Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിഗ്മാർ ഗബ്രിയേൽ ഖത്തർ വിദേശമന്ത്രിയുമായി ചർച്ച നടത്തി

ജോസ് കുമ്പിളുവേലിൽ
sigmar

ബർലിൻ∙ ഖത്തർ വിദേശകാര്യ മന്ത്രി ആദിൽ അൽ അഹമ്മദ് അൽ ജുബൈറുമായി ജർമൻ വിദേശകാര്യ മന്ത്രി സിഗ്മാർ ഗബ്രിയേൽ കൂടിക്കാഴ്ച നടത്തി. ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കണമെന്ന് ഗബ്രിയേൽ ആവശ്യപ്പെട്ടു.

സൗദി അറേബ്യയും യുഎഇയും ഈജിപ്റ്റും ബഹ്റൈനും ഖത്തറുമായുള്ള യാത്രാ - നയതന്ത്ര ബന്ധങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ, കര മാർഗത്തിലും കടൽ മാർഗത്തിലും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ എത്രയും വേഗം പിൻവലിക്കണമെന്ന് ഗബ്രിയേൽ ആവശ്യപ്പെട്ടു.

ഭീകരവാദത്തെ സഹായിക്കുന്നു എന്നാരോപിച്ചാണ് യുഎസിന്റെ ആഭിമുഖ്യത്തിൽ അറബ് രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത്. എന്നാൽ, ഈ ആരോപണം ഖത്തർ ആവർത്തിച്ചു നിഷേധിക്കുകയാണ്.

ഖത്തറും അയൽ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയതു മുതൽ നയതന്ത്ര പരിഹാരം വേണമെന്നു ജർമനി നിർദേശിക്കുന്നതാണ്.

ഇതിനിടെ ഖത്തർ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ ആവശ്യപ്പെട്ടു. ഇതിനായി ഗൾഫ് രാജ്യങ്ങൾ മാത്രമല്ല യൂറോപ്യൻ യൂണിയനും മുൻകൈ എടുക്കണമെന്ന് മെർക്കൽ  കൂട്ടിച്ചേർത്തു. ഖത്തർ പ്രശ്നം ഏറെ ആശങ്കജനകമാണ്. തുർക്കി നേരത്തെ ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗൾഫ് രാജ്യങ്ങളാണ് ഇത് കൂടുതൽ വഷളാക്കുന്നത്, മെർക്കൽ പറഞ്ഞു. ഈ വിഷയത്തിൽ ജർമനിക്ക് ഔദ്യോഗികമായി മധ്യസ്ഥ ശ്രമങ്ങൾ നടത്താനാവില്ലെന്നും മെർക്കൽ ബർലിനിൽ പ്രസ്താവിച്ചു.തുർക്കിയുമായി ജർമനി അത്ര സുഖകരമല്ലാത്ത അവസ്ഥയിലാണെങ്കിലും ഇക്കാര്യത്തിൽ തുർക്കിയുമായി യോജിക്കുമെന്നും മെർക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.