Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വീസയുണ്ടായിട്ടും രക്ഷയില്ല, സ്വിസ്സ് മുൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ മടക്കി

ടിജി മറ്റം
swiss-dipl

സൂറിക്∙ സ്വിസ്സ് നയതന്ത്ര സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെ, നിയമാനുസൃത വീസയുണ്ടായിട്ടും ഇന്ത്യയിൽ നിന്നും മടക്കി അയച്ച സംഭവം വിവാദമാകുന്നു. ബേണിലെ ഇന്ത്യൻ എംബസ്സി ഡിസംബറിൽ നൽകിയ സന്ദർശന വീസയുമായി ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ കുർട് വോഗെലെ(75)ക്കാണ് ദുരനുഭവം. വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കപ്പെട്ട വോഗെലെയെ അടുത്ത വിമാനത്തിൽത്തന്നെ ജനീവയിലേക്ക് മടക്കി. പിടിച്ചെടുത്ത പാസ്പോർട്ട് മടക്കി കിട്ടിയതും ജനീവയിൽ വച്ച്. കരിമ്പട്ടികയിൽപ്പെട്ട ആളാണെന്നും ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതിയില്ലെന്നുമായിരുന്നു വിശദീകരണം.

സാമൂഹ്യ നീതിക്കും ദളിത് ഉദ്ധാരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഗുജറാത്തിലെ ജനവികാസ് എന്ന സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ അവരുടെ ക്ഷണമനുസരിച്ചാണ് വോഗെലെ പോയത്. സ്വിസ്സ് സർക്കാരിന്റെ കീഴിൽ വിദേശങ്ങളിലെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്വിസ്സ് ഡവലപ്മെന്റ് കോർപ്പറേഷന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ വോഗെലെയും സഹകരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ആദ്യം മലബാർ യൂണിയന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയിരുന്നെങ്കിലും, ഇമിഗ്രേഷൻ അധികൃതരുടെ ഭാഗത്തു നിന്നും തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെന്നും വോഗെലെ പറയുന്നു.

നബാർഡ്, ആനന്ദ്, മിൽമ, ഇർമ ഉൾപ്പെടെ നിരവധി സന്നദ്ധ സംഘടനകളുമായി 40 വർഷത്തിലേറെയായി സഹകരിച്ചു പ്രവർത്തിക്കുന്ന തന്നെ കുറ്റവാളിയെ പോലെയാണ് കൈകാര്യം ചെയ്‌തതെന്നും, ഇന്ത്യയിലിത് തനിക്ക് ആദ്യ അനുഭവമാണെന്നും സ്വിസ്സിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിന് എഴുതിയ പരാതിയിൽ വോഗെലെ ബോധിപ്പിക്കുന്നു. വോഗെലെക്കെതിരെ പരാതികളില്ലെങ്കിലും ഗുജറാത്തിലെ ദളിദ് വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായുള്ള സ്വിസ്സ് ഡവലപ്മെന്റ് കോർപ്പറേഷന്റെ സഹകരണം, വോഗെലെയ്ക്ക് വിനയായെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.