Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തീയാളിയ ടവറില്‍ വീട്ടമ്മ കുടുംബത്തെ രക്ഷപ്പെടുത്തിയത് ടാപ്പുകള്‍ തുറന്ന് മുറിയില്‍ വെള്ളം നിറച്ച്

grenfel-tower-fire

ലണ്ടന്‍∙ തീയാളിപ്പടര്‍ന്ന ഗ്രെന്‍ഫെല്‍ ടവറിന്റെ പതിനൊന്നാം നിലയില്‍ കുടങ്ങിയ വീട്ടമ്മ ഭര്‍ത്താവിനെയും ആറുവയസുള്ള കുഞ്ഞിനെയും രക്ഷപ്പെടുത്തിയത് ബാത്ത്‌റൂമിലെ ടാപ്പ് തുറന്നുവിട്ട്. കൃത്യനേരത്തു ദൈവം തോന്നിച്ച ബുദ്ധിയാണ് തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് നടാഷ എല്‍കോക്ക് എന്ന മുപ്പത്തിയൊമ്പതുകാരി പറയുന്നു. തീപിടിത്തമുണ്ടായെന്നും ഫ്ളാറ്റിനുള്ളില്‍ തന്നെ ഇരിക്കണമെന്നും നിര്‍ദേശം ലഭിച്ചതോടെ തീ മുറിക്കുള്ളിലേക്കു പടരാതിരിക്കാന്‍ എന്തു വേണമെന്ന് ആലോചിച്ചു.

ആ ഒരു നിമിഷത്തില്‍ തോന്നിയത് ബാത്ത് റൂമിലേക്ക് ഓടാനാണ്. ഉടന്‍ തന്നെ ടാപ്പുകളെല്ലാം തുറന്നുവിട്ട് എല്ലാ മുറിയിലേക്കും വെള്ളം ഒഴുക്കി. അതോടെ ഫ്ളാറ്റിന്റെ തറ തണുത്തു. ഏറ്റവും തണുപ്പുള്ള മുറിയിലാണ് നടാഷ ആറുവയസുള്ള കുഞ്ഞിനൊപ്പം ഇരുന്നത്. ശക്തമായ തീയില്‍ ജനല്‍ക്കണ്ണാടികള്‍ പൊട്ടിച്ചിതറി. വാതില്‍ അകത്തേക്കു വളഞ്ഞു. തൊണ്ണൂറു മിനിറ്റോളം വീടിനുള്ളില്‍ വെള്ളം നിറച്ച മുറിയിലാണ് ഇവര്‍ ഇരുന്നത്. പുറത്തുകടക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടും വാതിലിന്റെ കൈപ്പിടികള്‍ പഴുത്തിരുന്നതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അറിയാവുന്ന സ്ഥലത്തേക്കെല്ലാം ഫോണ്‍ ചെയ്‌തെന്നും നടാഷ പറഞ്ഞു.

ഒടുവില്‍ ഭാഗ്യത്തിന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി മൂന്നുപേരെയും രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റി. ശക്തമായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് അവശരായിരുന്നു തങ്ങളെന്ന് നടാഷ ഓര്‍ക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.