Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രെന്‍ഫെല്‍ ടവര്‍ അരക്കില്ലമാകുമെന്ന് നാലു വര്‍ഷം മുമ്പു തന്നെ മുന്നറിയിപ്പ്

grenfel-warning

ലണ്ടന്‍∙ പടിഞ്ഞാറന്‍ ലണ്ടനില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഗ്രെന്‍ഫെല്‍ ടവര്‍ അഗ്നിക്കുരുക്കാണെന്നും എത്രയും പെട്ടെന്നു പൊളിച്ചു പണിയണമെന്നും മൂന്നു വര്‍ഷം മുമ്പ് സന്നദ്ധസംഘടന മുന്നറിയിപ്പു നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍.

സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു വിശദമായ പഠനം നടത്തിയ ശേഷം നല്‍കിയ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ അവഗണിച്ചതാണ് നിരവധി ജീവനുകള്‍ പൊലിയാന്‍ കാരണമായത്. ഫയര്‍ സേഫ്റ്റി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഗ്രെന്‍ഫെല്‍ ടവര്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളെക്കുറിച്ചു നല്‍കിയ പരാതികള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഇരന്നു വാങ്ങിയ ദുരന്തമാണിതെന്നും ഗ്രെന്‍ഫെല്‍ ആക്ഷന്‍ ഗ്രൂപ്പ് പറഞ്ഞു. ടവര്‍ ബ്ലോക്കിന്റെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയ ഗ്രൂപ്പ് കെട്ടിടം പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

grenfel-warning1

ടവറിലേക്കു കടക്കാനും പുറത്തിറങ്ങാനും ഒരു വഴി ഗാത്രമാണുള്ളതെന്നും തീപിടിത്തമുണ്ടായാല്‍ ഇടുങ്ങിയ ഇടനാഴിയില്‍ കൂടി മാത്രമേ അഗ്നിശമന സേനയ്ക്ക് അകത്തുകടക്കാന്‍ കഴിയുകയുള്ളുവെന്നും 2014 ഓഗസ്റ്റില്‍ ഇവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫയര്‍ എസ്‌കേപ്പ് പ്രവേശന കവാടം സീല്‍ ചെയ്തതിനെക്കുറിച്ചും ഇവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കെന്‍സിങ്ടണ്‍ ചീഫ് ഫയര്‍ ഓഫീസര്‍ ഫ്‌ളാറ്റിലെ ജീവനക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതൊന്നും കണക്കിലെടുക്കാന്‍ തയാറാകാതിരുന്നത് ഇന്നത്തെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. 

കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ഗ്രെന്‍ഫെല്‍ ടവറിന്റെ നടത്തിപ്പ് ഒരു സ്വതന്ത്ര കമ്പനിക്കാണ്. 1974-ല്‍ പണി തീര്‍ന്ന ടവറിന്റെ നടത്തിപ്പ് 1996-ലാണ് കമ്പനിക്കു കൈമാറിയത്. കെട്ടിടത്തിനു മോടി പിടിപ്പിക്കാനായി ഭിത്തിയോടു ചേര്‍ന്നു പുതുതായി നിര്‍മിച്ച ഭാഗങ്ങള്‍ തീ പെട്ടെന്നു പടരാന്‍ കാരണമാക്കിയെന്നാണു റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.