Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജന്മനാടിന്റെ ഉന്നമനത്തിനായി പ്രവാസികൾ പ്രവർത്തിക്കണം: എം.എ.യൂസഫലി

ടോമി വട്ടവനാൽ
nri-2

ലണ്ടൻ∙ പ്രവാസികളായ മലയാളികൾ തുറന്ന വേദപുസ്തകംപോലെ വിശാലഹൃദയമുള്ളവരാകണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കൂട്ടായ്മകളിൽ വിശ്വസിക്കുന്ന മലയാളികൾ സ്വന്തം രാജ്യത്തിനും ജീവിക്കുന്ന രാജ്യത്തിനും ഉപകാരം ചെയ്യുന്നവരായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മലയാളി സമൂഹവുമായി സംവദിക്കാൻ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വിളിച്ച വിവിധ മത- സാമൂഹിക- സാംസ്കാരിക- സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനസഹായവും ചികിൽസാ സഹായവും നൽകി പാവപ്പെട്ടവർക്കും അശരണർക്കും തുണയാകുന്ന പ്രവർത്തനങ്ങളിലൂടെ ജന്മനാടിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രവാസികൾ സന്നദ്ധരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

nri-1

ജനിച്ച നാടിനോടും ജീവിക്കുന്ന നാടിനോടും കൂറുള്ളവരാകണം പ്രവാസികൾ. എല്ലാ രാജ്യത്തും കേരളത്തിൽനിന്നുള്ള പ്രവാസികൾ സമാധാനപ്രിയരായാണ് അറിയപ്പെടുന്നത്. വിദ്യാഭ്യാസവും സംസ്കാരവുമുള്ള നമ്മുടെ തലമുറ പുതിയ തലമുറയ്ക്ക് നമ്മുടെ നാടിനെക്കുറിച്ചുള്ള അറിവും സംസ്കാരവും പകർന്നു നൽകണം.

പി.പി.പി. മാതൃകയിൽ പൊതുജന പങ്കാളിത്തത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന നിക്ഷേപ പദ്ധതികളിൽ പങ്കാളികളായി ജന്മനാടിന്റെ വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം. പ്രവാസികൾക്ക് ജനിച്ച നാടിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനം ഇതാണെന്നും നെടുമ്പാശേരി വിമാനത്താവള പദ്ധതി ഉദാഹരിച്ച് അദ്ദേഹം വിശദീകരിച്ചു.

uk-malayali-meeting

അൾഡ് വിച്ചിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആസ്ഥാനത്ത് ഇന്നലെ രാത്രി നടന്ന യോഗത്തിൽ വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികൾ, സംഘടനാ പ്രതിനിധികൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, ഭക്തസംഘടനാ പ്രവർത്തകർ, സ്പോട്സ് ക്ലബ്ബ് ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ, കൌൺസിലർമാർ, വ്യവസായ പ്രമുഖർ, വ്യാപാര- വാണിജ്യമേഖലയുടെ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വിവിധ തൊഴിൽ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പ്രഫഷണലുകൾ എന്നിവരെല്ലാം പങ്കെടുത്തു. ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത യോഗം ബ്രിട്ടണിലെ മലയാളി സമൂഹത്തിന്റ യധാർഥ പരിച്ഛേദമായി മാറി.

ഹൈക്കമ്മിഷനിലെ കോ- ഓർഡിനേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഇന്ത്യൻ എംബസിയിലെ ഗാന്ധി ഹാളിൽ ഹൈക്കിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കാൻ മലയാളി സമൂഹത്തിന് അവസരമൊരുക്കിയത്.

uk-malayali-meeting1

വിവിധ പ്രവാസി സമൂഹങ്ങളുടെ ആവശ്യങ്ങളറിയാനും ആശങ്കകൾ പങ്കുവയ്ക്കാനും കൃത്യമായ ഇടവേളകളിൽ ഇനിയും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് ഹൈക്കമ്മിഷണർ വൈ.കെ. സിൻഹ ഉറപ്പുനൽകി. പൊതുജന സേവനങ്ങൾക്കായി കൂടുതലും പുറംജോലി കരാറിനെയാണ് ഹൈക്കമ്മിഷൻ ഇപ്പോൾ ആശ്രയിക്കുന്നത്. ഇവരുടെ സേവനങ്ങൾ ഏതുതരത്തിൽ മെച്ചപ്പെടുത്താമെന്ന് പ്രവാസി സമൂഹങ്ങൾ നിർദേശം നൽകണമെന്ന് ഹൈക്കമ്മിഷണർ ആവശ്യപ്പെട്ടു.

മലയാളി സമൂഹത്തിന്റെ കൂട്ടായ്മയിൽ പങ്കെടുക്കാനായി മാത്രം ദുബായിൽനിന്നും ഇന്നലെ ലണ്ടനിലെത്തിയ ലുലു ഗ്രൂപ്പ് ചെയർമാർ യൂസഫലിയെ ഹൈക്കമ്മിഷണർ അഭിനന്ദിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും വികസനത്തിന് പ്രവാസികളായ മലയാളികൾ നൽകുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും ഇത്തരത്തിൽ നാടിനെ സ്നേഹിക്കാനും സേവിക്കാനും പുതിയ തലമുറയെക്കൂടി പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

uk-malayali-meeting2

ഹൈക്കമ്മിഷനിലെ കോ-ഓർഡിനേഷൻ മിനിസ്റ്റർ എ.എസ്. രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രിസ്റ്റൊൾ ലബോറട്ടറീസ് ചെയർമാൻ ഡോ. രാമചന്ദ്രൻ, ബ്രിട്ടണിലെ വിവിധ ബറോകളില മലയാളി കൌൺസിലർമാരായ ടോം ആദിത്യ, ഫിലിപ് ഏബ്രഹാം, മഞ്ജു ഷാഹുൽ ഹമീദ്, ആർ. ബാലാജി, ആനന്ദ് ടി.വി. മാനേജിങ് ഡയറക്ടർ ശ്രീകുമാർ, അഡ്വ. പോൾ ജോൺ എന്നിവരും യൂണിയൻ ഓഫ് യു.കെ. മലയാളി അസോസിയേഷൻ, മലയാളി അസോസിയേഷൻ ഓഫ് യു.കെ. തുടങ്ങിയ സംഘടനാ പ്രതിനിധികളും പ്രസംഗിച്ചു.

മലയാളി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നൽകിയ ഉപഹാരം ഹൈക്കമ്മിഷണർക്കുവേണ്ടി കോ- ഓർഡിനേഷൻ മിനിസ്റ്റർ എ. എസ് രാജൻ ഹൈക്കമ്മിഷനിലെ മലയാളിയായ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ടി. ഹരിദാസിൽനിന്നും ഏറ്റുവാങ്ങി.

പൊതുയോഗത്തിനുശേഷം ഹൈക്കമ്മീഷൻ ആസ്ഥാനത്തെ നെഹ്റു ഹാളിൽ കേരളാ ഗ്രൂപ്പ് ഓഫ് റസ്റ്റൊറൻസ് ഒരുക്കിയ സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

എംബസിയിലെ മലയാളി ഉദ്യോഗസ്ഥനായ ആർ. രാംജിത്തിന്റെ നേതൃത്വത്തിൽ ഓണപ്പൂക്കളമൊരുക്കിയാണ് അതിഥികളെ യോഗത്തിലേക്ക് സ്വീകരിച്ചത്. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ടി. ഹരിദാസ്, അഡ്മിസ്ട്രേറ്റീവ് ഓഫിസർ രമേശ് നായർ, പ്രോട്ടോക്കോൾ ഓഫിസർ ആന്റണി വള്ളിക്കാടൻ തുടങ്ങിയ മലയാളി ഉദ്യോഗസ്ഥർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.