Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പോള്‍ ആറാമന്‍ മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക്

ജോസ് കുമ്പിളുവേലില്‍
Paul-6th

വത്തിക്കാന്‍സിറ്റി ∙ 2014 ഒക്ടോബര്‍ 19 ന് വാഴ്ത്തപ്പെട്ടവന്‍ പദവിയിലേയ്ക്കുയര്‍ത്തിയ പോള്‍ ആറാമന്‍ മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേയ്ക്ക്. ഗര്‍ഭത്തില്‍ വെച്ചുതന്നെ മാരക രോഗം ബാധിച്ച ശിശുവിന്‍റെ രോഗം പോള്‍ ആറാമന്‍റെ മധ്യസ്ഥതയില്‍ മാറിയത് അദ്ഭുതമായി കണക്കാക്കിയാണ് വിശുദ്ധ നാമകരണത്തിനായി വത്തിക്കാന്‍ തിരുസംഘം ഒരുങ്ങുന്നത്.

ഇറ്റലിയിലെ വെറോണ സ്വദേശിനി അഞ്ചുമാസത്തെ ഗര്‍ഭിണിയായപ്പോഴാണ് കുട്ടിയുടെയും അമ്മയുടെയും ജീവന്‍ തന്നെ അപകടത്തിലാവുന്ന രോഗം പിടിപെട്ടത്. സംഭവം അറിഞ്ഞയുടനെ ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ദേശിച്ചുവെങ്കിലും തികഞ്ഞ ഈശ്വര വിശ്വാസിയായ സ്ത്രീ സമ്മതിച്ചില്ല. അവര്‍ പ്രാർഥനയില്‍ മാത്രം അഭയം തേടി. പോള്‍ ആറാമന്‍റെ മധ്യസ്ഥതയില്‍ പ്രാര്‍ഥിച്ചു. ഒടുവില്‍ പോള്‍ ആറാമന്‍റെ ജന്മസ്ഥലമായ ബ്രെസിക പട്ടണത്തിലെ തീര്‍ഥാടന കേന്ദ്രമായ സാന്‍റോറയോ ഡെലെല്‍ ഗ്രേസിയില്‍ എത്തി പ്രാർഥനയില്‍ മുഴുകി. ഏതാനും ആഴ്ചകള്‍ക്കു ശേഷം ലഭിച്ച അനുഗ്രഹത്തിന്‍റെ പൂമഴയില്‍ അമ്മയുടെയും കുട്ടിയുടെയും രോഗം മാറിയതായി സ്ഥിരീകരിയ്ക്കപ്പെട്ടു. ഇവരാകട്ടെ പിന്നീട് ആരോഗ്യവതിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. അമ്മയും കുട്ടിയും ഇപ്പോള്‍ കുഴപ്പം കൂടാതെ  കഴിയുകയുമാണ്. 

വിശുദ്ധ പ്രഖ്യാപനത്തിനുള്ള അവസാന നടപടിയായ ഡിക്രിയില്‍ മാര്‍പാപ്പ ഒപ്പുവച്ചാലുടനെ നാമകരണ തീയതിയും പുറത്തുവിടും. ഈ വര്‍ഷം ഒക്ടോബര്‍ 21നു നടക്കുന്ന യൂത്ത് സിനഡില്‍ നാമകരണം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

1897 സെപ്റ്റംബര്‍ 26 ന് ജിയോവാന്നി ബത്തീസ്ത മൊന്തീനിയായി ജനിച്ച പോള്‍ ആറാമന്‍ 1978 ഓഗസ്റ്റ് ആറിന് എണ്‍പതാമത്തെ വയസിലാണ് കാലം ചെയ്തത്.1954 ല്‍ മിലാന്‍ അതിരൂപതയുടെ അധ്യക്ഷനായി. 1958 ല്‍ കര്‍ദ്ദിനാളായി. 1963 ല്‍ ജോണ്‍ 23ാമന്‍റെ കാലശേഷം പിന്‍ഗാമിയായി, 262 ാംമത്തെ മാര്‍പാപ്പയായി. പോള്‍ ആറാമന്‍റെ കാലത്താണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പൂര്‍ത്തീകരണം നടന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട പോപ്പുലോരും പ്രോഗ്രസിയോ (ജനതകളുടെ പുരോഗതി) എന്ന ചാക്രികലേഖനത്തെ കൂടാതെ ഹുമാനേ വീത്തേ (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനം ഏറെ വിഖ്യാതമാണ്. ഇതു പുറത്തിറങ്ങിയിട്ട് അന്‍പതാമത്തെ വര്‍ഷമാണിത്.

പോള്‍ ആറാമന്‍റെ കാലത്താണ് മാര്‍പാപ്പമാര്‍ ഇറ്റലിക്കു പുറത്തു യാത്ര ചെയ്യുന്ന കീഴ്വഴക്കം തുടങ്ങിവച്ചത്. 1964 ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര പൊതുസഭയിലും പ്രസംഗിച്ചിട്ടുള്ള അദ്ദേഹം ഒട്ടനവധി  അന്താരാഷ്ട്രപ്രശ്നങ്ങളില്‍ സമാധാനദൂതനായി ഇടപെട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.