Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഉരുകുന്ന മഞ്ഞുപാളികളിൽ തെളിയുന്നത്

ടിജി മറ്റം
Glacier

സൂറിക്∙ സ്വിറ്റ്സർലന്റിലെ വാലിസിലെ സ്റ്റേറ്റ് പൊലീസ്, ഈ മേഖലയിലെ ആൽപ്സിൽ പല കാലങ്ങളിലായി കാണാതായ 300 ഓളം പേരുടെ ഡാറ്റാബാങ്ക് ഈയിടെ ഒന്ന് പുതുക്കി. കാരണം ഇതാണ്, വർഷങ്ങളായി കാണാതായവരുടെ ശരീരഭാഗങ്ങൾ മഞ്ഞുരുകി കണ്ടെത്തുന്നത് പതിവായികൊണ്ടിരിക്കുന്നു. നേരത്തെ എല്ലാം തയ്യാറാക്കിവച്ചാൽ, പണി കുറയുമല്ലോ!

റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ ചിലത്:
സ്വിസ്സ് ആൽപ്‌സ് പാസ്സായ ല്യോഷണിൽ നിന്നും 2012 ൽ കണ്ടെടുത്ത തടികൊണ്ടുള്ള ലഞ്ചു ബോക്‌സിന് 4000 വർഷത്തെ പഴക്കമാണ് ഗവേഷകർ നിർണയിച്ചത്.അടുത്തിടെയാണ് 75 വർഷങ്ങൾക്കു മുമ്പ് കാണാതായ ദമ്പതികളുടെ മൃതദേഹം അഴുകാതെ സാൻ ഫ്ളോയ്‌റോൺ ഗ്ലേസിയറിൽ നിന്നും കണ്ടുകിട്ടി സംസ്‌കരിച്ചത്.

മുപ്പത് വർഷം മുൻപു കാണാതായ ജർമൻ പർവ്വതാരോഹകന്റെ മൃതദേഹം വാലിസിലെ ലഗ്ഗിൻ ഹോണിലെ മഞ്ഞുപാളിയിൽ നിന്നും വീണ്ടെടുത്തിട്ട് ദിവസങ്ങൾ മാത്രം. ഫ്രഞ്ചു ആൽപ്‌സായ മോണ്ട് ബ്ലാങ്കിലെ ബോസൺസ് ഗ്ലേസിയറിൽ നിന്നും അടുത്തിടെ കണ്ടുകിട്ടിയ മനുഷ്യ കൈയ്യും, തുടയുടെ ഭാഗങ്ങളും ഫോറൻസിക് ഫലം കാത്തിരിക്കുന്നു. 1950 ലും, 1966 ലും ഈ ഭാഗത്തു തകർന്നു വീണ രണ്ട് എയർ ഇന്ത്യ അപകടങ്ങളിലേതാവാമെന്നാണ് നിഗമനങ്ങൾ.‌

കാലാവസ്ഥ വ്യതിയാനംമൂലം ആൽപ്‌സിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകി രക്ഷിച്ചെടുക്കാനാവാത്ത വിധം അപകടാവസ്ഥയിയിലാണെന്നതാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലുള്ള യാഥാർഥ്യം. സൂറിക് ഫെഡറൽ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി, ഫ്രെയ്‌ബുർഗ് യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസറും സ്വിസ്സ് ഗ്ലെസിയർ മോണിട്ടറിംഗ് നെറ്റ് വർക് തലവനുമായ മത്തിയാസ് ഹുസ് നൽകുന്ന കണക്കുകൾ പ്രകാരം,166 വർഷത്തിനിടയിൽ 49 ശതമാനം മഞ്ഞുപാളികളാണ് ആൽപ്‌സിലെ സ്വിസ്സ് മേഖലയിൽ നിന്ന് മാത്രം അപ്രത്യക്ഷമായത്.

1850 കാലഘട്ടത്തിൽ ഈ മേഖലയിൽ 1.735 ലക്ഷം ഹെക്ടർ വരുന്ന മഞ്ഞുപാളികളാണ് രേഖപ്പെടുത്തിയിരുന്നത്. 1973 ആയപ്പോഴേക്കും ഇത് 1.307 ലക്ഷത്തിലേക്കും, 2016 ൽ 0.89 ലക്ഷം ഹെക്ടറിലേക്കും ചുരുങ്ങി. ആൽപ്‌സിലെ സ്വിസ്സ് പർവ്വതങ്ങളിൽ 1850 കാലത്ത്‌ 130 കുബിക് മീറ്റർ അളവിൽ ഐസ്‌ ഉണ്ടായിരുന്നിടത്തു, ഇപ്പോൾ അവശേഷിക്കുന്നത് 54 കുബിക് മീറ്ററിൽ മാത്രമാണ്. 60 ശതമാനത്തോളം ഗ്ലെസിയറാണ് ഈ കാലയളവിൽ ഉരുകി പോയതെന്നും പ്രൊഫ. ഹുസ് സമർത്ഥിക്കുന്നു. ആൽപ്‌സിലെ സ്വിസ്സ് മേഖലയിൽ 1973 ൽ ചെറുതും, വലുതുമായി 2150 ഗ്ലെസിയർ ഉണ്ടായിരുന്നിടത്തു നിലവിലുള്ളത് 1400 മാത്രം.

പ്രൊഫ. ഹുസിന്റെ അഭിപ്രായത്തിൽ കാർബൺ ഡയോക്‌സൈഡ് പുറം തള്ളുന്നതിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കുറേകൂടി കർശനമാക്കിയാലും, 2100 ഓടെ ഗ്ലേസിയറിലെ 80 ശതമാനത്തോളം അപ്രത്യക്ഷമാവും. ആഗോളതപനം മഞ്ഞുപാളികളെ വളരെ വേഗത്തിലാണ് ബാധിച്ചിട്ടുള്ളത്. 2008 ന് ശേഷമാണ് ഈ സവിശേഷത കൂടുതലും. പോയ വർഷം മാത്രം സ്വിസ്സ് ആൽപ്സിൽ നിന്ന് ഒരു കുബിക് മീറ്ററിലെ ഗ്ലെസിയറും, ഇതുവഴി 900 ബില്യൺ ലിറ്റർ ജലവും ഒഴുകിപോയി. ഐസ് പാളികളുടെ ഖനം പ്രതിവർഷം ഒരു മീറ്റർ എന്ന അളവിലാണ് കുറഞ്ഞു കൊണ്ടിരിക്കുന്നത്. യുറോപ്പിലാകെ താപനില ക്രമാതീതമായി ഉയരുന്നതുമൂലം ഗ്ലെസിയറുകളുടെ നഷ്‌ടം ഈ വർഷം വലുതായിരിക്കുമെന്നും പ്രൊഫ. ഹുസ്സ് പ്രവചിക്കുന്നു.

ആൽപ്‌സ് രാജ്യമായ സ്വിറ്റസർലന്റിനെ ഗ്ലെസിയറുകളുടെ നഷ്‌ടം എങ്ങനെയൊക്കെ ബാധിക്കാമെന്നും പ്രൊഫ. ഹുസ്സ് വിശദീകരിക്കുന്നു.
ജലസ്രോതസ്: വിന്ററിൽ ജലം സംഭരിക്കുകയും, സമ്മറിൽ നിയന്ത്രിത അളവിൽ തുറന്ന് വിടുകയും ചെയ്യുന്നതാണ് മഞ്ഞുപാളികളുടെ ധർമ്മം. ഒരു വലിയ ഭൂപ്രദേശത്തിന്റെ മൊത്തം ജലചക്രവുമായി അഭേദ്യമായ ബന്ധമാണുള്ളത്. നദികളിലും, തടാകങ്ങളിലും വെള്ളം കുറയും, പർവത മേഖലകളിൽ മാത്രമല്ല, താഴ്വാരങ്ങളിലും ജല ദൗർലഭ്യത്തിനു കാരണമാകും.

ടൂറിസം: സ്വിസ്സ് ടൂറിസത്തിൽ അഭേദ്യമായ ബന്ധമാണ് മഞ്ഞിനുള്ളത്. ആൽപ്സിലെ മഞ്ഞിന്റെ ഭംഗി കാണാനാണ് ടൂറിസ്റ്റുകളുടെ വരവ്. ആൽപ്‌സ് അവിടെത്തന്നെ കാണുമെങ്കിലും, മഞ്ഞുമേഘലകൾ വളരെ ചുരുക്കം പ്രദേശങ്ങളിലേക്ക് ചുരുങ്ങും. സ്വിസ്സ് ടൂറിസത്തിന്റെ അവതരണം മൊത്തത്തിൽ ഒന്ന് മാറ്റി പിടിപ്പിക്കേണ്ടി വരും.

ഊർജസ്രോതസ്: ആണവ എനർജി സമയബന്ധിതമായി ഡി കമ്മീഷൻ ചെയ്യാൻ ഹിതപരിശോധനയിലൂടെ തീരുമാനം എടുത്ത രാജ്യത്ത്, പകരം ഊർജ്ജത്തിനായി കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത് ഹൈഡ്രോ എനർജിയെയാണ്. ജല വൈദ്യുതിയുടെ നല്ലൊരു ഭാഗം സംഭരിക്കുന്നതാകട്ടെ, പർവ്വതമേഖലകളിലെ നിശ്ചല തടാകങ്ങളിൽ നിന്നും. മഞ്ഞുപാളികളുടെ തപനത്തിലൂടെ വെള്ളം നിറഞ്ഞു കവിഞ്ഞു ആദ്യഘട്ടത്തിൽ പ്രയോജനം ഇല്ലാതെ നഷ്ടപ്പെടുന്നതിന് പുറകെ, നിശ്ചല തടാകങ്ങളിലും, ഡാമുകളിലും ജല ദൗർലഭ്യമാണ് കാത്തിരിക്കുന്നത്.തെറ്റുന്ന പരിസ്ഥിതി: ലാൻഡ്സ്കേപ്പിലും, ആവാസ ഘടനയിലും കാര്യമായ മാറ്റങ്ങൾക്കിടയാക്കും. ചില പ്രദേശങ്ങളിൽ വെള്ളം കയറും, പുതിയ തടാകങ്ങൾ രൂപംകൊള്ളും.

ഉയരുന്ന സമുദ്രജലനിപ്പ്‌: 2100 ഓടെ സമുദ്രജലനിരപ്പ്‌ 0.3 മുതൽ ഒരു മീറ്റർ വരെ ഉയരുമെന്നാണ് പ്രവചനം. സ്വിറ്റസർലന്റിന് സമുദ്ര സാമീപ്യമില്ലെങ്കിലും, ആൽപ്‌സിലെ മാത്രമല്ല എല്ലാ പർവ്വതങ്ങളിലെയും മഞ്ഞുപാളികൾ ഉരുകിയെത്തുന്ന ജലം, നദികളിലൂടെ ഒടുവിൽ ചെന്ന് ചേരുന്നത് സമുദ്രത്തിൽ തന്നെ.
ലോകത്തുള്ള മഞ്ഞുപാളികൾ എല്ലാം തന്നെ തപന ഭീഷണിയിലാണെങ്കിലും, നോർവേയിൽ മാത്രം ഗ്ലേസിയർ വികസിച്ചിരുന്നത് താൽകാലിക പ്രതിഭാസം മാത്രമായിരുന്നെന്ന് പ്രൊഫ. ഹുസ്സ് സമർത്ഥിക്കുന്നു. സമുദ്ര സാമിപ്യം മൂലമുള്ള അന്തരീക്ഷ ഈർപ്പമാണ് ഇവിടെ കുറച്ചുകാലത്തേക്കെങ്കിലും രക്ഷയായത്.
ലോകത്തെ കുടിവെള്ളത്തിന്റെ 70 ശതമാനം ഉറവിടവും പർവ്വതങ്ങളിലെ ഐസുകളിൽ നിന്നാണ്. ഉരുകുന്ന മഞ്ഞുപാളികൾ ആൽപ്‌സിന്റെ മാത്രം പ്രശ്‌നമല്ല. ലോകത്തുള്ള രണ്ട് ലക്ഷത്തോളം ഗ്ലേസിയറുകൾക്കും ഇത് ബാധകമാണ്. ജർമ്മനി, പോളണ്ട്, സ്വിറ്റ്സർലൻഡ് എന്നീ മൂന്നു രാജ്യങ്ങൾ ചേരുന്ന 7.30 ലക്ഷം സ്കോയർ(square) കിലോമീറ്ററാണ് ഇവയുടെ ഒട്ടാകെയുള്ള വിസ്‌തീർണം. ഇതിനുപുറമെയാണ് റഷ്യയുടെ വലിപ്പം വരുന്ന അന്റാർട്ടിക്ക, ഗ്രീൻലാൻഡുകളിലെ ഗ്ലേസിയറുകൾ.

അടിക്കുറിപ്പ്:
വരും വർഷങ്ങളിൽ ജനിക്കാൻപോകുന്ന കുഞ്ഞുങ്ങളെക്കാൾ ഒരുകാര്യത്തിലെങ്കിലും ഭാഗ്യവാന്മാരാണ് നമ്മൾ. അവർക്കു കാണാൻ ആൽപ്സിൽ അന്ന് മഞ്ഞുണ്ടാകുമോ എന്ന് ആർക്കറിയാം?


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.