Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ വിമെൻസ് ഫോറം ദ്വിദിന സെമിനാർ ഇന്നു മുതൽ ഡാർലിങ്ടനിൽ

Our-Lady-of-Lourdes

ഡാർലിങ്ടൻ ∙ സഭാ പ്രവർത്തനങ്ങളിൽ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടാനും തങ്ങളുടേതായ പ്രവർത്തനങ്ങളിലൂടെ ആത്മീയ വളർച്ചയും വിശ്വാസസാക്ഷ്യവും നൽകാനും ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ സ്ത്രീകൾക്കായി രൂപീകൃതമായ വിമെൻസ് ഫോറത്തിന്റെ രൂപതാതല ആദ്യ ദ്വിദിന സെമിനാർ ഇന്നും നാളെയുമായി ഡാർലിങ്ടൻ കാർമ്മൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ നടക്കും. ഇന്നു രാവിലെ 9 മണിക്ക് റജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികൾ നാളെ ഉച്ചയ്ക്ക് ദിവ്യബലിയോടെ സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ ക്ലാസുകൾ നയിക്കും. പ്രവാസി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ട് എങ്ങനെ വിശ്വാസ സാക്ഷ്യം നൽകാൻ ഇവിടുത്തെ വനിതകൾക്കു സാധിക്കുമെന്നു സമ്മേളനം ചർച്ച ചെയ്യും. ഗ്രൂപ്പ് ചർച്ചകൾക്കും അവസരമുണ്ടായിരിക്കും.

പിതാക്കന്മാർക്കു പുറമേ റവ. ഫാ. ജോർജ് പനയ്ക്കൽ വിസി, റവ. ഫാ. ജോർജ് കാരാമയിൽ എസ്ജെ, വിമെൻസ് ഫോറം ആനിമേറ്റർ റവ. സി. ഷാരോൺ സിഎംസി, റവ. സി. മഞ്ചുഷ എഫ്സിസി, രൂപതാ പ്രസിഡന്റ്  ജോളി മാത്യു, മറ്റു രൂപതാ ഭാരവാഹികൾ, കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും. രൂപതയിലെ എല്ലാ റീജിയണുകളിൽ നിന്നുമുള്ള പ്രതിനിധികളും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. വിമെൻസ് ഫോറത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥയായ പരി. ദൈവമാതാവിന്റെ ലൂർദ്ദിലെ പ്രത്യക്ഷീകരണ തിരുനാൾ ദിവസമായ ഫെബ്രുവരി 11(തിങ്കൾ) നോടനുബന്ധിച്ചു കൂടിയാണ് രണ്ടു ദിവസത്തെ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.