Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജര്‍മനിയില്‍ 30 ലക്ഷം വിദഗ്ധ തൊഴിലാളികളുടെ കുറവ് വരുമെന്ന് പഠനം

ജോസ് കുമ്പിളുവേലില്‍
job12

ബര്‍ലിൻ ∙ 2030 ആകുന്നതോടെ ജര്‍മനിയില്‍ മുപ്പതു ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ഒഴിവുണ്ടാകുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. പത്തു വര്‍ഷം കൂടി കഴിഞ്ഞാല്‍ അത് 33 ലക്ഷമായി ഉയരുമെന്നും മുന്നറിയിപ്പ്. പ്രോഗ്നോസ് എജി എന്ന ഗവേഷണ സ്ഥാപനമാണ് പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സാങ്കേതിക രംഗത്തും വൈദ്യശാസ്ത്ര രംഗത്തുമാണ് വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ഏറ്റവും രൂക്ഷമാകാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍.

ജര്‍മന്‍ ജനതയ്ക്കു പ്രായമേറി വരുന്നതും ജനന നിരക്ക് കുറഞ്ഞതുമാണ് ഈ പ്രശ്നത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശ തൊഴിലാളികളുടെ കുടിയേറ്റം വര്‍ധിക്കുന്നതു പോലും ഇതിനു പരിഹാരമാകുന്നില്ല. ഇതിനു പരിഹാരം കാണാന്‍ സമയം വൈകിയിട്ടില്ലെന്നാണ് തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. രാഷ്ട്രീയ, സാമ്പത്തിക നേതൃത്വങ്ങള്‍ എത്രയും വേഗം ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

യുവാക്കള്‍ക്ക് തൊഴിലധിഷ്ടിത പരിശീലനം വ്യാപകമാക്കുക എന്നതാണ് ഇവര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗങ്ങളിലൊന്ന്. കുട്ടികള്‍ ജനിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ ജോലി രാജിവയ്ക്കുന്നത് ഒഴിവാക്കാന്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും ആവശ്യം. പ്രായമേറിയവരെ കൂടുതല്‍ കാലം ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും, പാര്‍ട്ട് ടൈം ജോലിക്കാരെ കൂടുതല്‍ ഫുള്‍ ടൈം ജോലിക്കാരാക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.

എന്നാല്‍ അടുത്ത കാലങ്ങളിലുണ്ടായ അഭയാർഥി കുടിയേറ്റ ബില്ലിലൂടെ വിവിധ മേഖലകളിലെയും വിദഗ്ധരുടെ കുറവു പരിഹരിയ്ക്കാന്‍ ആവുന്നില്ല എന്ന വസ്തുതയും നിലനില്‍ക്കുന്നു. അതുതന്നെയുമല്ല വിദ്യാർഥി വിസയില്‍ കുടിയേറുന്നവര്‍ക്ക് പഠനശേഷം ഇവിടെതന്നെ ജോലി നേടാവുന്ന അവസ്ഥയുള്ളപ്പോള്‍ അതും ശരിയ്ക്കും വിനിയോഗിയ്ക്കുന്നില്ല എന്ന കാര്യവും കൂടി കൂട്ടി വായിച്ചാല്‍ തൊഴില്‍ മേഖല പുഷ്ടിപ്പെടുത്താന്‍ ജര്‍മനി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നു തീര്‍ച്ച. 

നിലവിലുള്ള വിദ്യാർഥി കുടിയേറ്റത്തിനു കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തലത്തില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് മനസിലാവുന്നത്. സെപ്റ്റംബര്‍ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം പുതിയ വിദ്യാര്‍ത്ഥി കുടിയേറ്റ നയം ഉണ്ടാകുമെന്നും ഇത് സൂചിപ്പിയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.