Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലണ്ടൻ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതു പ്രവാസിക്കുട്ടികളെന്ന് മുൻ വിദ്യാഭ്യാസമന്ത്രി

ടോമി വട്ടവനാൽ

ലണ്ടൻ∙ ബ്രിട്ടനിൽ പ്രത്യേകിച്ച് ലണ്ടൻ നഗരത്തിൽ സ്കൂളുകളുടെ പഠനനിലവാരം ഉയരുന്നതിന് മുഖ്യകാരണം കുടിയേറ്റക്കാരായ കുട്ടികളുടെ സാന്നിധ്യമാണെന്ന് മുൻ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിൾ ഗോവ്. കുടിയേറ്റക്കാരും അഭയാർഥികളും വിദ്യാഭ്യാസരംഗത്തു വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചു വിലയിരുത്താൻ കഴിഞ്ഞദിവസം ദുബായിൽ ചേർന്ന ‘’ഗ്ലോബൽ എജ്യുക്കേഷൻ ആൻഡ് സ്കിൽസ്’’ രാജ്യാന്തര സെമിനാറിൽ സംസാരിക്കവേയാണ് ബ്രിട്ടനിൽ കുടിയേറ്റക്കാരുടെ മക്കൾ നടത്തുന്ന പഠനക്കുതിപ്പിനെക്കുറിച്ച് മുൻമന്ത്രി വാചാലനായത്.


കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെക്കുറിച്ച് പ്രതീക്ഷകൾ ഏറെയാണെന്ന് പഠനറിപ്പോർട്ടുകൾ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സഹായിക്കുമ്പോൾ മറ്റ് സേവന മേഖലകളുടെ സമ്മർദ്ദം വർധിപ്പിക്കാനും കുടിയേറ്റക്കാരുടെ സാന്നിധ്യം കാരണമാകുന്നുണ്ടെന്ന് ബ്രെക്സിറ്റിന്റെ മുഖ്യ പ്രചാരകരിൽ ഒരാൾകൂടിയായിരുന്ന മൈക്കിൾ ഗോവ് വിമർശനത്തിന്റെ ഭാഷയിൽ പറഞ്ഞു.


ബ്രിട്ടണിൽ ലണ്ടൻ നഗരത്തിലെ സ്കൂളുകൾ എല്ലാരംഗത്തും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇതിനു പ്രധാനകാരണം കുടിയേറ്റക്കാരായ കുട്ടികളാണ്. വൈവിധ്യങ്ങളായ സംഭാവനകളാണ് ഈ കുട്ടികൾ നൽകുന്നത്.  സോമാലിയയിൽനിന്നും കൊസോവോയിൽനിന്നുമുള്ള അഭയാർഥികളുടെ മക്കളിൽപോലും മാതാപിതാക്കൾക്ക് അസാധാരണമായ പ്രതീക്ഷകളാണ്. ഈ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കുട്ടികളെ സഹായിക്കാനായി സ്കൂൾ പ്രവർത്തനങ്ങളിലും സജീവമായ ഇടപെടലുകൾക്ക് മാതാപിതാക്കൾ തയാറാകുന്നു. ബ്രിട്ടണിൽ കുടിയേറ്റക്കാർ കുറഞ്ഞ പ്രദേശങ്ങളിൽ സ്കൂളുകളുടെ നിലവാരം താഴേയ്ക്കു പോകുന്നതായാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
വർധിച്ചുവരുന്ന കുടിയേറ്റം കുട്ടികളുടെ സുഗമമായ സ്കൂൾ പ്രവേശനത്തിന് തടസമാകുന്ന സാഹചര്യംപോലും പല സ്ഥലങ്ങളിലുമുണ്ട്. ഇത്തരത്തിൽ സമ്മിശ്രമായ സംഭാവനയാണ് കുടിയേറ്റക്കാർ ബ്രിട്ടനിൽ വിദ്യാഭ്യാസമേഖലയ്ക്കു നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.