Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുഞ്ഞു ക്ലോ കത്തെഴുതി, ഗൂഗിളിൽ ജോലി വേണം; പിച്ചൈയുടെ മറുപടി: സ്വപ്നം കൈവിടരുത്

claw-and-sunder-piche

ലണ്ടൻ ∙ ഏഴു വയസ്സുകാരി ക്ലോ. അവൾക്കു കംപ്യൂട്ടറുകളും റോബട്ടുകളുമൊക്കെ ഇഷ്ടമാണ്. കയ്യിലൊരു ടാബുണ്ട്, അച്ഛൻ വാങ്ങിക്കൊടുത്തത്. അതിൽ ഗെയിമൊക്കെ കളിക്കും. 

കക്ഷിക്ക് ഒരു കുഞ്ഞു സ്വപ്നമുണ്ട്, ഗൂഗിളിൽ ജോലിചെയ്യണം! അപ്പോൾ, കംപ്യൂട്ടറുകളും റോബട്ടുകളുമൊക്കെ ഉപയോഗിക്കാലോ. പിന്നെ, ഓഫിസിൽ ബീൻ ബാഗുണ്ടാകും, അതിലിരിക്കാം; സ്ലൈഡുകളുണ്ടാകും, അതിലൂടെ ഊർന്നിറങ്ങിക്കളിക്കാം! ഇത്രയൊക്കെ രസമുള്ള ജോലി കിട്ടുമെങ്കിൽ ഒന്നപേക്ഷിച്ചു നോക്കണ്ടേ?

ഇംഗ്ലണ്ടിലെ ഹിയർഫോഡിലുള്ള ക്ലോ ബ്രിജ്‌വാട്ടർ ചെയ്തതും അതുതന്നെ. ഗൂഗിളിന്റെ ഇന്ത്യൻ വംശജനായ സിഇഒ സുന്ദർ പിച്ചൈയ്ക്ക് ഒരു കത്തയച്ചു – ജോലി അപേക്ഷ. ‘ഡിയർ ഗൂഗിൾ ബോസ്’ എന്നാണു പിച്ചൈയെ കുഞ്ഞു ക്ലോ അഭിസംബോധന ചെയ്തത്. തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചേർത്തു കത്തിൽ. ‘സ്കൂളിലെ ടീച്ചർമാർ പറയുന്നത് ഞാൻ മിടുക്കിയാണെന്നാണ്. ഗൂഗിൾ കഴിഞ്ഞാൽ പിന്നെ ഒരു ചോക്ലേറ്റ് ഫാക്ടറിയിലും ജോലിചെയ്യണം. പിന്നെ, ഒളിംപിക്സിൽ നീന്തൽ മൽസരത്തിൽ പങ്കെടുക്കണം...!’ വളരെ വിശദമായ ബയോഡേറ്റ. (ഇതിനു മുൻപു ക്ലോ ഒരു കത്തയച്ചത് ക്രിസ്മസ് അപ്പൂപ്പനാണ്. ഇക്കാര്യവും പിച്ചൈയ്ക്കുള്ള കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്).

ക്ലോയെയും അവളുടെ അച്ഛൻ ആൻഡിയെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ കത്തിനു മറുപടി വന്നു. സാക്ഷാൽ സുന്ദർ പിച്ചൈയുടേത്!  എല്ലാ സ്വപ്നങ്ങളുടെയും പിന്നാലെ വിടാതെ കൂടിക്കോളാനും പഠനം കഴിയുമ്പോൾ ഗൂഗിളിൽ ജോലിക്കായുള്ള ക്ലോയുടെ അപേക്ഷ സ്വീകരിക്കാനായി കാത്തിരിക്കുമെന്നും മറുപടിയിൽ പിച്ചൈ പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.