Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പലിശനിരക്ക് ഇനിയും കൂട്ടുമെന്ന് സൂചന നൽകി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ടോമി വട്ടവനാൽ
interest-rate

ലണ്ടൻ∙ രാജ്യത്ത് നിലവിലുള്ള സാമ്പത്തിക സ്ഥിതി തുടർന്നാലും താമസമില്ലാതെ പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന് വ്യക്തമായ സൂചന നൽകി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. തൽക്കാലത്തേക്ക് നിലവിലുള്ള 0.5 ശതമാനം പലിശനിരക്ക് തുടരാൻ കഴിഞ്ഞദിവസം ചേർന്ന ബാങ്കിന്റെ നയരൂപീകരണ സമിതി തീരുമാനിച്ചിരുന്നു. എന്നാൽ താമസമില്ലാതെ പലിശനിരക്ക് കൂട്ടേണ്ടിവരുമെന്നാണ് ബാങ്ക് അധികൃതർ വിലയിരുത്തിയത്.

കഴിഞ്ഞ നവംബറിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലുണ്ടായിരുന്ന 0.25 ശതമാനം പലിശ 0.5 ആയി വർധിപ്പിച്ചത്. ആറു മാസത്തിനുള്ളിൽ വീണ്ടും പലിശനിരക്ക് ഉയർത്തേണ്ടി വന്നേക്കുമെന്ന് അന്നു ഗവർണർ മാർക് കാർണി മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ആറുമാസത്തിനു മുമ്പുതന്നെ പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്നാണ് കഴിഞ്ഞദിവസത്തെ യോഗം വിലയിരുത്തിയത്. ഇത് അപ്രതീക്ഷിത തോതിലുള്ള വർധനയായേക്കുമെന്നും സൂചനയുണ്ട്.

മേയ് മാസത്തിനു മുൻപേ അടുത്ത നിരക്കുവർധന ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

പലിശനിരക്ക് ഉയർത്തുമെന്ന വ്യക്തമായ സൂചന പുറത്തുവന്നതോടെ ഡോളറുമായും യൂറോയുമായുമുള്ള പൗണ്ടിന്റെ വിനിമയനിരക്കിൽ ഒരു ശതമാനത്തോളം വർധനയുണ്ടായി.

പലിശനിരക്കിൽ ഉണ്ടാകുന്ന വർധന രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രത്യേകിച്ച്, വീടുവിപണിയെ പ്രതികൂലമായി ബാധിക്കും. നിലവിൽ രാജ്യത്ത് 80 ലക്ഷത്തിലേറെ ആളുകൾക്ക് ഭവനവായ്പയുണ്ട്. ഇതിൽ പകുതിയിലേറെ ആളുകളും സ്റ്റാന്റേർഡ് വേരിയബിൾ റേറ്റിലോ ട്രാക്കർ റേറ്റിലോ പലിശ നൽകുന്നവരാണ്. ഇവരുടെയെല്ലാം മാസംതോറുമുള്ള തിരിച്ചടവിൽ ഗണ്യമായ വർധനയുണ്ടാകാൻ പലിശനിരക്ക് വർധന കാരണമാകും. നവംബറിലെ കാൽശതമാനം വർധനതന്നെ ഇവർക്കെല്ലാം പ്രതിമാസം പത്തു മുതൽ 100 പൗണ്ടിന്റെ വരെ വർധനയുണ്ടാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.