Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലൗട്ടൺ ടൗൺ കൗൺസിലിൽ വീണ്ടും മലയാളി മേയർ; ഫിലിപ്പ് ഏബ്രഹാം സ്ഥാനമേറ്റു

ടോമി വട്ടവനാൽ
Philip Abraham

ലണ്ടൻ∙ ലണ്ടൻ നഗരത്തോടു ചേർന്നുള്ള ലൗട്ടൺ ടൗൺ കൗൺസിൽ മേയറായി മലയാളിയായ ഫിലിപ്പ് ഏബ്രഹാം ചുമതലയേറ്റു. ബ്രിട്ടനിലെ വിവിധ സിറ്റി കൗൺസിലുകളിൽ  മേയറാകുന്ന മൂന്നാമത്തെ മലയാളിയാണ് പത്തനംതിട്ട വയലത്തല കുഴിയംമണ്ണിൽ പള്ളിക്കൽ കുടുംബാംഗമായ ഫിലിപ്പ്. 2017-18 വർഷത്തേക്കാണ് നിയമനം. എസെക്സിലെ എപ്പിങ്ങിനു സമീപമുള്ള ചെറുപട്ടണമാണ് ലൗട്ടൺ ടൗൺ. 

നേരത്തെ ലണ്ടനിലെ ക്രോയിഡൺ സിറ്റി കൗൺസിൽ മേയറായി തിരുവനന്തപുരം സ്വദേശിനി മഞ്ചു ഷാഹുൽ ഹമീദും ന്യൂഹാം സിറ്റി കൗൺസിൽ മേയറായി മലയാള സാഹിത്യകാരികൂടിയായ ഓമന ഗംഗാധരനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

കഴിഞ്ഞ അഞ്ചുവർഷമായി ലൗട്ടൺ ടൗൺ കൗൺസിലിൽ അൾഡേർട്ടൺ വാർഡിനെ പ്രതിനിധീകരിക്കുന്ന ഫിലിപ്പ് ഒരുവർഷമായി ഡപ്യൂട്ടി മേയറായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. നിലവിൽ മേയറായ കാരോൾ ഡേവിസ് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഫിലിപ്പിന്റെ നിയമനം. പുതിയ ഡപ്യൂട്ടി മേയറായി സ്റ്റീഫൻ മുറെയെ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. മേയറായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും സമൂഹത്തിന് സേവനം ചെയ്യാൻ ലഭിച്ച ഈ അവസരം ഭാഗ്യമായി കരുതുന്നതായും സ്ഥാനമേറ്റശേഷം അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. 

ടൗണിലെ സ്കൂളുകളുടെയും ക്ലബുകളുടെയും മറ്റ് കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെയുമെല്ലാം നിയന്ത്രണാധികാരം മേയർക്കാണ്. ലൗട്ടൺ റസിഡന്റ്സ് അസോസിയേഷന്റെ സജീവ പ്രവർത്തകനായ ഫിലിപ്പ് യുകെ- കേരളാ ബിസിനസ് ഫോറത്തിന്റെ സ്ഥാപക അംഗവും ബ്രിട്ടിഷ് സൗത്ത് ഇന്ത്യാ കൗൺസിൽ ഓഫ് കോമേഴ്സിന്റെ സഹസ്ഥാപകനുമാണ്.

1972ൽ ലണ്ടനിൽ എൻജിനീയറിങ് ഉപരിപഠനത്തിനായി എത്തിയതാണ് ഫിലിപ്പ്. പഠനശേഷം ലണ്ടനിൽതന്നെ തുടർന്ന അദ്ദേഹം പിന്നീട് ലണ്ടനിലെ മലയാളികൾക്കിടയിലെ സജീവസാന്നിധ്യമായി മാറുകയായിരുന്നു. ‘കേരളാ ലിങ്ക്’ എന്നപേരിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിക്കുന്ന ദ്വൈവാരികയുടെ പത്രാധിപർ കൂടിയാണ് അദ്ദേഹം.  പരേതരായ പി.പി.ഏബ്രഹാം- കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ-മാൻഡി. യൂണിവേഴ്സിറ്റി വിദ്യാർഥികളായ നിക്കോൾ, സബീന എന്നിവർ മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.