Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സകലകലകളിലും വിളങ്ങി ‘ജാനറ്റ്’

janat

സൂറിക്∙അമ്മയുടെ പാട്ടുകേട്ട് രണ്ടാംവയസിലാണ് അവള്‍ മൂളിത്തുടങ്ങുന്നത്. പിച്ചവയ്ക്കാന്‍ ആരംഭിച്ചപ്പോഴേ കാലുകള്‍ ചുവടുവച്ചു. ചുണ്ടില്‍ സംഗീതവും ചുവടില്‍ നടനവും വിളങ്ങിയതോടെ പ്രതിഭയുടെ മാറ്റ് ലോകമറിഞ്ഞു. ജാനറ്റ് മാത്യൂസ് ചെത്തിപ്പുഴ എന്ന മലയാളിനാമം അതിരുകള്‍ ഭേദിച്ച് പേരും പ്രശസ്തിയും ആര്‍ജിച്ചത് കലയുടെ കരുത്തിലാണ്. ലോകമെമ്പാടുമുള്ള മലയാളികളില്‍ അഭിമാനവും വിദേശികളില്‍ ആരാധനയും നിറച്ച് വലിയ ഉയരങ്ങള്‍ താണ്ടുകയാണ് ഈ കൊച്ചുമിടുക്കി.

സ്വിറ്റ്‌സര്‍ലൻഡിലെ സൂറികില്‍ സ്ഥിരതാമസമാക്കിയ സിബി ജിന്‍സി ദമ്പതികളുടെ മകളായി സംഗീത പരമ്പര്യമുള്ള കുടുംബത്തിലാണ് ജാനറ്റിന്റെ ജനനം. രണ്ടാംവയസില്‍ അമ്മയ്‌ക്കൊപ്പം മൂളിപ്പാട്ട് ആരംഭിച്ച ജാനറ്റ് മൂന്നാംവയസില്‍ വേദികളില്‍ പാടിത്തുടങ്ങി. അമ്മ തന്നെയായിരുന്നു ആദ്യ ഗുരു. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയായിരുന്നു തുടക്കം. കേളി ഇന്റര്‍നാഷണല്‍ കലാമേള, ഭാരതീയ കലോല്‍സവം എന്നിവയില്‍ ഈ കൊച്ചുമിടുക്കി ചെറുപ്രായത്തിലേ ശ്രദ്ധാകേന്ദ്രമായി. 

janat2

പള്ളിയില്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ആലപിച്ചിരുന്ന ജാനറ്റ് ഏവരുടേയും പ്രശംസയും ഏറ്റുവാങ്ങി. വലിയ വേദികളില്‍പോലും ചെറുപ്രായത്തിലേ പാടുവാന്‍ അവസരം ലഭിച്ച ഈ കലാകാരി തന്റെ സ്‌കൂളില്‍ ഇംഗ്ലീഷിലും, ജര്‍മ്മനിലും സോളോ സോഗ് പാടുന്നതിലും കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിലെ ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ കീഴിലാണ് കര്‍ണാട്ടിക് സംഗീതം അഭ്യസിക്കുന്നത്.

മൂന്നാംവയസിലേ നൃത്തം ചെയ്യാനാരംഭിച്ച ജാനറ്റിന് കൂടുതല്‍ പ്രോത്സാഹനം നല്കിയതും അമ്മ ജിന്‍സിയായിരുന്നു. ആദ്യ സ്‌റ്റേജ് പ്രകടനത്തിന് നൃത്തം പഠിപ്പിച്ചതും അമ്മ തന്നെ. കലാരത്‌നം ജ്ഞാനസുന്ദരി ആയിരുന്നു നൃത്തത്തില്‍ ആദ്യ ഗുരു. മൂന്നാം വയസില്‍ത്തന്നെ നിരവധി സ്‌റ്റേജുകളില്‍ സോളോ നൃത്തം അവതരിപ്പിച്ച ജാനറ്റ് തുടര്‍ന്ന് ഭരതനാട്യം, മോഹിനിയാട്ടം, കേളി ഇന്റര്‍നാഷണല്‍ കലാമേളയുടെ ബോളിവുഡ് ഡാന്‍സ്, ഭാരതീയ കലോല്‍സവം, വേള്‍ഡ് ഓഫ് ഹിഡന്‍ ഐഡല്‍, ഐബിസി ചാനല്‍ റിയാലിറ്റി ഷോ എന്നിവയിലെല്ലാം വിജയിയായി. ചിലങ്ക ഡാന്‍സ് സ്‌കൂളിലെയും, ഡാന്‍സ് ക്യാംപുകളിലെയും നിറ സാന്നിധ്യമാണ് ജാനറ്റ്.

janat3

വേള്‍ഡ് ഹിഡന്‍ ഐഡല്‍2016 വിജയിയായ ജാനറ്റ് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലും ആരാധകരുള്ള താരമാണ്. മുപ്പത് ഫൈനലിസ്റ്റുകളിലെ പ്രായം കുറഞ്ഞ മത്സരാര്‍ഥിയായ ജാനറ്റ് ക്ലാസിക് നൃത്തരൂപങ്ങളായ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഒന്നാംസ്ഥാനവും കരസ്ഥമാക്കി. പൈതല്‍ എന്ന സംഗീത ആല്‍ബത്തിനായി മൂന്ന് പാട്ടുകള്‍ പാടിയ ജാനറ്റ് വളരെപ്പെട്ടെന്നാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ച് പറ്റിയത്. സ്വിറ്റ്‌സര്‍ലൻഡിലെ സാംസ്‌കാരിക കൂട്ടായ്മകളില്‍ ജാനറ്റിന്റെ കലാവിരുന്ന് സുപ്രധാന ഇനമാണിന്ന്. ക്രിസ്മസ്, ഈസ്റ്റര്‍, ഓണം എന്നീ ആഘോഷവേളകളില്‍ സഹോദരനായ ജോയലിനൊപ്പം വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിലും ഈ മിടുക്കി കഴിവ് തെളിയിച്ചിട്ടുണ്ട്. 

പെന്‍സില്‍ ഡ്രോയിംഗിലും നിരവധി സമ്മാനങ്ങൾ നേടി. ആറാം വയസു മുതല്‍ വയലിനും അഭ്യസിക്കുന്ന ജാനറ്റ് സ്വിറ്റ്‌സര്‍ലൻഡിലെ സൂറിക് മ്യൂസിക് സ്‌കൂളില്‍നിന്നും ലെവല്‍4 പാസാകുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലും നന്നായി പാടുന്ന ജാനറ്റിന്റെ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആയിരിക്കണക്കിനു വരുന്ന ഇന്ത്യന്‍, യൂറോപ്യന്‍ ആരാധകര്‍. കലാമേഖലയിലെ നേട്ടങ്ങള്‍ക്ക് ഈ വര്‍ഷത്തെ ഗര്‍ഷോം യങ് ടാലന്റ് അവാര്‍ഡും ഈ കൊച്ചുകലാകാരിയെ തേടിയെത്തി. ഡിസംബര്‍ ഒന്നിന് ദുബായില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാരം ജാനറ്റ് ഏറ്റുവാങ്ങി. സൂറിച്ചിലെ 2017 ഇന്റര്‍നാഷണല്‍ കലാമേളയില്‍ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ലൈറ്റ് മ്യൂസിക് എന്നിവയില്‍ ഒന്നാംസ്ഥാനം നേടി കലാരത്‌നയായി തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു നേട്ടങ്ങള്‍:

$ കലാമേള മ്യൂസിക് നൈറ്റ് 2017ല്‍ മ്യൂസിക് ഡയറക്ടര്‍ ഔസേപ്പച്ചനൊപ്പം പങ്കെടുത്തു.

$ ഗ്രെയ്‌സ് ബാന്‍ഡ് ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് ഹൃദയാജ്ഞലി 2016, നാട്യതരംഗൈ 2017 (ഭരതനാട്യം റിയാലിറ്റി ഷോ), വയലിന്‍ കണ്‍സേര്‍ട്ട് 2017 എന്നിവയില്‍ പങ്കെടുത്തു.

$ പൈതല്‍ ( ആല്‍ബം 2016), പനിനീര്‍ മഴയില്‍ ( ആല്‍ബം 2017 ) എന്നിവയില്‍ പാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.