ബ്രസൽസ്∙ യൂറോപ്യൻ യൂണിയനിലെ 28 രാജ്യങ്ങളിലെ തിരച്ചറിയൽ രേഖകളിലും വിരലടയാളം നിർബന്ധമാക്കുന്നു. ജർമനിയിൽ 2004 ൽ പാസാക്കിയ ബയോമെട്രിക്ക് പാസ്പോർട്ട് നിയമം വന്നതു മുതൽ ജർമൻ പാസ്പോർട്ടുകളിലും തിരച്ചറിയൽ കാർഡുകളിലും ഫോട്ടോയോടൊപ്പം വിരലടയാളം രേഖപ്പെടുത്തിയ ഒരു ചിപ്പ് കാർഡ് കൂടി ഉണ്ട്.
യൂറോപ്യൻ യൂണിയനിലെ 28 രാജ്യങ്ങളിലെ ഓരോ പൗരന്റേയും പാസ്പോർട്ടിലും തിരിച്ചറിയൽ കാർഡിലും വിരലടയാളം രേഖപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനമെടത്തു. ഇതു നിലവിൽ വരുന്നതു മുതൽ കുറ്റക്യത്യങ്ങളിലോ, വാഹനാപകടങ്ങളിലോ പെടുന്ന അവസരത്തിൽ പോലീസിനും, മറ്റ് ഔദ്യോഗിക സർക്കാർ കാര്യാലയങ്ങൾക്കും പാസ്പോർട്ട് വിവരങ്ങളും - വിരലടയാളവും ഓൺലൈനിൽ ശേഖരിക്കാൻ സാധിക്കും. അതോടൊപ്പം കുറ്റക്യത്യങ്ങൾ നടത്തുന്നവരെ വളരെ വേഗത്തിൽ കണ്ടുപിടിക്കാനും ഭീകരക്യത്യങ്ങൾ ഒരു പരിധിവരെ തടയാനും പൊലീസിനു സാധിക്കും.