Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാവോസിലെ ഇന്ത്യൻ ‘സ്ഥാനപതി’; ഇവിടെയുമുണ്ട് മലയാളി, അറിയാം ഈ നഗരത്തെ

davos-town ഡാവോസ് നഗരം

ഡാവോസും എക്കണോമിക് ഫോറവും ഒക്കെ പണ്ടേ ഉള്ളതാണെങ്കിലും മലയാളി മനസ്സിലേക്ക് ഓർത്തിരിക്കേണ്ട പേരുകളായി ഇവ രണ്ടും ക്രാഷ് ലാൻഡിംഗ് നടത്തുന്നത്, 2006 ജനുവരി 27 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയിലൂടെയാണ്. 1978 ലെ റഷ്യൻ സന്ദർശനത്തിന് ശേഷം പാന്റ്സ് ധരിച്ചിട്ടില്ലാത്ത ഉമ്മൻ ചാണ്ടി, ഡാവോസിലെ മഞ്ഞിലേക്ക് മുണ്ടും, ഷർട്ടും, സാദാ ചെരിപ്പും ധരിച്ചു ജനുവരി 26 ന് എത്തിയത് കേരളത്തിലേക്ക് സംരംഭകരെ ആകർഷിക്കാനായിരുന്നു. ജനുവരി 31 നായിരുന്നു മടക്ക ടിക്കറ്റ്. ഇതിനിടയിൽ താമസിച്ചിരുന്ന ഹോട്ടലിന് മുന്നിൽ മഞ്ഞിൽ തെന്നി വീണു. ഇടുപ്പെല്ലിന് പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനുമായി. കേരള മുഖ്യമന്ത്രി ഇവിടെ പെട്ടുപോയ ദിവസങ്ങളിലെല്ലാം, ഡാവോസിനെ കുറിച്ച് മലയാളി ആവർത്തിച്ചു കേട്ടുകൊണ്ടിരുന്നു.

അതുക്കും മേലെ ഡാവോസ്

ജനുവരി 22 മുതൽ 25 വരെയാണ് ഈ വർഷത്തെ സാമ്പത്തിക ഫോറം. പോയ വർഷം ആറ് ക്യാബിനറ്റ് മന്ത്രിമാർ, മറൈൻ വൺ ഹെലികോപ്റ്ററുകൾ, യുഎസ്സ് പ്രസിഡന്റിന്റെ സ്വന്തം വാഹനവ്യൂഹം തുടങ്ങിയ സന്നാഹങ്ങളുമായി എത്തിയ ഡോണൾഡ് ട്രംപ്, ഈ വർഷവും വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചതാണ്. മെക്‌സിക്കൻ അതിർത്തിയിലെ മതിലിനെച്ചൊല്ലിയുണ്ടായ അനിശ്ചിതത്തിൽ ഡാവോസിലേക്കുള്ള വരവ് റദ്ദാക്കാൻ നിർബന്ധിതനായതായി കഴിഞ്ഞ ദിവസ്സം ട്രമ്പിന്റെ അറിയിപ്പെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജർമ്മൻ ചാൻസലർ ആംഗേല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങി എഴുപതോളം രാഷ്ട്രത്തലവന്മാർ, ലോക ബാങ്ക്, രാജ്യാന്തര നാണ്യനിധി, രാജ്യാന്തര വ്യാപാര സംഘടന എന്നിവയുടെ മേധാവികൾ ഉൾപ്പെടെ ബിസിനസ്, രാഷ്ട്രീയം, കല, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം എന്നീ മേഖലകളിൽ നിന്നായി 2500 ൽ അധികം ഔദ്യോഗിക പ്രതിനിധികളാണ് നാലു ദിവസത്തെ സാമ്പത്തിക ഫോറത്തിൽ കഴിഞ്ഞ വർഷം പങ്കെടുത്തത്. ട്രംപിന് വരാനായില്ലെങ്കിലും ഈ വർഷവും ഉണ്ടാവും വിവിഐപി കൂട്ടത്തിന്റെ നീണ്ട നിര.

ഓരോ രാഷ്ട്രത്തലവന്മാരോടും, മറ്റു പ്രമുഖരോടുമൊപ്പം ഒരു പട തന്നെ അകമ്പടിയായി കൂടെയുണ്ടാവും. അങ്ങനെ വരുമ്പോൾ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ വരുന്ന ഒഫിഷ്യൽ ഡെലിഗേറ്റസിന്റെ എത്രയോ ഇരട്ടിയാണ്, ഡാവോസെന്ന സ്വിറ്റസർലന്റിലെ ഇടത്തരം പട്ടണത്തിലേക്ക് ഈ ദിവസങ്ങളിൽ കൂട്ടത്തോടെ എത്തുന്നത്. 

davos-congress-centre

സ്വിറ്റ്സർലൻഡിലെ ഗ്രാവ്ബുൺഡെൻ പ്രവിശ്യയുടെ തെക്ക് കിഴക്കൻ മൗണ്ടൻ റിസോർട്ട് മേഖലയിലാണ് ഡാവോസ്. സമുദ്രനിരപ്പിൽ നിന്നും 1560 മീറ്റർ ഉയരത്തിൽ ആൽപ്സിലെ ഏറ്റവും ഉയരത്തിലുള്ള പട്ടണം എന്നാണ് വിശേഷണം. ജനുവരിയിൽ ഇവിടം മുഴുവൻ മഞ്ഞു മൂടികിടക്കും. ട്രംപിനും, മറ്റ് പ്രമുഖർക്കും സൂറിക് വിമാനത്താവളം വരെയേ വിമാനത്തിൽ വരാൻ പറ്റൂ. എയർഫോഴ്സ് 1 അവിടെയിട്ട ശേഷം മറൈൻ 1 ഹെലികോപ്റ്ററിലാണ് ട്രംപ് ഡാവോസിലേക്ക് പോവുക. ഹെലികോപ്റ്ററിന് അല്ലാതെ ചെറു വിമാനങ്ങൾക്ക് പോലും ഡാവോസിലിറങ്ങാൻ പറ്റില്ല. ട്രംപിനെപോലുള്ള വിരലിൽ എണ്ണാവുന്ന രാഷ്ട്ര നേതാക്കൾ മാത്രമാണ് ഹെലികോപ്റ്ററിൽ ഡാവോസിൽ എത്താൻ അനുമതി. അല്ലാത്തവർക്ക് റോഡോ, റെയിലോ ശരണം. സൂറിക് വിമാനത്താവളത്തിൽ നിന്നും എങ്ങനെ പോയാലും ഡാവോസിലേക്ക് 155 കി. മീറ്ററിൽ ഒട്ടും കുറയില്ല. കാറിലോ, ട്രെയിനിലോ ആണെങ്കിൽ രണ്ട്‌ മണിക്കൂർ മിനിമം കൂട്ടണം. ട്രെയിനിലാണെങ്കിൽ ഒന്ന് മാറിക്കയറാതെ ഡാവോസിൽ എത്താനും പറ്റില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, പോയ വർഷം ഡാവോസിലേക്ക് സൂറിക്കിൽ നിന്നും വന്നത് കാറിലും, മടങ്ങിയത് ഹെലികോപ്റ്ററിലുമാണ്.

സാമ്പത്തിക ഫോറം നടക്കുന്ന ദിവസങ്ങളിൽ സൂറിക് എയർപോർട്ട് വിവിഐപികളുടെ വിമാനങ്ങൾ കൊണ്ട് നിറയും. ലാൻഡിങ്ങിന് ശേഷം എയർഫോഴ്സ് 1 പോലുള്ള ഒഴിച്ചുകൂടാനാവാത്ത എയർക്രാഫ്റ്റുകൾ മാത്രം സൂറിക്കിൽ നിർത്തി, സാധ്യമായതിനെയെല്ലാം സമീപ വിമാനത്താവളങ്ങളിലേക്ക് പാർക്കിങ്ങിനായി മാറ്റും. ഡബ്ള്യു ഇ ഫ് കാലത്തു സ്വിറ്റസർലന്റിലെ ഹെലികോപ്റ്റർ ടാക്സികൾക്കും, ലിമോസിൻ കാറുകൾക്കും തിരക്കോടു തിരക്കാണ്. ഡാവോസിലെ നിരത്തുകളും, പാർക്കിംഗ് സ്പേസുകളും ലിമോസിൻ കാറുകൾ കൊണ്ടു നിറയും.

ഡാവോസിനെന്താ കൊമ്പുണ്ടോ?

ഒരു യുഎൻ സമ്മേളനം കൂടാനുള്ളത്ര വിവിഐപി കൾഎത്തുന്നുണ്ടെങ്കിലും, ഒരു മഹാ നഗരത്തിന്റെ സൗകര്യങ്ങൾ ഒന്നുമില്ലാത്ത ആൽപ്സിലെ ഡാവോസ് എന്ന ഇടത്തരം പട്ടണം, വേൾഡ് എക്കണോമിക് ഫോറത്തിന്റെ സ്ഥിരം വേദിയായി തീർന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതുണ്ട്. ആൽപ്സിലെ ഏറ്റവും ഉയരത്തിലുള്ള പട്ടണത്തിലെത്താൻ ആകെ മൂന്ന് വഴികളാണുള്ളത്. അതിലെ മൗണ്ടൻ പാസ്, മഞ്ഞുകാലത്ത് സഞ്ചാരയോഗ്യമല്ല. ബാക്കി രണ്ടു വഴികളിലൂടെയും, റെയിൽ മാർഗം വരുന്നവരെയും പരിശോധനവിധേയമാക്കുന്നത് പൊലീസിനും, സ്വിസ്സ് ആർമിക്കും താരതമ്യേന എളുപ്പമാണ്. ഐഡി കാർഡും, സന്ദർശനോദ്ദേശ്യവും സംശയരഹിതമായി വിശദീകരിക്കാതെ ഡാവോസിലേക്ക് ആർക്കും പ്രവേശനമില്ല.

SWITZERLAND-DAVOS-POLITICS-ECONOMY-DIPLOMACY-SUMMIT

നഗര തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു, സമ്മേളനത്തിന്റെ സുരക്ഷിതത്വത്തിനും, സ്വകാര്യതയ്ക്കും ഭൂമിശാസ്ത്രപരമായി അവസരമൊരുക്കുന്നത്, ഡാവോസിലേക്ക് ഡബ്ള്യു ഇ എഫിനെ ആകർഷിക്കുകയായിരുന്നു. ഡാവോസിലെ ശുദ്ധമായ വായുവും, പ്രകൃതിയും പോസറ്റിവ് എനർജി തരുമെന്നാണ് പറയപ്പെടുന്നത്. ശ്വാസകോശ, ആസ്ത്മ രോഗമുള്ളവരുടെ റിഹാബിലിറ്റേഷൻ ചികിത്സയ്ക്ക് പണ്ടുമുതലേ പ്രശസ്‌തമാണ്‌ ഡാവോസ്. 

മുതലാളിത്വത്തിനും, ആഗോളവൽക്കരണത്തിനും എതിരെ കൈകോർക്കുന്നവർ, എല്ലാ വർഷവും സാമ്പത്തിക ഫോറത്തിനെതിരെ പ്രതിഷേധവുമായി എത്താറുണ്ട്. എന്നാൽ ഇവരുടെ പ്രതിഷേധങ്ങൾ സൂറിക്കിലോ, തലസ്ഥാനമായ ബേണിലോ ഒതുക്കാറാണ് പതിവ്. ഡാവോസിൽ പ്രതിഷേധങ്ങൾ ഉയരാതിരിക്കുന്നതിലെ അധികൃതരുടെ മിടുക്കിന്റെ പിന്നിലെ രഹസ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെ. സമ്മേളനകാലത്ത് ഡാവോസിന് മുകളിലുള്ള ആകാശ പാതയ്ക്ക് സമ്പൂർണ നിരോധനമാണ്. വ്യോമ സുരക്ഷയുടെ കാര്യം സ്വിസ്സ് മിലിട്ടറിയുടെ ഫൈറ്ററുകളും, ജർമ്മൻ, ഓസ്ട്രിയൻ എയർഫോഴ്സുകളും ഏറ്റെടുക്കും. ഗ്രാവ്ബുണ്ടൻ, സൂറിക് സ്‌റ്റേറ്റ് പൊലീസുകൾക്കാണ് സുരക്ഷയുടേയും, ക്രമാസമാധാനപാലനത്തിന്റെയും ചുമതല. ഇവരോടൊപ്പം 4500 ഓളം ആർമി ഭടൻമാരും ചേരും. ഒരു സമ്മേളനത്തിനുള്ള സുരക്ഷാ സംവിധാനം ഒരുക്കുന്നതിനുള്ള ചിലവ് 80 ലക്ഷം സ്വിസ്സ് ഫ്രാങ്കാണ്. ഇത് പ്രാദേശിക, പ്രവിശ്യ, ഫെഡറൽ സർക്കാരുകളും, ഡബ്ള്യു ഇ എഫും തുല്ല്യമായി വഹിക്കുന്നു.

ഡാവോസിലെ ബില്ല്, മഞ്ഞിലും പൊള്ളും

മുഖ്യ സമ്മേളന സ്ഥലമായ കോൺഗ്രസ്സ് സെന്ററിലും, വിവിധ ഹോട്ടലുകളുടെ കോൺഫറൻസ് ഹാളുകളിലുമാണ് സാമ്പത്തിക ഫോറം നടക്കാറുള്ളത്. രാത്രികളിൽ പാർട്ടികളും നടക്കുന്നു. വരുന്ന രാഷ്ട്ര നേതാക്കൾക്കും, കോർപറേറ്റ് മേധാവികൾക്കും പദവിക്കും, ഗ്രെഡിങ്ങിനും അനുസരിച്ചു ഹോട്ടലുകളും, ഹാളുകളും അനുവദിക്കുന്നത്, സംഘാടകരുടെ വിവേചനാധികാരത്തിൽപ്പെട്ടതാണ്. ട്രംപിനും, മോദിക്കും ഹോട്ടൽ ഇന്റർകോണ്ടിനെന്റിലായിരുന്നു താമസം അനുവദിച്ചിരുന്നത്.

സ്വിറ്റസർലന്റിലെ ഏറ്റവും ചിലവേറിയ പ്രദേശങ്ങളുടെ മുൻ നിരയിലാണ് ഡാവോസ്. ജനുവരിയിൽ താപനില മൈനസിന് താഴെയും. വിന്റർ സ്പോർട്ടിനാണ് ഇവിടെ കൂടുതലായി ആളുകൾ എത്തുന്നത്. ഹോട്ടലുകൾക്കും, അപ്പാർട്മെന്റുകൾക്കും, ഭക്ഷണത്തിനും മറ്റും പൊതുവെ ചെലവേറും. ലോക സാമ്പത്തിക ഫോറം നടക്കുന്ന ദിവസങ്ങളിൽ ഹോട്ടലുകളുടെ നിരക്ക് 10 ഇരട്ടിയോളം വർദ്ധിക്കും. സൗകര്യവും, ആവശ്യക്കാരും തമ്മിലുള്ള അന്തരം ഫോറം നടക്കുന്ന ദിവസങ്ങളിൽ പരകോടിയിൽ എത്തുമെന്നതിനാൽ, കിട്ടുന്നത് പോരട്ടെ എന്ന സമീപനമാണ്. പുറമെ നിന്ന് വരുന്നവർക്ക് ഡാവോസിൽ ഒരു ദിവസം, മിനിമം ക്ളാസ്സിൽ പിടിച്ചു നിൽക്കണമെങ്കിൽ (സമ്മേളന ചെലവ് കൂട്ടാതെ) ശരാശരി 1500 (1.05 ലക്ഷം രൂപ) ഫ്രാങ്ക് വരുമെന്നാണ് കണക്ക്.

ചില സാമ്പിളുകൾ സ്വിസ്സ് ഫ്രാങ്കിൽ(ഒരു സ്വിസ്സ് ഫ്രാങ്ക്, 70 രൂപയോളം): ജോണി വാക്കർ ബ്ലാക് ലേബൽ വിസ്കി ഒരു സ്മോളിന് 13, മൂന്ന് കി. മീറ്റർ വരെയുള്ള ടാക്സി സർവീസിന് 35. ബ്രെക് ഫാസ്റ്റ്: ചുരുങ്ങിയത് 30 ഫ്രാങ്കാവും. ഒരു കപ്പ് കോഫി, പുഴുങ്ങിയ മുട്ട, ബ്രെഡ്, കൂടെ ബേക്കൺ, ബട്ടർ, ജാമോ തേനോ, ഒരു ഗ്ലാസ് ഓറഞ്ചു ജ്യുസ് എന്നതാണ് മിക്കയിടത്തേയും പാക്കേജ്. ഡിന്നർ: റസ്റ്ററന്റിൽ കയറി സ്വിസ്സ് സ്പെഷ്യലുകളുള്ള ശരാശരി ഡിന്നറിനാണ് ഉദ്ദേശ്യമെങ്കിൽ 220 ഫ്രാങ്കിൽ ഒട്ടും കുറയില്ല. താമസം: ഫർണിഷ്ഡ് പ്രൈവറ്റ് അപ്പാർട്മെന്റുകൾ റെന്റിന് നൽകുന്ന പോർട്ടലായ എയർ ബിഎൻബിയിൽ, പോയ വർഷം സമ്മേളനം നടന്ന ജനുവരി 25, 26 ദിവസങ്ങളിൽ മടക്ക് കട്ടിലുള്ള ചെറിയ മുറിക്ക് ഈടാക്കിയത് 1670 ഫ്രാങ്കാണ്. നാല് പേർക്ക് സൗകര്യമുള്ള ഒരു ചെറിയ അപ്പാർട്മെന്റിന് ഒരു ദിവസത്തേക്ക് 2584 ഫ്രാങ്കും. ടു സ്റ്റാർ ഹോട്ടലിൽ ബ്രെക് ഫാസ്റ്റ് ഉൾപ്പടെ ഒരു രാത്രിക്കു ഈടാക്കിയിരുന്നത് 1125 ഫ്രാങ്കാണ്.

ഡാവോസിലെ ഇന്ത്യൻ 'സ്ഥാനപതി'

തൊടുപുഴ കരിമണ്ണൂർ പറത്താഴം വീട്ടിൽ ജോസിനെ അങ്ങനെ വിളിക്കാതെയും, എഴുതാതെയും ഡാവോസിനെ കുറിച്ചു ഇന്ത്യൻ ഭാഷകളിലുള്ള ഒരു എഴുത്തും പൂർണമാവില്ല. ഉമ്മൻചാണ്ടി വീണപ്പോൾ ഡാവോസിലെ ആശുപത്രിയിൽ രാവിലെ പുട്ടും, കടലയും, അത്താഴത്തിന് കഞ്ഞിയും, ചമ്മന്തിയും എത്തിച്ചിരുന്നത് ജോസും, ഭാര്യ കൈനകരി മൂലെക്കാട്ട് വീട്ടിൽ മറിയാമ്മയുമാണ്. ശസ്ത്രക്രിയ കഴിഞ്ഞു മടങ്ങിയ ശേഷം, ഇടുപ്പിനകത്തെ പ്ലേറ്റ് എടുക്കാനായി വീണ്ടും വന്നപ്പോൾ ഉമ്മൻചാണ്ടി താമസിച്ചതും ജോസിന്റെ വീട്ടിൽ.

പ്രമുഖ വ്യവസായി എം. എ.യുസഫലി 11 വർഷമായി സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നു. ജോസിന് അത്രയും വർഷത്തെ പരിചയം അദ്ദേഹവുമായുണ്ട്. സാമ്പത്തിക ഫോറത്തിന് ഒരോ തവണ വരുമ്പോഴും യൂസഫലിയും, സംഘവും രണ്ട് തവണയെങ്കിലും ജോസിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിരിക്കാറുണ്ട്. അത്താഴത്തിന് കഞ്ഞിയും, ചമ്മന്തിയുമാണ് യൂസഫലിക്ക് പ്രിയം. ഇത് കിട്ടുന്ന ഹോട്ടലുകളൊന്നും ഡാവോസിലില്ല. എന്നാൽ ജോസ് അത് യൂസഫലിക്ക് കൃത്യമായി എത്തിച്ചിരിക്കും.

jose-prathazham-infront-of-hotal-intercontinental ജോസ്

ഉമ്മൻ ചാണ്ടിക്കും, യുസഫലിക്കും മാത്രമല്ല, ഇവിടെയെത്തുന്ന ഏത് ഇന്ത്യക്കാരനും ഡാവോസിലെ ആശ്രയമാണ് ജോസ് പറത്താഴം. ലോക സാമ്പത്തിക ഫോറത്തിന്റെ മേളങ്ങൾ 1982 മുതൽ ഡാവോസിൽ കണ്ടുകൊണ്ടിരിക്കുന്ന ജോസ് പറത്താഴത്തിന്, ഇടയ്ക്ക് ഇന്ത്യൻ എംബസ്സിയിൽ നിന്നും സഹായങ്ങൾക്കായി വിളി വരും. 37 വർഷങ്ങളായി ജോസ് ഡാവോസിലെത്തിയിട്ട്. ആദ്യമൊക്കെ ആറ് മാസം മഞ്ഞു മൂടിക്കിടക്കുന്ന ഡാവോസ് വിട്ട് പോകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സ്വന്തം വീടും, നല്ല സൗകര്യങ്ങളുമൊക്കെയായി ഇവിടെ തന്നെ അങ്ങ് ഉറപ്പിച്ചു. ആൺമക്കൾ മൂന്ന് പേരും: ജെസ്റ്റിൻ, ജാൻസൺ, സ്റ്റെഫാൻ ജോലിസംബന്ധമായി സൂറിക് മേഖലയിലാണെങ്കിലും ഡാവോസ് വിട്ട് ജോസും, മറിയാമ്മയും എങ്ങോട്ടുമില്ല.

ഡാവോസോ, ദാവോസോ? ഏതാണ് ശരിയെന്ന് ജോസിനോട് തന്നെ ചോദിക്കാം. സ്വിറ്റസർലന്റിൽ കേൾക്കുന്ന വാമൊഴികളിൽ ഡാവോസാണ് (DAVOS), ദാവോസല്ല. സംശയത്തിന് യു ട്യൂബിൽ ഡാവോസിനെ പലപ്രാവശ്യം കേട്ടുറപ്പിച്ചോളാൻ ജോസിന്റെ വക 'ടിപ്പ്'. ഉറപ്പിച്ചു, ഡാവോസ് തന്നെ. തന്റെ സ്വന്തം ജെറ്റിൽ മകളുടെ ഭർത്താവിനും, അഞ്ചു സഹായികൾക്കുമൊപ്പം എത്തിയ എം.എ. യൂസഫലി, സൂറിക് എയർപോർട്ടിൽ നിന്നും ഡാവോസിലേക്ക് വന്നതും, മടങ്ങിയതും ലിമോസിനിലാണ്. മുകേഷ് അംബാനി രണ്ട് മണിക്കൂർ എടുത്തു വന്നതും, പോയതും കാറിൽ തന്നെയെന്നും ജോസിന്റെ സാക്ഷ്യം.

ഡാവോസിലെ ജനസംഖ്യ 11000 വരും. സ്വകാര്യതയ്ക്കും, പ്രതിപക്ഷ ബഹുമാനത്തിനും വില കൽപ്പിക്കുന്ന സ്വിസ്സ് സംസ്കാരത്തിൽ, ഡാവോസിൽ വളരെ അപൂർവമായി നടക്കുന്ന ചില്ലറ പ്രതിഷേധങ്ങളിൽ നാട്ടുകാർക്ക് ഒരു പങ്കുമില്ല. പുറമെ നിന്ന് കണ്ണുവെട്ടിച്ചു വരുന്നവരാണ്, ഇവിടെ ചെറിയ തോതിലെങ്കിലും പ്രതിഷേധം പ്രകടിപ്പിക്കാൻ ശ്രമിക്കാറ്. കഴിഞ്ഞ തവണയും വളരെ ചെറിയ തോതിൽ ഒരു പ്രതിഷേധം ഇവിടെ നടന്നു. എന്നാൽ അതിന്റെ ഒറ്റ ചിത്രം പോലും പുറത്തു പോകാത്തവിധമാണ് പോലീസ് സംഭവം കൈകാര്യം ചെയ്തതെന്ന് ജോസ് പറഞ്ഞു. അമേരിക്കൻ പ്രതീകങ്ങളിലാണ് പ്രതിഷേധക്കാരുടെ കണ്ണ്. ഡാവോസിലുയരുന്ന ഏത് ചെറിയ രോഷത്തെപോലും ആദ്യം ഏറ്റു വാങ്ങാനുള്ള നിയോഗം, ഇവിടെ പ്രവർത്തിച്ചിരുന്ന മക്ഡൊണാൾഡ്സ് ശാഖയ്ക്കായിരുന്നു. ഇതൊരു പതിവായി മാറിയതോടെ, അവർ പണ്ടേ കട പൂട്ടി സ്ഥലം കാലിയാക്കി.

ഡബ്ള്യു ഇ എഫ് തുടങ്ങുന്നതിന് മുമ്പേ വിവിധ രാഷ്ട്രങ്ങളിലെ സെക്യുരിറ്റി ഉദ്യോഗസ്ഥർ ഡാവോസിലെത്തി സുരക്ഷാസജ്ജീകരണങ്ങൾ സ്വിസ്സ് അധികൃതരുമായി വിലയിരുത്താറുണ്ട്. കേരള കേഡറിലെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ തലവനുമായ അരുൺകുമാർ സിൻഹയും, സംഘവും, മോദിക്ക് മുമ്പേയും, മോദിക്ക് ഒപ്പവും രണ്ട് തവണയാണ് കഴിഞ്ഞ വർഷം ഡാവോസിലെത്തിയതെന്ന് ജോസ് ആധികാരികമായി തന്നെ പറയുന്നു. ഡാവോസിലെ വഴികളിലൂടെ ഇന്ത്യൻ 'സ്ഥാനപതി' ക്കൊപ്പം നടക്കുമ്പോൾ പരിചയക്കാരാണ് മിക്കവരും.

എന്താണീ ലോക സാമ്പത്തിക ഫോറം?

സ്വിസ്സ് സാമൂഹ്യ സംരംഭകനായ ക്ലോസ് ഷ്വാബ് 1971 ൽ ജനീവയിലാണ് വേൾഡ് എക്കണോമിക് ഫോറത്തിന് തുടക്കം കുറിക്കുന്നത്. ആഗോള വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാനും പരിഹാരങ്ങൾ നിർദേശിക്കാനും ഭരണ, വ്യവസായ നേതാക്കൾക്കുള്ള പൊതുവേദി എന്നാണ് വിശേഷണം. അതിലധികമായി പറഞ്ഞാൽ രാഷ്ട്രത്തലവന്മാർക്കും, വ്യവസായ പ്രമുഖർക്കും തങ്ങളെ സ്വയം അവതരിപ്പിക്കാനും, ആഗോള നിക്ഷേപകരെ ആകർഷിക്കാനും, ഡീലുകൾ ഉറപ്പിക്കാനും അവസരമൊരുക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ലോകത്തുള്ള എല്ലാ വൻകിട ബ്രാൻഡുകളുടെയും, കമ്പനികളുടെയും മേധാവികളും, സർക്കാർ പ്രതിനിധികളും ചേരുന്ന വരേണ്യ ക്ലബ്ബ് എന്ന വിശേഷണവുമാകാം.

davos-security-2 ഡാവോസിലെ സുരക്ഷ

2016 ലെ വാർഷിക റിപ്പോർട്ട് പ്രകാരം 228 മില്യൺ സ്വിസ്സ് ഫ്രാങ്കാണ് ഡബ്ള്യുഇ എഫിന്റെ വാർഷിക വരുമാനം. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിജിറ്റൽ ഇക്കണോമി, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, ഐടി, പരിസ്ഥിതി, ഊർജം തുടങ്ങിയ മേഖലകളിലെ വികസനത്തിനായി ചെലവിടുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ പ്രധാന വരുമാനം അതിന്റെ പാർട്ടണർ കമ്പനികളിൽ നിന്നുള്ള വാർഷിക മെമ്പർഷിപ്പിൽ നിന്നാണ്. എൻട്രി ലെവൽ മുതൽ പ്രീമിയം ക്ളാസ് വരെ വിവിധ തലങ്ങളിലാണ് അംഗത്വം. മെമ്പർഷിപ്പ് ക്ലാസ് അനുസരിച്ചാണ് ഫോറത്തിലെ വിവിധ സെഷനുകളിലേക്കും, ചടങ്ങുകളിലേക്കുമുള്ള പ്രവേശനാനുമതി.

ബേസിക് ലെവൽ ആനുവൽ മെമ്പർഷിപ്പിന് മുടക്കേണ്ടത് 68000 സ്വിസ്സ് ഫ്രാങ്ക്. എന്നാൽ ഇതുകൊണ്ട് ഒരാൾക്കുള്ള ഡെലിഗേറ്റ് പാസ്സ് കിട്ടുമെങ്കിലും, സെഷനുകളിലേക്കുള്ള പ്രവേശനത്തിന് ഇത് പോരാ. ഡബ്ള്യു ഇ എഫിൻന്റെ ഘടനയുടെ ഡിസ്പ്ളേ ട്രീയുടെ ഏറ്റവും മുകളിലുള്ള 100 പാർട്ടണർ കമ്പനികൾ വാർഷിക മെമ്പർഷിപ്പ് ഫീസായി നൽകുന്നത് ആറ് ലക്ഷം ഫ്രാങ്കാണ്. ഇവർക്ക് ഇതുകൊണ്ട് അഞ്ചു പേർക്കുള്ള പാസ്സാണ് കിട്ടുക. മുൻ നിരയിൽ സ്ഥാനം തുടങ്ങിയ സ്പെഷ്യൽ സൗകര്യങ്ങളും ഇവർക്ക് പ്രതീക്ഷിക്കാം. എന്നാൽ നാലു ദിവസങ്ങളിലായി നടക്കുന്ന എല്ലാ മീറ്റിങ്ങുകളിലും, ചടങ്ങുകളിലും സംബന്ധിക്കണമെന്നുണ്ടെങ്കിൽ 18000 ഫ്രാങ്ക് മുടക്കി ഇവർക്കും ടിക്കറ്റ് വേറെ എടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.