Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സർലൻഡിലെ ഹെപ്പറ്റൈറ്റിസ് സി ചികിത്സക്ക് ഇന്ത്യൻ മരുന്ന് നൽകാൻ സ്വിസ്സ് മെഡിക്കൽ ഇൻഷുറൻസ്

ടിജി മറ്റം
gse

സൂറിച്ച്∙ സ്വിറ്റ്സർലൻഡിലെ ഹെപ്പറ്റൈറ്റിസ് സി ചികിത്സക്ക് ഇന്ത്യയിൽ നിന്നും ഓൺലൈനിലൂടെ വരുത്തുന്ന മരുന്നിന്റെ ചെലവ് ഏറ്റെടുക്കാൻ തയാറാണെന്ന് പ്രമുഖ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയായ കോൺകോർഡിയ. കരളിനെ ബാധിക്കുന്ന ഹെപ്പാറ്റിറ്റിസ് സി ചികിത്സക്ക് 12 ആഴ്ച വേണ്ടി വരുന്ന മരുന്നിന് സ്വിറ്റസർലൻഡിൽ 50250 ഫ്രാങ്ക്(33.67 ലക്ഷം രൂപ) ചെലവ് വരുമ്പോൾ, ഇന്ത്യയിൽ ഇതേ മരുന്നിന് പരമാവധി കൊടുക്കേണ്ടി വരുന്നത് 75,000 രൂപയാണ്. അന്തരം 32.92 ലക്ഷം രൂപയോളം വരും.

സ്വിസ്സിൽ ഏകദേശം 80,000 ത്തോളം ഹെപ്പാറ്റിറ്റിസ് സി രോഗബാധിതരാണുള്ളത്. സ്വിസ്സ് ഫെഡറൽ മെഡിക്കൽ ഡിപ്പാർട്ടമെന്റ് നിർവചിച്ചിട്ടുള്ള പേഷ്യൻറ് ഗ്രുപ്പിൽ ഉൾപ്പെടുന്നവരുടെ മാത്രം മരുന്നിന്റെ വിലയാണു മെഡിക്കൽ കമ്പനികൾ ഇതേവരെ ഭാഗികമായി ഏറ്റെടുത്തിരുന്നത്. അല്ലാത്ത രോഗികൾ ഇപ്പോൾ തന്നെ ഹെപ്പറ്റൈറ്റിസ് സി മരുന്നിന്റെ വിലയിലെ ഭീമമായ അന്തരം മൂലം, മുഘ്യമായും ഓൺലൈനിൽ ഇന്ത്യയിൽ നിന്നും ആയിരുന്നു കയ്യിൽ നിന്നും കാശുമുടക്കി മരുന്ന് വരുത്തിയിരുന്നത്.

ഹെപ്പറ്റൈറ്റിസ് സി ചികിത്സക്ക് അമേരിക്കൻ മരുന്ന് കമ്പനിയായ ജിലീഡിന്റെ ഹാർവോണി ഗുളികയോ, അല്ലെങ്കിൽ ഇതിന്റെ ജെനറിക് വേർഷനായ സോവാൽഡിയോ ആണ് കൂടുതലായും ഡോക്‌ടർമാർ നിർദേശിക്കാറുള്ളത്‌. 12 ആഴ്ചത്തെ ചികിത്സക്ക് വേണ്ടത് 28 ഗുളികകളുടെ മൂന്ന് ബോട്ടിലുകളാണ് . ഇത്രയും മരുന്നിനു വിവിധ രാജ്യങ്ങൾക്കിടയിലുള്ള വിലയിലെ അന്തരം അമ്പരപ്പിക്കുന്നതാണ്. യു എസ്സ് 94500 ഡോളർ, കാനഡ 80000 ഡോളർ, യു കെ 39000 പൗണ്ട്, ജർമനി 48000 യൂറോ എന്നിങ്ങനെ ആകുമ്പോൾ, ഈജിപ്റ്റിൽ ഇതിനു വരുന്ന വില 1200 ഡോളർ മാത്രം. യു എസ്സും ഈജിപ്റ്റും തമ്മിലുള്ള വിലയിലെ അന്തരം 62.70 ലക്ഷം രൂപയോളം വരും. വേറൊരു വിധത്തിൽ പറഞ്ഞാൽ ഒരേ ഗുളികയ്ക്ക് ഡോളർ കണക്കിൽ വില ഇന്ത്യയിൽ 10, സ്വിറ്റസർലണ്ടിൽ 600, യു എസ്സിൽ 1000 എന്നിങ്ങനെയാണ്.

സ്വിസ്സ് മെഡിക്കൽ ഇൻഷുറൻസ് കമ്പനിയായ കോൺകോർഡിയ നിർദേശിക്കുന്നത് അനുസരിച്ചു, ഓസ്‌ട്രേലിയൻ സന്നദ്ധ സംഘടനയായ fix hepC buyers club വഴിയാണ് രോഗികൾ ഓൺലൈനിൽ മരുന്ന് വരുത്തേണ്ടത്. വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ഭീമമായ വില വ്യത്യാസത്തിൽ നിന്നും രോഗികളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ക്ളബ്ബ്, മരുന്നുകളുടെ നിലവാരം, വിവിധ രാജ്യങ്ങളിലെ ഡ്രഗ് കൺട്രോൾ അതോറിറ്റികളുടെ നിയമാവലികൾ എന്നിവ വിലയിരുത്തിയാണ് വിവിധ രാജ്യങ്ങളിലെ രോഗികൾക്ക് ഓൺലൈനിൽ മരുന്ന് എത്തിക്കുന്നത്. ഇന്ത്യയിൽ നിന്നുമാണ് fix hepC buyers club ഹെപ്പാറ്റിറ്റിസ് സി മരുന്ന് കൂടുതലായും വാങ്ങുന്നത്.

കോൺകോർഡിയയുടെ സപ്‌ളിമെന്ററി ഇൻഷുറൻസ് കൂടി എടുക്കുന്നവരുടെ ഹെപ്പാറ്റിറ്റിസ് സി മരുന്നിന്റെ വിലയിലെ 75 ശതമാനം വരെ വഹിക്കുമെന്നാണ് ഇൻഷുറൻസ് കമ്പനിയുടെ വാഗ്‌ദാനം. ഇവരുടെ പുറകെ സ്വിറ്റസർലണ്ടിലെ ഇതര മെഡിക്കൽ ഇൻഷുറൻസ് കമ്പനികൾ കൂടി ഇതേ പാത പിന്തുടരുമെന്നാണ് പ്രതീക്ഷ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.