Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹിന്ദു സംഘടനകളുടെ ആവശ്യം തള്ളി: മൃഗക്കൊഴുപ്പുള്ള നോട്ടുകൾ ബ്രിട്ടൻ പിൻവലിക്കില്ല

ടോമി വട്ടവനാൽ
five pound note

ലണ്ടൻ ∙ അഞ്ചു പൗണ്ടിന്റെ പുതിയ പോളിമർ നോട്ടുകൾ പിൻവലിക്കണമെന്ന സസ്യാഹാരികളുടെയും ഹിന്ദു സംഘടനകളുടെയും ആവശ്യം ബാങ്ക് ഓഫ് ഇംഗ്ലണ്ട് തള്ളി. നോട്ടിനു പുറമെയുള്ള ആവരണത്തിൽ മൃഗക്കൊഴുപ്പിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നത്. എന്നാൽ വളരെ നേരിയ തോതിൽ മാത്രമേ നോട്ടുകളിൽ മൃഗക്കൊഴുപ്പിന്റെ അംശമുള്ളൂ എന്നും നോട്ടുകൾ പിൻവലിക്കുക ചെലവേറിയ കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം തള്ളിക്കളഞ്ഞത്. മാത്രമല്ല, സെപ്റ്റംബർ മുതൽ വിപണിയിൽ ലഭ്യമാക്കാൻ അച്ചടിച്ചുകൊണ്ടിരിക്കുന്ന പുതിയ പത്തുപൗണ്ടിന്റെ നോട്ടുകളിലും ഇതേ ആവരണമുണ്ടാകും.

അഞ്ചു പൗണ്ട് നോട്ടുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സസ്യാഹാരികളാണ് ആദ്യം രംഗത്തുവന്നത്. ഇവർക്കുപിന്നാലെ ചില ഹിന്ദു സന്ന്യാസിമാരും ഹിന്ദു, സിഖ്, ജൈന മതസംഘടനകളും പ്രതിഷേധവുമായെത്തി. ചില ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും നോട്ടുകളുടെ ഉപയോഗം നിരോധിക്കുകപോലും ചെയ്തിരുന്നു. പാർലമെന്റിന്റെ വെബ്സൈറ്റിൽ ഇതിനെതിരേ റജിസ്റ്റർചെയ്ത പരാതിയിൽ ഒരുലക്ഷത്തി മുപ്പതിനായിരംപേർ ഒപ്പിട്ടിരുന്നു. ഈ സാഹചര്യത്തിൽ ആവശ്യം പരിഗണിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ളണ്ടും സർക്കാരും ഉറപ്പുനൽകിയാണ് പ്രതിഷേധം തണുപ്പിച്ചത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയ്ക്കും പഠനങ്ങൾക്കുമൊടുവിലാണ് നോട്ട് പിൻവലിക്കേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുന്നത്.

പരാതി വളരെ ഗൗരവത്തോടെയാണ് പരിഗണിച്ചതെന്നും പരിശോധനയിൽ നേരിയതോതിൽ മാത്രമേ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്താനായുള്ളൂവെന്നും ബാങ്ക് വിശദീകരിച്ചു. നോട്ടച്ചടിയുടെ ആദ്യഘട്ടത്തിൽ പോളിമർ പെല്ലറ്റുകൾ നിർമിക്കാൻ മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്നും ബാങ്ക് വിശദീകരിക്കുന്നു. ഭാവിയിൽ അച്ചടിയ്ക്കുന്ന നോട്ടുകളിൽ ഇതിനു പകരമായി എന്തെങ്കിലും വസ്തു ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കാൻ പോളിമർ ദാതാക്കളോട് നിർദേശിച്ചുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.

46 മില്യൺ പൗണ്ട് ചെലവഴിച്ചാണ് പുതിയ അഞ്ചു പൗണ്ട് നോട്ടുകൾ സർക്കാർ അച്ചടിച്ച് പ്രചാരത്തിലാക്കിയത്. പുതുതായി പുറത്തിറക്കുന്ന പത്തു പൗണ്ട് നോട്ടിനായും 24 മില്യൺ പൗണ്ട് ചെലവാക്കിക്കഴിഞ്ഞു. ഇവ പിൻവലിച്ച് പുതിയ നോട്ടുകൾ അച്ചടിയ്ക്കുക ഭാരിച്ച ചെലവാണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. അച്ചടിച്ച നോട്ടുകൾ സുരക്ഷിതമായി നശിപ്പിക്കാനും അമ്പതിനായിരത്തോളം പൗണ്ട് ചെലവാകും. ഇവയെല്ലാം കണക്കിലെടുത്താണ് നോട്ടുകൾ പിൻവലിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്.

എന്നാൽ, തീരുമാനം സ്വീകാര്യമല്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 2016ലായിരുന്നു പഴയ അഞ്ചു പൗണ്ട് നോട്ടുകൾക്കുപകരം വിൻസ്റ്റൺ ചർച്ചിലിന്റെ മുഖചിത്രവുമായി പുതിയ അഞ്ചു പൗണ്ട് നോട്ടുകൾ വിനിമയത്തിനിറക്കിയത്. ക്രമേണ പഴയ നോട്ടുകൾ പിൻവലിയ്ക്കുകയും ചെയ്തുവരികയാണ്. ചുളിവു വീഴാത്തതും അഞ്ചുവർഷത്തോളം കോടുകൂടാതെ ഉപയോഗിക്കാൻ കഴിയുന്നവയുമാണ് പുതിയ പോളിമർ നോട്ടുകൾ. ഇതേ മാതൃകയിൽ സെപ്റ്റംബറിൽ പുതിയ പത്തു പൗണ്ട് നോട്ടുകളും പിന്നീട് ഇരുപത്, അമ്പത് നോട്ടുകളും മാറ്റിയിറക്കാനാണ് സർക്കാർ തീരുമാനം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.