Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൂപ്പർ മാർക്കറ്റ് സർവേ: മികച്ച സ്റ്റോറുകൾ വെയ്റ്റ് റോസിന്റേത്, ഓൺലൈൻ സേവനങ്ങളിൽ ഐസ് ലാൻഡ് മുന്നിൽ

 ടോമി വട്ടവനാൽ
Supermarket in Milan World Expo

ലണ്ടൻ∙ സ്റ്റോറിനുള്ളിൽ മികച്ച സേവനം ലഭ്യമാക്കുന്ന സൂപ്പർ മാർക്കറ്റ് വെയ്റ്റ് റോസെന്ന് ഉപഭോക്താക്കളുടെ അഭിപ്രായ സർവേഫലം. ഓൺലൈൻ സേവനങ്ങളിൽ ഒന്നാം സ്ഥാനം ഐസ് ലാൻഡിനാണ്. വമ്പൻ സൂപ്പർമാർക്കറ്റ് ശൃംഖലകളായ ടെസ്കോയും ആസ്ഡയുമെല്ലാം രണ്ടുരംഗത്തും മറ്റ് സൂപ്പർ മാർക്കറ്റുകളേക്കാൾ പിന്നിലാണ്.

രാജ്യത്തെ ഏഴായിരത്തിലേറെ സൂപ്പർമാർക്കറ്റ് ഉപയോക്താക്കളിൽ നടത്തിയ സർവേയനുസരിച്ചാണ് വെയ്റ്റ് റോസും ഐസ് ലാൻഡും ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ആറുമാസത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ സൂപ്പർമാർക്കറ്റുകളെ വിലയിരുത്താനായിരുന്നു സർവേയിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടത്.

ഉൽപന്നങ്ങളുടെ ഗുണമേന്മ, മുടക്കുന്ന പണത്തിനു ലഭിക്കുന്ന മൂല്യം, സ്റ്റോറിനുള്ളിലെ മറ്റു സേവനങ്ങൾ, സാധനങ്ങൾ കണ്ടെത്തുന്നതിനുള്ള എളുപ്പം, സ്റ്റോറിലെ ജീവനക്കാരുടെയും ഡെലിവറി ഡ്രൈവർമാരുടെയും പെരുമാറ്റം തുടങ്ങിയവയെല്ലാം കണക്കിലെടുത്തുള്ള ചോദ്യാവലിയായിരുന്നു സർവേയ്ക്കായി ഉപയോഗിച്ചത്.

വെയ്റ്റ് റോസിലെ ജീവനക്കാരുടെ പെരുമാറ്റവും സ്റ്റോറുകൾക്കുള്ളിലെ സ്ഥലസൌകര്യവും ഉപഭോക്താക്കളെ ആകർഷിക്കുന്ന മുഖ്യഘടകങ്ങളായി. 74 ശതമാനം പേരുടെ പിന്തുണയോടെയാണ് മികച്ച സ്റ്റോറുകളുടെ ഗണത്തിൽ വെയ്റ്റ് റോസ് സർവേയിൽ ഒന്നാമതെത്തിയത്.

സ്റ്റോറുകൾക്കുള്ളിലെ സേവനങ്ങളിൽ രണ്ടാംസ്ഥാനത്ത് മാർക്ക് ആൻഡ് സ്പെൻസറാണ്. 73 ശതമാനം പേരുടെ പിന്തുണ ഇവർക്കുണ്ട്. ആൽഡി, ലിഡിൽ എന്നീ സൂപ്പർ മാർക്കറ്റുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. മോറിസൺസ്, ഐസ് ലാൻഡ്, സെയിൻസ്ബറീസ്, ടെസ്കോ, ആസ്ഡ എന്നിങ്ങനെയാണ് ഉപഭോക്താക്കളുടെ റേറ്റിംങ്ങിലെ സൂപ്പർമാക്കറ്റുകളുടെ സ്ഥാനം.

ഓൺലെൻ സേവനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഐസ് ലാൻഡിന് 76 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. ഓക്കാഡോ, മോറിസൺസ്, ടെസ്കോ, ആസ്ഡ, സെയിൻസ്ബറീസ് എന്നിങ്ങനെയാണ് ഈ പട്ടികയിലെ സ്ഥാനക്രമം. ഇൻഡോർ സേവനങ്ങൾക്ക് ഒന്നാമതെത്തിയ വെയ്റ്റ് റോസ് ഓൺലൈൻ സേവനങ്ങളിൽ ഏറ്റവും പിന്നിലായിപ്പോയി.


 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.