Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എന്റെ മക്കളെ രക്ഷിക്കൂ, അലറിക്കരഞ്ഞ് അമ്മമാര്‍ കുഞ്ഞുങ്ങളെ ജനാലകളില്‍ കൂടി വലിച്ചെറിഞ്ഞു

700064983JC00023_27_Storey_

ലണ്ടന്‍∙ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കൂ എന്ന് അലറിക്കരഞ്ഞ അമ്മമാര്‍ കുഞ്ഞുങ്ങളെ ജനാലകളില്‍ കൂടി വലിച്ചെറിയുന്ന ഭയാനകമായ ദൃശ്യങ്ങളാണ് തീ നക്കിത്തുടച്ച പടിഞ്ഞാറന്‍ ലണ്ടനിലെ 27 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ അരങ്ങേറിയതെന്നു ദൃക്‌സാക്ഷികള്‍ ഞടുക്കത്തോടെ ഓര്‍ക്കുന്നു. പത്താം നിലയില്‍നിന്ന് കിടക്കയില്‍ പൊതിഞ്ഞ് ഒരു കുഞ്ഞിനെ അമ്മ താഴേയ്ക്കിടുന്നതു കണ്ടതായി സാമിറ ലംറാനി എന്ന സ്ത്രീ പറഞ്ഞു. താഴേയ്ക്കിട്ട കുഞ്ഞിനെ ഭാഗ്യവശാല്‍ ഒരാള്‍ക്ക് ഓടിച്ചെന്നു പിടിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ അറിയിച്ചു. ആറാം നിലയില്‍നിന്ന് അഞ്ചുവയസുള്ള മകനെ പുറത്തേക്ക് എറിഞ്ഞത് പിതാവാണ്. കുട്ടിക്ക് ഒടിവുകളുണ്ടെങ്കിലും മരിച്ചിട്ടില്ല.

ആറു കുട്ടികളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു സ്ത്രീ ടവറിനു താഴെ എത്തിയപ്പോഴാണ് രണ്ടു കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. മൃതദേഹങ്ങളില്‍ ചവിട്ടിയാണ് തന്റെ അമ്മ രക്ഷപ്പെട്ടതെന്നു മറ്റൊരാള്‍ പറഞ്ഞു. മിക്കവരും കറുത്ത പുക ശ്വസിച്ചു ശ്വാസം മുട്ടിയാണു മരിച്ചതെന്നാണു നിഗമനം.

ഏതു വിധേനയും കെട്ടിടത്തില്‍നിന്നു പുറത്തു കടക്കാനായിരുന്നു താമസക്കാരുടെ ശ്രമം. സിനിമയില്‍ കണ്ടതു പോലെ കിട്ടിയ സാധനങ്ങള്‍ കൊണ്ടു പാരച്യൂട്ടിനു സമാനമായ ഉപകരണങ്ങള്‍ ഉണ്ടാക്കി അതില്‍ താഴേക്കു ചാടിയവരും ഉണ്ട്. ഇവരില്‍ പലര്‍ക്കും പരുക്കു പറ്റിയെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷീറ്റുകള്‍ ജനല്‍കമ്പികളില്‍ കൂട്ടിക്കെട്ടി കയറുപോലെ ഉണ്ടാക്കി അതില്‍ തൂങ്ങി പലരും രക്ഷപ്പെട്ടു. എതാണ്ട് അറുനൂറോളം താമസക്കാരാണ് കെട്ടിടത്തിലുണ്ടായിരുന്നതെന്നാണു നിഗമനം. അമ്പതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അഗ്നിശമന സേന അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.