Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പോരാട്ടചിത്രം വ്യക്തമായി; വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ 22 ടീമുകള്‍ ഏറ്റുമുട്ടും

boat-3

ലണ്ടൻ∙ ആഗോള പ്രവാസി മലയാളി സമൂഹത്തില്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന്റെ പോരാട്ടചിത്രം വ്യക്തമായി. യുകെയിലെ 110 മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവരുടെ സഹകരണത്തോടെ ജൂലൈ 29 ശനിയാഴ്ച്ച നടത്തുന്ന വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ ഏതെല്ലാം വള്ളങ്ങളാണ് ഏറ്റുമുട്ടുന്നതെന്നുള്ള തീരുമാനം നറുക്കെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. സ്വാഗതസംഘം ഭാരവാഹികളും വിവിധ ടീമുകളുടെ പ്രതിനിധികളും ജൂലൈ 15 ശനിയാഴ്ച്ച റഗ്ബിയിലെ ഡ്രേക്കോട്ട് സെയിലിങ് ക്ലബില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. 

യുക്മ ടൂറിസം പ്രമോഷന്‍ ക്ലബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ് അധ്യക്ഷത വഹിച്ച യോഗം യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗ്ഗീസ് ആമുഖപ്രഭാഷണം നടത്തി. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ മത്സരക്രമങ്ങളും പരിപാടികളുടെ നടത്തിപ്പും വിശദീകരിച്ചു. തുടര്‍ന്ന് വിവിധ ബോട്ട് ക്ലബ് പ്രതിനിധികള്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും അതിന്മേലുള്ള ചര്‍ച്ച നടത്തുകയും ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായ ജെയ്സണ്‍ ജോര്‍ജ്, പ്രിയ കിരണ്‍, സുരേഷ് കുമാര്‍, ജോഷി സിറിയക്, ഇഗ്നേഷ്യസ് പെട്ടയില്‍, പോള്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ബോട്ട് ക്ലബ് പ്രതിനിധികളുടെ കൂടി അഭിപ്രായമനുസരിച്ചാണ് മത്സരക്രമങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. 

നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയില്‍ 16 ടീമുകളെയെങ്കിലും പങ്കെടുപ്പിച്ചു കൊണ്ടുള്ള മത്സരമാണ് സംഘാടകസമിതി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും 22 ടീമുകള്‍ മത്സരത്തിനെത്തിയത് കൂടുതല്‍ ആവേശം പകരുകയായിരുന്നു. ആകെ 8 മത്സരങ്ങള്‍ നടക്കേണ്ടിയിരുന്ന സ്ഥാനത്ത് 14 മത്സരങ്ങളാവും ഇത്തവണ ഉണ്ടാവുന്നത്. കൂടാതെ എല്ലാ ടീമുകള്‍ക്കും ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഒരു റൗണ്ട് പരിശീലന തുഴച്ചിലിനും അവസരം ലഭിക്കുന്നതാണ്. നാല് ടീമുകള്‍ ഉള്‍പ്പെടുന്ന നാല് ഹീറ്റ്സുകളും മൂന്ന് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഹീറ്റ്സുകളും കൂടി ആദ്യ റൗണ്ടില്‍ ആറ് ഹീറ്റ്സുകളിലായിട്ടായിരിക്കും 22 ടീമുകള്‍ ഏറ്റുമുട്ടുന്നത്.

അവസാന 16 ടീമുകളെ തിരഞ്ഞെടുക്കുന്നതിനായുള്ള നോക്കൗട്ട് മത്സരമാണ് ആദ്യ റൗണ്ടില്‍ അരങ്ങേറുന്നത്. ആറ് ഹീറ്റ്സുകളിലും മത്സരിക്കുന്നതില്‍ നിന്നും ഓരോ ടീമുകള്‍ വീതം പുറത്താകും. നാല് ടീമുകള്‍ മത്സരിക്കുന്ന ഹീറ്റ്സുകളില്‍ നിന്നും മൂന്ന് ടീമുകളും മൂന്ന് ടീമുകള്‍ മത്സരിക്കുന്ന ഹീറ്റ്സുകളില്‍ നിന്ന് രണ്ട് ടീമുകളുമാണ് സെമി-ഫൈനല്‍ റൗണ്ടിലേയ്ക്ക് (അവസാന 16-ലേയ്ക്ക്) പ്രവേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഏതെങ്കിലും കാരണവശാല്‍ പിന്മാറിയാല്‍ മറ്റ് ടീമുകള്‍ക്ക് അടുത്ത റൗണ്ടിലേയ്ക്ക് വാക്കോവര്‍ ലഭിക്കുന്നതായിരിക്കും. എന്നാല്‍ മത്സരത്തിലൂടെ ഹീറ്റ്സ് മത്സരത്തിലെ വിവിധ സ്ഥാനങ്ങള്‍ നിശ്ചയിച്ച ശേഷമായിരിക്കും വാക്കോവര്‍ ലഭിക്കുന്നത്.    

ബോട്ട് റേസിന്റെ ചുമതലയുള്ള ജയകുമാര്‍ നായര്‍, ജേക്കബ് ജോയിപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ റൗണ്ട് ഹീറ്റ്സിലേയ്ക്കുള്ള നറുക്കെടുപ്പ് നടത്തിയത്. കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും ബോട്ട് ക്ലബുകള്‍ മത്സരിക്കുന്നത്. വിവിധ ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന വള്ളങ്ങളുടെ വിവരം താഴെ നല്‍കുന്നു. കൂടാതെ ഓരോ വള്ളം തുഴയുന്ന ബോട്ട് ക്ലബുകളും അവയുടെ ക്യാപ്റ്റന്മാരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.    

ഹീറ്റ്സ് 1: വെള്ളംകുളങ്ങര, തിരുവാര്‍പ്പ്, കുമരങ്കരി, നടുഭാഗം

വെള്ളംകുളങ്ങര (യുണൈറ്റഡ് ബോട്ട് ക്ലബ്, ആന്റോവര്‍, കോശിയ ജോസ്)

തിരുവാര്‍പ്പ് (ടൈഗേഴ്സ് ബോട്ട് ക്ലബ്, ഓക്സ്ഫോര്‍ഡ്, സിബി കുര്യാക്കോസ്)

കുമരങ്കരി (ഇപ്സ്വിച്ച് ബോട്ട് ക്ലബ്, ഇപ്സ്വിച്ച്, ഷിബി വിറ്റസ്)

നടുഭാഗം (ഷെഫീല്‍ഡ് ബോട്ട് ക്ലബ്, ഷെഫീല്‍ഡ്, രാജു ചാക്കോ)

ഹീറ്റ്സ് 2: നെടുമുടി, കാവാലം, ആലപ്പാട്ട്, പായിപ്പാട്

നെടുമുടി (കെറ്ററിങ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍ഷെയര്‍,  സോബിന്‍ ജോണ്‍)

കാവാലം (കാമിയോസ് ബോട്ട് ക്ലബ്, കാര്‍ഡിഫ്, സുധീര്‍ സുരേന്ദ്രന്‍ നായര്‍)

ആലപ്പാട്ട് (സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, റൈക്കോ സെല്‍വിന്‍)

പായിപ്പാട് (റാന്നി ബോട്ട് ക്ലബ്, കുര്യാക്കോസ് ഉണ്ണീട്ടന്‍)

ഹീറ്റ്സ് 3: കുമരകം, മമ്പുഴക്കരി, ആയാപറമ്പ്, പുളിങ്കുന്ന്

കുമരകം (ഇടുക്കി ബോട്ട് ക്ലബ്, പീറ്റര്‍ താണോലില്‍)

മമ്പുഴക്കരി (ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, ബാസില്‍ഡണ്‍, ജോസ് കാറ്റാടി)

ആയാപറമ്പ് (ഹേവാര്‍ഡ്സ് ബോട്ട്ക്ലബ്, ഹേവാര്‍ഡ്സ് ഹീത്ത്, സജി ജോണ്‍)

പുളിങ്കുന്ന് (മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്ക്കോ, മാത്യു ചാക്കോ)

ഹീറ്റ്സ് 4: രാമങ്കരി, കാരിച്ചാല്‍, കൈപ്പുഴ, മങ്കൊമ്പ്

രാമങ്കരി (കവ​ന്‍ട്രി ബോട്ട് ക്ലബ്, കവന്‍ട്രി, ജോമോന്‍ ജേക്കബ്)

കാരിച്ചാല്‍ (തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍, നോബി. കെ. ജോസ്)

കൈപ്പുഴ (ഡാര്‍ട്ട്ഫോര്‍ഡ് ബോട്ട് ക്ലബ്, ഡാര്‍ട്ട്ഫോര്‍ഡ്, ജിബി ജോസഫ്)

മങ്കൊമ്പ് (പ്രിയദര്‍ശിനി ബോട്ട് ക്ലബ്, ലണ്ടന്‍,  ഡോ. വിമല്‍ കൃഷ്ണന്‍)

ഹീറ്റ്സ് 5: കരുവാറ്റ, കൈനകരി, തായങ്കരി 

കരുവാറ്റ (ലയണ്‍സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍, ടോജോ ഫ്രാന്‍സിസ് പെട്ടയ്ക്കാട്ട്)

കൈനകരി (ജി.എം.എ & പിറവം, ഗ്ലോസ്റ്റര്‍, ജിസ്സോ എബ്രാഹം)

തായങ്കരി (ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍, തോമസ്സുകുട്ടി ഫ്രാന്‍സിസ്)

ഹീറ്റ്സ് 6: എടത്വാ, ചമ്പക്കുളം, ചെറുതന 

എടത്വാ (യുണൈറ്റഡ് ബോട്ട് ക്ലബ്, എടത്വാ, ജോര്‍ജ് കളപ്പുരയ്ക്കല്‍)

ചമ്പക്കുളം (യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ്, ജോസ് മാത്യു പരപ്പനാട്ട്)

ചെറുതന (റിഥം ബോട്ട് ക്ലബ്, ഹോര്‍ഷം, അനില്‍ വറുഗ്ഗീസ്)

ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്നും അവസാന 16 ലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ മാതൃകയിലാവും സെമി ഫൈനല്‍ , ഫൈനല്‍ റൗണ്ടുകളില്‍ ഏറ്റുമുട്ടുന്നത്. സെമി ഫൈനലില്‍ നാല് ടീമുകള്‍ ഉള്‍പ്പെടുന്ന നാല് ഹീറ്റ്സുകളിലായിട്ടാവും മത്സരം നടക്കുന്നത്. സെമി ഫൈനല്‍ ഹീറ്റ്സുകളില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമുകള്‍ തമ്മിലാവും ഗ്രാന്റ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. രണ്ടാം സ്ഥാനക്കാര്‍ ലൂസേഴ്സ് ഫൈനലിലും, മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന ടീമുകള്‍ യഥാക്രമം സെക്കന്റ്, തേര്‍ഡ് ലൂസേഴ്സ് ഫൈനലിലും മത്സരിക്കുന്നതാണ്. അവസാന മത്സരമായിട്ടാവും ഗ്രാന്റ് ഫൈനല്‍ നടത്തപ്െടുന്നത്. 

യോഗത്തിലും നറുക്കെടുപ്പിലും വിവിധ ടീമുകളെ പ്രതിനിധീകരിച്ച് പീറ്റര്‍ താണോലില്‍, നോബി. കെ. ജോസ്, കെ.സി രാജു, സിബി കുര്യാക്കോസ്, ബിനു ജേക്കബ്, ഉമ്മന്‍ കലമണ്ണില്‍, ടോജോ ഫ്രാന്‍സിസ്, ജോസ് വര്‍ഗ്ഗീസ്, ജേക്കബ് ജോര്‍ജ്, ജോര്‍ജ് തോമസ്, ജോമോന്‍ ജേക്കബ്, ടിജോ ജോസഫ്, മാര്‍ട്ടിന്‍ ബാബു എന്നിവര്‍ പങ്കെടുത്തു. 

 29 ന് റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടറില്‍ നടക്കുന്ന വള്ളംകളി മത്സരവും കാര്‍ണിവലും ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് എല്ലാ യുകെ മലയാളികളുടേയും സഹായ സഹകരണങ്ങള്‍ സ്വാഗതസംഘം ഭാരവാഹികള്‍ അഭ്യർഥിച്ചു. പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.