Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രെന്‍ഫെല്‍ ടവര്‍ നവീകരിച്ചത് അമേരിക്കയില്‍ നിരോധിച്ച വിലകുറഞ്ഞ പാനലുകള്‍ കൊണ്ട്

Grenfell Tower

ലണ്ടന്‍∙ പശ്ചിമലണ്ടനില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ ഗ്രെന്‍ഫെല്‍ ടവര്‍ ഉണക്കമരം പോലെ നിന്നു കത്തിയതിനു കാരണം കെട്ടിടത്തിനു മോടി പിടിപ്പിക്കാന്‍ ഉപയോഗിച്ച നിലവാരമില്ലാത്ത അലുമിനിയും/പ്ലാസ്റ്റിക് ആവരണമെന്ന് കടുത്ത ആരോപണം. അഗ്നിസുരക്ഷാ ഭീഷണി മൂലം അമേരിക്കയില്‍ നിരോധിക്കപ്പെട്ട വിലകുറഞ്ഞ അലുമിനിയം പൂശിയ റെയ്‌നോബോണ്ട് പാനലുകളാണ് ഉപയോഗിച്ചിരുന്നത്. 

ചതുരശ്രമീറ്ററിന് 22 പൗണ്ട് വിലയുള്ള പാനലുകള്‍ ഉപയോഗിച്ച സ്ഥാനത്ത് രണ്ടു പൗണ്ട് കൂടി അധികവിലയുള്ള തീപിടിക്കാത്ത പാനലുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നു തരം റെയ്‌നോബോണ്ട് പാനലുകളാണു വിപണിയിലുള്ളത്. ഒന്ന് തീപിടിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെട്ടതും മറ്റു രണ്ടെണ്ണം അഗ്നിയെ ചെറുക്കുന്നതും. ഇതില്‍ വിലകുറഞ്ഞ പാനലുകളാണ് കരാറുകാര്‍ ഗ്രെന്‍ഫെല്‍ നവീകരണത്തിനായി ഉപയോഗിച്ചതെന്നാണു നിഗമനം. രണ്ടു പൗണ്ട് അധികവിലയുള്ള പാനല്‍ ഉപയോഗിച്ചിരുന്നെങ്കില്‍ കരാറുകാരന് വെറും 5000 പൗണ്ടിന്റെ അധിക ചെലവേ വരുമായിരുന്നുള്ളു. 

അമേരിക്കയില്‍ നാല്‍പതടിയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കു ഫയര്‍ സേഫ്റ്റി പരിഗണിച്ച് ഇത്തരം പാനലുകള്‍ ഉപയോഗിക്കുന്നതു നിരോധിച്ചിരിക്കുകയാണ്. ചെറിയ കെട്ടിടങ്ങള്‍ക്കു മാത്രമാണ് ഇവ ഉപയോഗിക്കാറുള്ളത്. 

ബ്രിട്ടനില്‍ മുപ്പതിനായിരത്തോളം കെട്ടിടങ്ങളാണ് ഇത്തരം പാനലുകള്‍ ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 87 എണ്ണം ഗ്രെന്‍ഫെല്‍ മാതൃകയിലുള്ള ടവര്‍ ബ്ലോക്കുകളാണ്. ഇത്തരം കെട്ടിടങ്ങളില്‍നിന്ന് വിവാദ പാനലുകള്‍ പൊളിച്ചുനീക്കണമെന്ന് ശക്തമായ ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ പാനലുകള്‍ക്കെതിരേ തെളിവു ലഭിച്ചാല്‍ കരാറുകാരെ ജയിലില്‍ അടയ്ക്കണമെന്ന് ഫയര്‍ സേഫ്റ്റി വിദഗ്ധനായ സാം വെബ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.