ബർലിൻ∙ പക്ഷിപ്പനിയുടെ മരുന്നാണെന്നു പറയാതെ മനുഷ്യരിൽ പരീക്ഷണം നടത്തിയെന്ന ആരോപണത്തിൽ സ്വിസ് മരുന്നു കമ്പനി നോവാർട്ടിസിനെതിരേ നിയമ നടപടി ആരംഭിച്ചു.
2007ലാണ് കേസിനാസ്പദമായ സംഭവം. യൂറോപ്പിലാകമാനം എച്ച്5 എൻ1 എന്ന പക്ഷിപ്പനി പടർന്നു പിടിച്ച പശ്ചാത്തലത്തിൽ നോവാർട്ടിൽ പോളണ്ടിലെ ഒരു സ്ഥാപനത്തെ ഇതിനെതിരായ പ്രതിരോധ മരുന്ന് പരീക്ഷണത്തിനു ചുമതലപ്പെടുത്തിയിരുന്നു. ഗ്രുഡ്സിയാഡ്സ് എന്ന പോളിഷ് നഗരത്തിലെ ദരിദ്രരായ ജനങ്ങളിൽ കാര്യമറിയിക്കാതെ ഈ മരുന്ന് പരീക്ഷിച്ചു എന്നാണ് പരാതി.
പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് രണ്ടു ഫ്രാങ്ക് വീതം നൽകിയിരുന്നു. എന്നാൽ, എന്തിനുള്ള മരുന്നാണെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ല. ചിലരോട് സാധാരണ പനിക്കെതിരായ പ്രതിരോധ മരുന്നാണെന്ന് നുണ പറയുകയും ചെയ്തിരുന്നു.