Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമൻ മുൻചാൻസലർ ഡോ.ഹെൽമുട്ട് കോൾ അന്തരിച്ചു

Helmut-Kohl

ബർലിൻ∙ ജർമനിയുടെ മുൻ ചാൻസലറും ജർമൻ പുന:രേകീകരണത്തിന്റെ പിതാവുമായ ഹെൽമുട്ട് കോൾ(87) അന്തരിച്ചു. ജർമനിയിലെ പടിഞ്ഞാറൻ സംസ്ഥാനമായ റൈൻലാൻഡ് പ്ളാറ്റ്സിലെ  ലുഡ്വിഗ്സ്ഹാഫനിലുള്ള സ്വവസതിയിൽ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 9.15 നായിരുന്നു അന്ത്യം.

സമകാലിക യൂറോപ്യൻ രാഷ്ട്രീയത്തിലെ അതികായ വ്യക്തിത്വവുമായ ഹെൽമുട്ട് കോളിന് പകരം വെയ്ക്കാൻ ആരുംതന്നെ ഇല്ല.വീഴ്ചയെ തുടർന്ന് കാൽമുട്ടിനു പരുക്കേറ്റ അദ്ദേഹം ഓപ്പറേഷനു ശേഷം 2008 മുതൽ വീൽചെയറിലായിരുന്നു. 

രണ്ടാം ലോകമഹായുദ്ധാനന്തരം ജർമനിയെ ഏറ്റവും കൂടുതൽ കാലം നയിച്ച രാഷ്ട്രീയ നേതാവായ കോൾ, 1989 ൽ ബർലിൻ മതിൽ പൊളിയ്ക്കാൻ മുൻനിരയിലുണ്ടായിരുന്നു. ജർമൻ ഏകീകരണത്തിലും യൂറോ എന്ന ഏകീകൃത ഇയു രാജ്യങ്ങളുടെ കറൻസിയുടെ രൂപീകരണത്തിലും നിർണായക പങ്കുവഹിച്ച കോളിനെ, ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം രൂപപ്പെടുത്തിയ പ്രമുഖരുടെ കൂട്ടത്തിൽ ഒന്നാമനാക്കി.

1989/90 ൽ ജർമനിയുടെ ഏകീകരണം സാധ്യമാക്കിയ കോൾ ചരിത്രത്തിൽ ചിരപ്രതിഷ്ഠനായി. അന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറിൻറെയും റഷ്യൻ പ്രസിഡൻറായിരുന്ന ഗോർബച്ചോവിൻറെയും എതിർപ്പുകളെ അതിജീവിച്ചാണ് കോൾ ജർമനിയുടെ ഏകീകരണം നടപ്പിലാക്കിയത്. 1982 മുതൽ 1998 വരെ തുടർച്ചയായി നാലു തവണ (16 വർഷം) കോൾ ജർമൻ ചാൻസലറായിരുന്നു. ഓട്ടോ വോൺ ബിസ്മാർക്കിനുശേഷം (1867 മുതൽ 1890 വരെ) ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ചാൻസലറാണ് കോൾ. 

യൂറോപ്യൻ ഐക്യം സ്വപ്നം കണ്ടിരുന്ന  കോളിന്റെ  ഭരണകാലമായ 1989 നവംബറിലാണ് കിഴക്കൻ ജർമനിയെയും പടിഞ്ഞാറൻ ജർമനിയെയും വേർതിരിച്ചിരുന്ന ബർലിൻ മതിൽ നിലം പൊത്തിയതും ഇരുജർമനികളും ഒന്നായതും. യൂറോയുടെ ഉപജ്ഞാതാക്കളിൽ മുൻപന്തിയിൽ നിന്നയാളാണ് കോൾ.

ഒരിയ്ക്കൽ ജർമനിയുടെ ഗർജ്ജിയ്ക്കുന്ന സിംഹമായിരുന്ന കോൾ വിടവാങ്ങി. 16 വർഷം തുടർച്ചയായി ജർമനിയെ നയിച്ച് രാജ്യങ്ങളുടെ മുൻനിരയിൽ എത്തിയ്ക്കുക മാത്രമല്ല ഒരു യുഗം തന്നെ രചിച്ച രാഷ്ട്രീയ നേതാവെന്ന നിലയിൽ ഏറെ ആദരം പിടിച്ചു പറ്റിയ വ്യക്തിയായിരുന്നു ഡോ. ഹെൽമുട്ട് കോൾ. 1973 മുതൽ 2000 വരെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന്റെ അദ്ധ്യക്ഷനായിരുന്നു കോൾ. 2000 ൽ പാർട്ടിയ്ക്ക് കോഴയായി ലഭിച്ച വൻതുക കോൾ തട്ടിയെടുത്തു എന്ന ആരോപണം കോളിന അടിമുടി പിടിച്ചുലച്ചെങ്കിലും കേസ് തെളിവില്ലാതെ പോയി.

1930 ഏപ്രിൽ മൂന്നിന് ലുഡ്വിഗ്സ്ഹാഫനിലാണ് കോൾ ജനിച്ചത്. 1969 മുതൽ 1976 വരെ റൈൻലാന്റ് പ്ളാറ്റ്സ് മുഖ്യമന്ത്രിയായിരുന്നു കോൾ. കോളിന്റെ ആദ്യ ഭാര്യ ഹനലോറെ കോൾ മാരകരോഗം പിടിപെട്ടതിന്റെ ആഘാതത്തിൽ 2001 ൽ ആത്മഹത്യ ചെയ്തു. പിന്നീട് ഏകനായിരുന്ന കോൾ, സ്വന്തം സെക്രട്ടറിയിരുന്ന പ്രായത്തിൽ വളരെ ചെറുപ്പമായ മൈക്ക് കോൾ-റിച്ച്റ്ററിനെ 2008 ൽ വിവാഹം ചെയ്തു. വാൾട്ടർ കോളും,പീറ്റർ കോളും ആദ്യഭാര്യയിലെ കോളിന്റെ മക്കളാണ്.

കോളിന്റെ അനുമതി കൂടാതെ തന്റെ ജീവചരിത്രകാരനും സിഡിയുവിന്റെ മുൻ പ്രസിഡന്റുമായ ഹെരിബെർട്ട് ഷ്വാൻ എഴുതിയ ‘ലെഗസി ദി കോൾ പ്രോട്ടോക്കോൾസ് ‘എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പേരിൽ  സ്വാൻ പത്ത് ലക്ഷം യൂറോ (ഏഴ് കോടി രൂപാ) നഷ്ടപരിഹാരമായി നൽകിയിരുന്നു.

2014 ൽ പുറത്തിറക്കിയ ഈ ഗ്രന്ഥം ബെസ്റ്റ് സെല്ലർ പദവി നേടിയിരുന്നു.

യൂറോപ്യൻ യൂണിയന്റെ വിപുലീകരണവും യൂണിയന്റെ ഏകീകൃത നാണയമായ യൂറോയുടെ പ്രാബല്യവും കോളിന്റെ ഭരണത്തിലെ ദീർഘവീക്ഷണത്തിന്റെ പര്യായമാണ്. നിലവിലെ ചാൻസലർ അംഗലാ മെർക്കലിന്റെ രാഷ്ട്രീയഗുരു കൂടിയാണ് കോൾ. റഷ്യൻ പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചോവിന്റെ വിശസñനായിരുന്നു കോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.