Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
pope1

വത്തിക്കാൻസിറ്റി∙ ചരിത്രം കുറിക്കുന്ന  ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ(യുഎഇ) ഈ മാസം മൂന്നിന് ആരംഭിക്കും. ലോകരാജ്യങ്ങളും വിശ്വാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന പാപ്പായുടെ സന്ദർശനത്തിനായി യുഎഇ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

അബുദാബി കിരീടാവകാശിയും യുഎഇ യുഎഇ സായുധസേനാ വൈസ് പ്രസിഡന്റും കത്തോലിക്കാ സമൂഹത്തിന്റെ ചുമതലയുമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് പാപ്പായുടെ രണ്ടുദിന സന്ദർശന പരിപാടി. 

മാർപാപ്പായുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് അവിടുത്തെ ജനങ്ങൾക്കുവേണ്ടി വത്തിക്കാൻ മാർപാപ്പായുടെ ഒരു വീഡിയോ സന്ദേശവും പുറത്തുവിട്ടു. ഇറ്റാലിയൻ ഭാഷയിൽ നടത്തിയ സന്ദേശത്തിന് അറബിയിൽ തത്സമയമുള്ള പരിഭാഷയും ശബ്ദലേഖനം ചെയ്തിട്ടുണ്ട്.മൂന്നുമിനിറ്റ് ദൈർഘ്യമുള്ള സന്ദേശം  അൽ അലാമൂ അലൈയ്ക്കും (നിങ്ങൾക്കു സമാധാനം)  എന്ന അറബിഭാഷയിലുള്ള ആശംസയോടെയാണ് ആരംഭിക്കുന്നത്.

മാനവിക സാഹോദര്യത്തെ സംബന്ധിച്ച് അബുദാബിയിൽ നടക്കുന്ന രാജ്യാന്തര സംഗമത്തിൽ പങ്കെടുക്കാൻ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പാപ്പായെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാപ്പായുടെ യുഎഇ സന്ദർശനം. പാപ്പായുടെ സന്ദർശനം വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനും ലോകസമാധാനത്തിനായി  ഒരുമിച്ചുള്ള പ്രവർത്തനത്തെ സഹായിക്കാൻ സാധിക്കുമെന്നും ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ ക്ഷണിച്ചതിനും പാപ്പായുടെ സന്ദർശനത്തിനായി രാജ്യം നടത്തുന്ന ഒരുക്കങ്ങൾക്കും വിഡിയോ സന്ദേശത്തിൽ പാപ്പാ പ്രത്യേകം നന്ദി അർപ്പിച്ചുകൊണ്ട് എല്ലാ വിജയങ്ങളും ആശംസിക്കുന്നുണ്ട്.  

pope2

പാപ്പായുടെ വീഡിയോ സന്ദേശം ഇങ്ങനെ:

കൂട്ടായ്മയുടെ നാടാണ് യുഎഇ. മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും രാജ്യം. വംശങ്ങളും സംസ്കാരങ്ങളും തമ്മിൽ കൂട്ടായ്മയുടെ മാതൃകയായി വിളങ്ങുന്ന രാജ്യം. ജനങ്ങൾക്ക് ജോലിചെയ്വാനും സമാധാനത്തോടെ ജീവിക്കാനും തടസമില്ലാതെ ഉപജീവനം തേടാനും സാധിയ്ക്കുന്ന രാജ്യം. വൈവിദ്ധ്യങ്ങളെ ഏറെ ആദരിക്കാൻ ലോകത്തെ പഠിപ്പിയ്ക്കുന്ന രാഷ്ട്രമെന്ന എമിറേറ്റ്സ് എന്ന ഓമനപ്പേരിൽ ലോകം അംഗീകരിക്കുന്ന യുഎഇ സന്ദർശിക്കുന്നതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.

യുവജനങ്ങൾ നാടിന്റെ സമ്പത്താണ്. ഭാവിയുടെ വാഗ്ദാനങ്ങളാണ്. ഇപ്പോഴത്തെ  ജീവിതത്തെ ക്രമീകരിച്ച് ഭാവിയിലേയ്ക്കു പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ജനതയെയാണ്  യുഎഇയിലുള്ളത്. ‘യഥാർത്ഥമായ ധനം എന്നു പറയുന്നത് ഭൗതിക സമ്പത്തിലും അതിൻറെ മറ്റു സ്രോതസുകളിലും മാത്രമല്ല അടങ്ങിയിരിയ്ക്കുന്നത്.  രാജ്യത്തിന്റെ ഭാവി ജനതയുടെ ശൈകളിലാണ് കുടികൊള്ളുന്നത്. അതു കരുപ്പിടിപ്പിക്കുന്നതും ആ നാട്ടിലെ ജനതയാണ്.അതാണ് ആ നാടിന്റെ വിലമതിക്കുന്ന സമ്പത്ത് എന്നു പറയുന്നത്.യുഎഇയുടെ സ്ഥാപകനും രാഷ്ട്രപിതാവുമായ ഷെയ്ക് സെയിദിന്റെ വാക്കുകളും മാർപാപ്പാ സന്ദേശത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.

വിശ്വാസം ഒരിക്കലും ഒരു വിഭജിക്കില്ലയെന്നും സന്ദേശത്തിൽ പാപ്പാ ചൂണ്ടിക്കാണിയ്ക്കുന്നു. സർവസാഹോദര്യത്തിലൂടെ യുഎഇ സംഗമത്തിന് വഴിയൊരുക്കാനുള്ള ധൈര്യവും സന്മനസ്സും കാട്ടിയ തൻറെ സഹോദരനും സുഹൃത്തുമായ ഈജിപ്തിലെ വലിയ ഇമാമും, അൽഅസാർ യൂണിവേഴ്സിറ്റിയുടെ ചെയർമാനുമായ ഡോ. അഹമ്മദ് അൽതയ്വേബിനും സന്ദേശത്തിൽ  പാപ്പാ നന്ദിപറഞ്ഞു. മനുഷ്യൻറെ ദൈവത്തിലുള്ള വിശ്വാസം ഒരിക്കലും നമ്മെ രണ്ടായി മുറിക്കില്ലെന്നും പാപ്പാ പറഞ്ഞു.

മനുഷ്യർക്കിടയിൽ ഉണ്ടാകുന്ന വെറുപ്പും വൈരാഗ്യവുമാണ് മനുഷ്യരെ തമ്മിൽ വിഭജിക്കുന്നതെന്നും പാപ്പാ പറഞ്ഞു. എന്നാൽ വിശ്വാസമാകട്ടെ  മനുഷ്യരെ ഐക്യപ്പെടുത്തുമെന്ന ഒരു വസ്തുതയാണ്.മനുഷ്യർ വ്യത്യസ്തരായിരിക്കുമ്പോഴും സഹോദരങ്ങളായിരിക്കാം, എന്നു പാപ്പാ അഭിപ്രായപ്പെടുന്നു. മതങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ ഒരു പുതിയ അദ്ധ്യായം യുഎഇ സന്ദർശനത്തോടെ ചരിത്രത്തിൽ തുറക്കുമെന്ന് താൻ കരുതുന്നതായി പാപ്പാ സന്ദേശത്തിൽ വെളിപ്പെടുത്തുന്നു.

‘സയിദിന്റെ പുത്രീപുത്രന്മാരെ സയീദിന്റെ ഭവനത്തിൽ‘   സമൃദ്ധിയുടെയും സമാധാനത്തിൻറെയും നാട്ടിൽ, സൂര്യതാപത്തിൻറെയും, എന്നാൽ സ്നേഹകൂട്ടായ്മയുടെയും നാട്ടിൽ, സംഗമത്തിൻറെയും സഹവർത്തിത്വത്തിൻറെയും മണ്ണിൽ എത്താനും  നേരിൽ കാണാനും സംവദിക്കാനും കഴിമെന്ന ഉത്തമ വിശ്വാസത്തിലുള്ള മഹത്തായ സന്തോഷം മാർപാപ്പായുടെ വാക്കുകളിൽ പ്രതിഫലിയ്ക്കുന്നുണ്ട്.  തനിക്കുവേണ്ടിയും താൻ നടത്തുന്ന  യാത്രയ്ക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും നേരിൽക്കാണുംവരെ ഏറെ നന്ദിയും ഒപ്പം ഭാവുകങ്ങളോടുംകൂടെ എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്. തന്റെ യുഎഇ യാത്രയ്ക്കു വഴിതെളിച്ച നല്ലവനായ ദൈവത്തോടു ഹൃദയം തുറന്നുള്ള നന്ദിയുണ്ടെന്നും പാപ്പാ പറഞ്ഞു.

സമാധാനം, സഹിഷ്ണുത, സാഹോദര്യം എന്നിവയുടെ  പ്രതീകമാണ് പാപ്പാ. അതു പ്രചരിപ്പിക്കാനുള്ള ചരിത്രപരമായ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് യുഎഇ.എണ്ണൂറു വർഷങ്ങൾക്ക് ശേഷമാണ്ഒരു മാർപാപ്പായുടെ  ചരിത്രപരമായ ഗൾഫ് പര്യടനം. 

pope-uae

സന്ദേശത്തിന്റെ വിഡിയോ ലിങ്ക്:

https://youtu.be/X-ZPd3F-79k

പാപ്പായുടെ സന്ദർശന പരിപാടി:

ഫെബ്രുവരി 3 : ഞായർ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക പേപ്പൽ വിമാനത്തിൽ യാത്ര പുറപ്പെടുന്ന പാപ്പ രാത്രി പത്തുമണിയ്ക്ക് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ നൽകുന്ന സ്വീകരണത്തെ  തുടർന്ന് വിശ്രമിയ്ക്കും. നാലിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കു പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം.12.20 ന്  കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച നടത്തും. വൈകുന്നേരം അഞ്ചു മണിയ്ക്ക്  അബുദാബി ഗ്രാൻഡ് മോസ്കിൽ (ഷെയിഖ് സയിദ് മോസ്ക്) മുസ്‍ലിം കൗൺസിൽ ഓഫ്  എൽഡേഴ്സ് അംഗങ്ങളുമായി ചർച്ച നടത്തും. വൈകുന്നേരം 6.10 ന് ഫൗണ്ടേഴ്സ് മെമ്മോറിയലിൽ മതാന്തര സമ്മേളനത്തിൽ പാപ്പാ പ്രഭാഷണം നടത്തും.(ഇതിന്റെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും).

ചൊവ്വാഴ്ച രാവിലെ 9.15 ന് അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ സന്ദർശനം നടത്തുന്ന ഭാപ്പാ കത്തോലിക്കാ ബിഷപ്പുമാരുമായി കൂടിക്കാണും. തുടർന്ന് 10.30 ന് സയിദ് സ്പോർട്സ് സിറ്റിയിൽ പാപ്പാ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും (ഇതിന്റെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും). തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം ഉച്ചയ്ക്ക് 12.40 ന് പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകും. ഒരുമണിക്കു റോമിലേയ്ക്ക് മടങ്ങും. വൈകിട്ട് അഞ്ചിന് റോമിലെ ചംപിനോ വിമാനത്താവളത്തിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.