Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിട്ടനിലെ റോയൽ മെയിൽ ജീവനക്കാരുടെ സമരം ഹൈക്കോടതി സ്റ്റേ ചെയ്തു

ടോമി വട്ടവനാൽ
58653028

ലണ്ടൻ∙ ബ്രിട്ടനിലെ പോസ്റ്റൽ സർവീസ് മേഖലയിലെ കുത്തക കമ്പനിയായ റോയൽ മെയിലിലെ ജീവനക്കാർ ആഹ്വാനം ചെയ്ത 48 മണിക്കൂർ സമരം  ഹൈക്കോടതി സ്റ്റേ ചെയ്തു. യൂണിയനും മാനേജ്മെന്റും തമ്മിലുള്ള കരാറിലെ വ്യവസ്ഥകളനുസരിച്ചുള്ള മധ്യസ്ഥ നടപടികൾ പൂർത്തിയാക്കാതെയാണ് യൂണിയൻ സമരത്തിന് പോകുന്നതെന്ന മാനേജ്മെന്റ് വാദം അംഗീകരിച്ചാണ് ലണ്ടനിലെ ഹൈക്കോടതി സമരം സ്റ്റേ ചെയ്തത്. അടുത്ത ദിവസം നടക്കാനിരിക്കുന്ന മധ്യസ്ഥ ചർച്ചകളുടെ ഫലമറിയാതെ സമരത്തിനു പോകാനുള്ള യൂണിയന്റെ തീരുമാനം കരാറിനു വിരുദ്ധമാണെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം. 

പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെതിരേയും ശമ്പള വർധന ആവശ്യപ്പെട്ടും ഈമാസം 19, 20 (വ്യാഴം, വെള്ളി) തിയതികളിൽ 48 മണിക്കൂർ സൂചനാ പണിമുടക്ക് നടത്താനാണ് തൊഴിലാളികൾ തീരുമാനിച്ചിരുന്നത്. കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് യൂണിയൻ (സി.ഡബ്ല്യ.യു.) അംഗങ്ങളായ 111,000 ജീവനക്കാർ സമരത്തിലേക്കു നീങ്ങുന്നതോടെ ബ്രിട്ടണിലെ പോസ്റ്റൽമേഖല അപ്പാടെ നിശ്ചലമാകുന്ന സ്ഥിതിയുണ്ടായിരുന്നു. ലേബർ പാർട്ടിയിൽ അഫിലിയേഷനുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ തൊഴിലളി സംഘടനയാണ് കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് യൂണിയൻ.

മാനേജ്മെന്റുമായി 18 മാസം നീണ്ട ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് സമരത്തിലേക്കു നീങ്ങാൻ തൊഴിലാളികൾ നിർബന്ധിതരായത്.  സമരം വേണമോ എന്നു തീരുമാനിക്കാൻ യൂണിയൻ അംഗങ്ങൾക്കിടയിൽ നടത്തിയ ബാലറ്റിൽ 89.1 ശതമാനം ജീവനക്കാരും അനുകൂലമായിരുന്നു. 73.7 ശതമാനം ജീവനക്കാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. സമരത്തിന് 50 ശതമാനം പേരുടെ പിന്തുണമാത്രം ആവശ്യമായിരിക്കെയാണ് 89.1 ശതമാനം പേരും അനുകൂലമായി വോട്ടുചെയ്തത്. ബാലറ്റ് ഫലം പുറത്തുവന്നയുടൻതന്നെ യൂണിയൻ സമരത്തിന് നോട്ടീസും നൽകി. ഇതിനെതിരേയാണ് കമ്പനി മാനേജ്മെന്റ് നിയമനടപടി സ്വീകരിച്ചത്. 

മൂന്നുവർഷം മുമ്പ് കമ്പനി സ്വകാര്യവൽകരിച്ചതിനുശേഷം പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനും ശമ്പളവർധന മരവിപ്പിക്കാനുമുള്ള ശ്രമങ്ങൾ കമ്പനി നടത്തിവരികയാണ്.‘സിക്ക് ലീവ്’ അടക്കമുള്ള ആനുകൂല്യങ്ങളും നിയന്ത്രിക്കാൻ കമ്പനി തയാറെടുത്തെങ്കിലും 18 മാസത്തെ ചർച്ചയ്ക്കിടെ ഇതിൽനിന്നും കമ്പനി പിന്മാറി. എന്നാൽ പെൻഷൻ കാര്യത്തിലും ശമ്പള വർധനയിലും മാനേജ്മെന്റ് കടുംപിടുത്തം തുടരുകയാണ്. കമ്പനി നിർദേശപ്രകാരമുള്ള പുതിയ പെൻഷൻ പദ്ധതിയിലേക്ക് മാറിയാൽ റിട്ടയർമെന്റ് ആനുകൂല്യത്തിൽ ഓരോ ജീവനക്കാരനും നിലവിലുള്ളതിനേക്കാൾ ഏകദേശം മൂന്നിലൊന്നോളം കുറവുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.