Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്കോട്ട്ലൻഡിനെ കൂടെനിർത്താൻ നിർദേശങ്ങളുമായി മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൌൺ

ടോമി വട്ടവനാൽ
649579303JL00005_The_Prime_

ലണ്ടൻ ∙ സ്വതന്ത്ര സ്കോട്ട്ലൻഡിനായി രണ്ടാമതും ഹിതപരിശോധന വേണമെന്ന ആവശ്യത്തിന്മേൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കൊളാസ് സ്റ്റർജനും തർക്കിച്ചു നിൽക്കെ പ്രശ്നപരിഹാരത്തിന് പുതിയ നിർദേശവുമായി മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൌൺ രംഗത്ത്. ബ്രക്സിറ്റിനുശേഷം സ്കോട്ട്ലൻഡിന് കൂടുതൽ അധികാരങ്ങൾ നൽകി പ്രശ്നം രമ്യമായി പരിഹരിക്കാവുന്നതേയുള്ളൂ എന്നാണ് സ്കോട്ട്ലൻഡിൽനിന്നുള്ള ലേബർ നേതാവുകൂടിയായ മുൻപ്രധാനമന്ത്രിയുടെ നിർദേശം. 2014ലെ ഹിതപരിശോധനാവേളയിൽ സ്കോട്ട്ലൻഡ് ബ്രിട്ടന്റെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രചാരണം നടത്തിയ നേതാവാണ് ബ്രൌൺ.

ബ്രക്സിറ്റ് നടപ്പിലാക്കിയാലുടൻ രാജ്യാന്തര കരാറുകളിൽ ഏർപ്പെടുന്നതിനുൾപ്പെടെയുള്ള ഭരണപരമായ കൂടുതൽ അധികാരങ്ങൾ സ്കോട്ടീഷ് സർക്കാരിന് നൽകണമെന്നാണ് ബ്രൌൺ നിർദേശിക്കുന്ന പരിഹാരങ്ങളിലൊന്ന്. മൂല്യവർധിത നികുതി (വാറ്റ്) ഉൾപ്പെടെയുള്ള നികുതി പരിഷ്കരണങ്ങൾക്കുള്ള അവകാശവും വെസ്റ്റ്മിനിസ്റ്ററിൽനിന്ന് ഹോളിറൂഡിന് കൈമാറണമെന്നും മുൻ പ്രധാനമന്ത്രി നിർദേശിക്കുന്നു.

രാജ്യത്തിന്റെ ഐക്യം നിലനിർത്താനും ഭാവിയിലെ വിഭാഗീയ പ്രവണതകൾ ഒഴിവാക്കാനും നിലവിലുള്ള ഫെഡറൽ ഭരണവ്യവസ്ഥയിൽ പ്രാദേശീക ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന സമഗ്രമായ പരിഷ്കരണങ്ങൾ ആവശ്യമാണെന്നും ഗോർഡൻ ബ്രൌൺ നിർദേശിച്ചു.

സ്വതന്ത്ര സ്കോട്ട്ലൻഡിനായി രണ്ടാം ഹിതപരിശോധന വേണമെന്ന സ്കോട്ടീഷ് നാഷണൽ പാർട്ടി (എസ്എൻപി) നേതാവ് നിക്കൊളാസ് സ്റ്റർജന്റെ ആവശ്യം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞദിവസം തള്ളിക്കളഞ്ഞിരുന്നു, ഇപ്പോൾ അതിനുള്ള സമയമല്ല എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാൽ ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നായിരുന്നു എസ്എൻപി നേതാവ് നിക്കൊളാസ് സ്റ്റർജന്റെ പ്രതികരണം.

ഇരുനേതാക്കളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്ന് പ്രസ്താവനാ യുദ്ധം മുറുക്കുന്നതിനിടെയാണ് സമാധാന നിർദേശങ്ങളുമായുള്ള മുൻ പ്രധാനമന്ത്രിയുടെ ഇടപെടൽ. ഇതിനോട് ഇനിയും എസ്എൻപി പ്രതികരിച്ചിട്ടില്ല. മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് മുന്നോട്ടുവച്ച നിർദേശം തെരേസ മേയ് സർക്കാർ അംഗീകരിക്കാനും സാധ്യത വിരളമാണ്.

ഇതിനിടെ ഇന്നലെ വൈകുന്നേരം നടന്ന എസ്എൻപി നേതാക്കളുടെ യോഗത്തിൽ നിക്കൊളാസ് സ്റ്റർജൻ തന്റെ നിലപാട് കൂടുതൽ ശക്തമാക്കി. ആരൊക്കെ എതിർത്താലും സ്കോട്ടീഷ് ജനതയുടെ ആഗ്രഹം നിർബന്ധമായും നടപ്പായിരിക്കുമെന്ന് അവർ യോഗത്തിൽ വ്യക്തമാക്കി. ബ്രിട്ടീഷ് സർക്കാരിൽനിന്നും ഹിതപരിശോധനയ്ക്കുള്ള അനുമതി തേടുന്ന പ്രമേയം ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്കോട്ടീഷ് പാർലമെന്റ് ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും അവർ അറിയിച്ചു.

2018 ആവസാനമോ 2019 ആദ്യമോ ഹിതപരിശോധന നടത്തണമെന്നാണ് സ്റ്റർജന്റെ നിർദേശം

2014 ഒക്ടോബർ 18നായിരുന്നു സ്കോട്ടീഷ് ജനത ഹിതപരിശോധന നടത്തി ബ്രിട്ടന്റെ ഭാഗമായിതന്നെ തുടരാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽനിന്നും വിട്ടുപോരാൻ തീരുമാനിച്ചതോടെ സ്വതന്ത്രരാഷ്ട്രമാകണമെന്ന ആവശ്യം വീണ്ടും പാർട്ടി ശക്തമാക്കി. സ്വതന്ത്ര രാഷ്ട്രമായി മാറി യൂറോപ്യൻ യൂണിയന്റെ ഭാഗമായി നിലനിൽക്കാനാണ് സ്കോട്ടീഷ് നാഷനൽ പാർട്ടിയുടെ താൽപര്യം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.