Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘യൂബർ’ ടാക്സിയോടു മൽസരിക്കാൻ ലണ്ടനിലും ‘ടാക്സിഫൈ’ സർവീസ്

ടോമി വട്ടവനാൽ
x-default x-default

ലണ്ടൻ ∙ നഗരയാത്രകൾ അനായാസമാക്കിയ ‘യൂബർ’ ടാക്സി സർവീസിന് സമാന്തരമായി സമാനമായ രീതിയിൽ കുറഞ്ഞ ചിലവിലുള്ള  ‘ടാക്സിഫൈ’ സർവീസ് ലണ്ടനിലും. യൂറോപ്പിലെ 19 രാജ്യങ്ങളിൽ നിലവിൽ വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്ന ടാക്സിഫൈ സർവീസ് ഇന്നലെ മുതലാണ് ലണ്ടനിൽ പ്രവർത്തനമാരംഭിച്ചത്. ചൈനീസ് പിന്തുണയോടെയുള്ള ഈ പുതിയ ഗതാഗത സംവിധാനത്തിന് യൂബറിനേക്കാൾ പത്തുശതമാനം ചെലവ് കുറവാണെന്നാണ് സംരംഭകരുടെ അവകാശവാദം.

യൂറോപ്പിനു പുറമേ മിഡിൽ ഈസ്റ്റിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ടാക്സിഫൈ സർവീസ് നടത്തുന്നുണ്ട്. യൂബറിനേക്കാൾ കുറഞ്ഞ ചിലവിൽ യാത്രാ സൗകര്യമൊരുക്കുന്ന ടാക്സിഫൈ, ഡ്രൈവർമാർക്കും കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്നുണ്ട്. ഇതോടെ യൂബർ ടാക്സിക്കാർ കൂട്ടത്തോടെ പുതിയ ആപ്പിലേക്ക് ചുവടുമാറ്റുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

എസ്തോണിയയിൽനിന്നുള്ള 23 വയസുള്ള മാർക്കസ് വില്ലിഗ് എന്ന യുവാവാണ് യൂബറിനു ബദലായി പുതിയ ആപ്പ് വികസിപ്പിച്ചെടുത്ത് വിജയകരമായി പരീക്ഷിച്ചത്. മൂന്നുവർഷം മുമ്പ് പത്തൊമ്പതാം വയസിലായിരുന്നു ഈ കണ്ടുപിടുത്തം. ഇതിന് ചൈനീസ് കമ്പനിയുടെ പിന്തുണയും മുതൽമുടക്കും കൂടിയായപ്പോൾ സംഗതി ക്ലിക്കായി. ലണ്ടനു പിന്നാലെ മറ്റ് വൻ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. യൂബറിനോട് മൽസരിക്കാൻ പല നഗരങ്ങളിലും ഈ രംഗത്ത് മറ്റ് കമ്പനികളേയില്ല. ഈ സാഹചര്യം മുതലെടുത്താണ് ടാക്സിഫൈയുടെ വളർച്ച. 

യൂബറിനേക്കാൾ പത്തുശതമാനം ചാർജ് കുറവാണ് ലണ്ടനിൽ ടാക്സിഫൈ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ പതിനായിരത്തോളം യൂബർ ഡ്രൈവർമാർ ടാക്സിഫൈ സർവീസ് നടത്താനായി വാഹനം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. യൂബർ 20 മുതൽ 30 ശതമാനം വരെ കമ്മിഷൻ ഡ്രൈവർമാരിൽനിന്നും ഈടാക്കുമ്പോൾ ടാക്സിഫൈ ചാർജ് ചെയ്യുന്നത് കേവലം 15 ശതമാനം മാത്രം. കമ്മിഷൻ കുറവായതുകൊണ്ടുതന്നെ യാത്രക്കാരിൽനിന്നും ഈടാക്കുന്ന തുകയും കുറയും. ടാക്സിഫൈയിൽ ഡ്രൈവർക്ക് യാത്രക്കൂലി നേരിട്ട് പണമായും നൽകാനാകും. 

പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചെങ്കിലും ടാക്സിഫൈക്ക് ലണ്ടൻ നഗരത്തിൽ പ്രവർത്തിക്കാൻ ലൈസൻസില്ലെന്നാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൺ (ടിഎഫ്എൽ)  അധികൃതരുടെ നിലപാട്. എന്നാൽ കമ്പനിക്ക് ബ്രിട്ടനിൽ പ്രവർത്തിക്കാൻ ലൈസൻസുണ്ടെന്നും ടിഎഫ്എല്ലുമായുള്ള ലൈസൻസ് പ്രശ്നം ഉടൻ പരിഹരിക്കുമെന്നും ടാക്സിഫൈ ഉടമ വില്ലിഗ് പറഞ്ഞു. 

പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ ലണ്ടനിലെ ബ്ലാക്ക് ക്യാബ് ടാക്സിയുടെ നിലനിൽപാണ് അവതാളത്തിലാകുന്നത്. ഇപ്പോൾതന്നെ യൂബർ ടാക്സിക്കാരെക്കൊണ്ട് ബിസിനസ് നഷ്ടമായ ബ്ലാക്ക് ക്യാബുകാർ ടാക്സിഫൈകൂടി എത്തുന്നതോടെ വെറും കാഴ്ചക്കാരായി മാറുമോ എന്ന ആശങ്കയിലാണ് ക്യാബ് ഡ്രൈവർമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.