Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ തീരുമാനത്തെ എതിർത്ത് ബ്രിട്ടൻ

ടോമി വട്ടവനാൽ
FILES-BRITAIN-EU-POLITICS-BREXIT

ലണ്ടൻ∙ ടെൽ അവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തെ തുറന്നെതിർത്ത് ബ്രിട്ടൻ. അമേരിക്കയുടെ പാത പിന്തുരടാൻ തങ്ങളില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മധ്യ കിഴക്കൻ ഏഷ്യയിലെ സംഘർഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ ഈ തീരുമാനം വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പലസ്തീനും തലസ്ഥാനമായി കരുതുന്ന ജറുസലേമിന്റെ അവകാശത്തെക്കുറിച്ചുള്ള തർക്കം ചർച്ചയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ടതാണെന്ന നിലപാടാണ് ബ്രിട്ടന്. ഈ വിശുദ്ധനാടിന്റെ അവകാശം ഇരുകൂട്ടരും പങ്കിട്ട് അനുഭവിക്കണമെങ്കിൽ അങ്ങനെയും ആകാമെന്നാണ്  ബ്രിട്ടന്റെ അഭിപ്രായം. എന്തായാലും ബ്രിട്ടന്റെ എംബസി ടെൽ അവീവീൽ നിന്നും ജറുസലേമിലേക്ക് മാറ്റാൻ ഉദ്ദേശമില്ലെന്നും ബോറിസ് ജോൺസൺ  വ്യക്തമാക്കി. 

ഇതിനിടെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനും ജർമനിയും ഫ്രാൻസും ജറുസലമിലെയും ഗാസയിലെയും തങ്ങളുടെ പൌരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. പുതിയ സാഹചര്യത്തിൽ ഇവിടെ അക്രമ സംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. 

പ്രത്യക്ഷത്തിൽ സ്നേഹപൂർണമെന്ന് തോന്നിയാലും വിനാശകരമായ നടപടിയാണ് ഇപ്പോൾ ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്ന് ബ്രിട്ടനിലെ പലസ്തീൻ പ്രതിനിധി പ്രതികരിച്ചു. ടർക്കി ഉൾപ്പെടെയുള്ള നിരവധി മുസ്‍ലിം രാഷ്ട്രങ്ങളും ട്രംപിന്റെ നടപടിയെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നത് അമേരിക്കൻ തിരഞ്ഞെടുപ്പു സമയത്ത് ട്രംപ് ഇസ്രയേൽ അനുകൂലികളായ വോട്ടർമാർക്ക് നൽകിയ വാഗ്ദാനമായിരുന്നു. ഇത് നിറവേറ്റിക്കൊണ്ടാണ് ഇന്നലെ അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതും 1948 മുതൽ ടെൽ അവീവിൽ പ്രവർത്തിക്കുന്ന അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.