ള സമയമായിട്ടില്ലെന്ന് അറുപത്തി മൂന്നുകാരിയായ മെർക്കൽ മുഖാമുഖത്തിൽ എടുത്ത് പറഞ്ഞു.
ഫെബ്രുവരി 26ന് പുതിയ വിശാല മുന്നണി മന്ത്രിസഭയിലെ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കും. വനിതകൾക്കും 60 വയസ്സിന് താഴെയുള്ളവർക്കും കൂടുതൽ പരിഗണന നൽകും. കൂടുതൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്ന് മെർക്കൽ സൂചിപ്പിച്ചു.
സ്വന്തം പാർട്ടിയിലെ അപസ്വരങ്ങൾ താനെ കെട്ടടങ്ങുമെന്ന് മെർക്കൽ പറഞ്ഞു. ജനാധിപത്യ പാർട്ടിയിൽ ഇത് സ്വഭാവികം തന്നെ.
സോഷ്യലിസ്റ്റ് പാർട്ടിയിലെ പ്രശ്നങ്ങൾ അവർക്കായി വിടുക. ടിവി ചാനലിനു വേണ്ടി ബെറ്റീന ഷുസ്റ്റനാണ് മെർക്കലിനെ ഇന്റർവ്യൂ ചെയ്തത്. നാൽപതു ലക്ഷം പേർ തൽസമയം ഈ മുഖാമുഖം കണ്ടു എന്നാണ് കണക്ക്.